സഭയിലെ ചോദ്യങ്ങള്‍ക്ക് യഥാസമയം മറുപടി നല്‍കണം: ചീഫ് സെക്രട്ടറി
തിരുവനന്തപുരം: നിയമസഭയിലെ ചോദ്യങ്ങള്‍ക്കുള്ള മറുപടി യഥാസമയം നല്‍കാന്‍ അഡിഷനല്‍ സെക്രട്ടറിമാര്‍ക്ക് ചീഫ് സെക്രട്ടറിയുടെ കര്‍ശന നിര്‍ദേശം. ഇതു സംബന്ധിച്ച സര്‍ക്കുലറും ചീഫ് സെക്രട്ടറി പുറത്തിറക്കി. കഴിഞ്ഞ രണ്ട് സമ്മേളനങ്ങളില്‍ 150 ഓളം ചോദ്യങ്ങള്‍ക്ക് മറുപടി ലഭിച്ചില്ലെന്ന പ്രതിപക്ഷ നേതാവിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി.
നിയമസഭയുടെ 13-ാം സമ്മേളനത്തില്‍ 67 ഉം 14-ാം സമ്മേളനത്തില്‍ 88 ഉം ചോദ്യങ്ങള്‍ക്ക് മറുപടി ലഭിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് കത്ത് നല്‍കിയിരുന്നു. ഇതില്‍ തന്നെ നക്ഷത്ര ചിഹ്നമിടാത്ത 127 ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിട്ടില്ലെന്ന് നിയമസഭാ സെക്രട്ടറിയും അറിയിച്ചിട്ടുണ്ട്. ഈ ചോദ്യങ്ങളില്‍ ഭൂരിഭാഗവും മുഖ്യമന്ത്രിയോടുള്ളതായിരുന്നു എന്നതാണ് എടുത്തുപറയേണ്ടത്. ചോദ്യങ്ങളില്‍ പലതും സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട വിവാദ വിഷയങ്ങളായിരുന്നതിനാല്‍ സംശയത്തിന് ഇടയാക്കുകയും ചെയ്തു.
മറുപടി നല്‍കാത്ത സംഭവം ഗൗരവമായെടുക്കുമെന്നും ഇനിയും മറുപടി നല്‍കിയിട്ടില്ലാത്ത നിയമം, ധനകാര്യ വകുപ്പുകള്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ അടിയന്തരമായി മറുപടി ലഭ്യമാക്കണമെന്നും ചീഫ് സെക്രട്ടറി സര്‍ക്കുലറിലൂടെ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിയമസഭയില്‍ വരുന്ന ചോദ്യങ്ങള്‍ക്ക് 2017 മെയ് 19ന് സ്പീക്കര്‍ റൂളിങ് പുറപ്പെടുവിച്ചതാണ്. സാമാജികര്‍ എഴുതി സമര്‍പ്പിച്ച ചോദ്യങ്ങള്‍ക്ക് യഥാസമയം മറുപടി നല്‍കാതിരിക്കുന്നതിനു ന്യായീകരണമില്ലെന്ന് അന്ന് സ്പീക്കര്‍ പറഞ്ഞെങ്കിലും കാര്യങ്ങള്‍ വീണ്ടും പഴയപടി മുന്നോട്ട് പോകുകയായിരുന്നു. ചീഫ് സെക്രട്ടറി ഇറക്കിയ സര്‍ക്കുലറില്‍ സ്പീക്കറുടെ റൂളിങ് ശ്രദ്ധയില്‍പ്പെടുത്തിയിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."