അരുണാചലില്‍നിന്ന് കാണാതായ അഞ്ചുപേരെ ചൈന വിട്ടയച്ചു
ഇറ്റാനഗര്‍: ദിവസങ്ങള്‍ക്കു മുന്‍പ് അരുണാചല്‍പ്രദേശില്‍നിന്നു ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയെന്നു വിവാദമുയര്‍ന്ന സംഭവത്തിലെ അഞ്ചുപേരെ ചൈന ഇന്ത്യയ്ക്കു കൈമാറി. കാട്ടില്‍ വേട്ടയ്ക്കു പോയ ശേഷം കാണാതായിരുന്ന അഞ്ചു യുവാക്കളെ പത്തു ദിവസത്തിനു ശേഷമാണ് ചൈന വിട്ടയച്ചത്.
ഇന്നലെയാണ് ഇവരെ അരുണാചലിലെ അതിര്‍ത്തിയിലെത്തിച്ച് ഇന്ത്യയ്ക്കു കൈമാറിയത്. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇവരോട് 14 ദിവസത്തെ ക്വാറന്റൈനില്‍ പോകാന്‍ അധികൃതര്‍ നിര്‍ദേശിച്ചിരിക്കുകയാണ്. ലഡാക്കിലെ അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെയായിരുന്നു അരുണാചലില്‍നിന്ന് അഞ്ചു യുവാക്കളെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നത്. പിന്നാലെ സംഭവത്തില്‍ പൊലിസ് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും തട്ടിക്കൊണ്ടുപോയെന്ന ആരോപണം ചൈനീസ് സൈന്യം നിഷേധിച്ചിരുന്നു. എന്നാല്‍, ഇവര്‍ ചൈനയുടെ അതിര്‍ത്തിയില്‍ പ്രവേശിച്ചതായും ഇവരെ കണ്ടെത്തിയതായും പിന്നീട് ചൈനീസ് സൈന്യം വ്യക്തമാക്കിയിരുന്നു.
ഏഴുപേരടങ്ങുന്ന സംഘമായിരുന്നു കാട്ടില്‍ വേട്ടയ്ക്കു പോയത്. ഇതില്‍ രണ്ടുപേര്‍ മാത്രമായിരുന്നു തിരിച്ചെത്തിയത്. അതിര്‍ത്തി കടന്നതോടെ ഇവരെ ചൈനീസ് സൈന്യം പിടികൂടുകയായിരുന്നെന്നാണ് വിവരം. എന്നാല്‍, ഈ പ്രദേശത്ത് കൃത്യമായി അതിര്‍ത്തി അറിയാന്‍ കഴിഞ്ഞിരുന്നില്ലെന്നാണ് യുവാക്കള്‍ വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."