അഭിപ്രായസ്വാതന്ത്ര്യമെന്നാല്‍ എന്തും പറയാനുള്ള അവകാശമല്ല: ബോംബെ ഹൈക്കോടതി
മുംബൈ: ഭരണഘടനയില്‍ നല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യമെന്ന അവകാശം എന്തും പറയാനുള്ള അധികാരമല്ലെന്ന് ബോംബെ ഹൈക്കോടതി. മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഉദ്ധവ് താക്കറെ, മകനും മന്ത്രിയുമായ ആദിത്യ താക്കറെ എന്നിവരെ സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവേയായിരുന്നു കോടതിയുടെ ഈ പരാമര്‍ശം.
ഭരണഘടനയുടെ പത്തൊന്‍പതാം വകുപ്പില്‍ പറയുന്ന അഭിപ്രായ സ്വാതന്ത്ര്യം എന്തും പറയാനുള്ള അധികാരമല്ലെന്നു വ്യക്തമാക്കിയ ജസ്റ്റിസ് എസ്.എസ് ഷിണ്ഡെ, ജസ്റ്റിസ് എം.എസ് കര്‍ണിക് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച്, അഭിപ്രായസ്വാതന്ത്ര്യം പരിധിയില്ലാത്ത അവകാശമാണെന്ന ധാരണ തെറ്റാണെന്നും വ്യക്തമാക്കി.ട്വിറ്ററിലൂടെ ഉദ്ധവിനെയും ആദിത്യയേയും അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ പല്‍ഗാര്‍ പൊലിസായിരുന്നു സുനൈന ഹോളി എന്ന സ്ത്രീക്കെതിരേ കേസെടുത്തിരുന്നത്.
ഈ കേസില്‍ അറസ്റ്റ് ചെയ്യുന്നതില്‍നിന്നു താല്‍ക്കാലിക സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു ഇവര്‍ കോടതിയെ സമീപിച്ചിരുന്നത്. എന്നാല്‍, ഇവരെ രണ്ടാഴ്ചത്തേയ്ക്ക് അറസ്റ്റ് ചെയ്യില്ലെന്ന പൊലിസിന്റെയും സര്‍ക്കാരിന്റെയും ഉറപ്പ് കോടതി അംഗീകരിച്ചു. അന്വേഷണത്തില്‍ പൊലിസുമായി സഹകരിക്കുന്ന പക്ഷം രണ്ടാഴ്ചത്തേയ്ക്ക് ഇവരെ അറസ്റ്റ് ചെയ്യില്ലെന്നാണ് പൊലിസ് വ്യക്തമാക്കിയിരിക്കുന്നത്.
ഇതിനിടയില്‍ പൊലിസിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും രീതിയില്‍ പ്രശ്‌നമുണ്ടായാല്‍ കോടതിയെ സമീപിക്കാവുന്നതാണെന്ന് സുനൈന ഹോളിയോടും കോടതി വ്യക്തമാക്കി. ഇവര്‍ക്കെതിരേ മൂന്നു സ്‌റ്റേഷനുകളില്‍ സമാന കേസുകള്‍ നിലവിലുണ്ട്. ഇവരെ നേരത്തെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."