കടലാടിപ്പാറ ഖനനം; കലക്ടറെ തടഞ്ഞ സംഭവത്തില്‍ 51 പേര്‍ക്ക് പിഴ ശിക്ഷ
നീലേശ്വരം: കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ കടലാടിപ്പാറ ഖനനം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിര്‍ദേശ പ്രകാരം ജനകീയ തെളിവെടുപ്പിനെത്തിയ കലക്ടറെയും ഉദ്യോഗസ്ഥരെയും തടഞ്ഞ സംഭവത്തില്‍ ഡി.സി.സി പ്രസിഡന്റ് ഉള്‍പ്പെടെയുള്ള 51 രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്ക് പിഴ ശിക്ഷ വിധിച്ചു. 750 രൂപ വീതമാണ് ഹൊസ്ദുര്‍ഗ് കോടതി ഇവര്‍ക്ക് ശിക്ഷ വിധിച്ചത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് അഞ്ചിനു നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓഫിസിനു സമീപത്തെ കമ്മ്യൂണിറ്റി സെന്ററിലാണ് ജനകീയ തെളിവെടുപ്പു നടത്താന്‍ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ അന്നത്തെ കലക്ടര്‍ കെ. ജീവന്‍ബാബുവിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘത്തെയാണ് രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ നേതൃത്വത്തില്‍ തെളിവെടുപ്പ് കേന്ദ്രത്തിലേക്കു കടത്തിവിടാതെ ജനം വഴിയില്‍ തടഞ്ഞു വച്ചത്. കോടതി ഉത്തരവ് നടപ്പാക്കാന്‍ അനുവദിക്കണമെന്ന് കലക്ടര്‍ പ്രക്ഷോഭകരോട് ആവശ്യപ്പെട്ടുവെങ്കിലും ജനങ്ങള്‍ വഴങ്ങിയില്ല. ഒടുവില്‍ ജനകീയ പ്രതിരോധത്തിനുമുന്നില്‍ തെളിവെടുപ്പില്‍നിന്നു പിന്മാറുന്നതായി കലക്ടര്‍ പ്രഖ്യാപിച്ചു തിരിച്ചുപോവുകയായിരുന്നു.
കലക്ടറും സംഘവും എത്തുന്നതറിഞ്ഞ് പുലര്‍ച്ചെ ആറു മുതല്‍ തന്നെ ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നില്‍, വൈസ് പ്രസിഡന്റ് പി.കെ ഫൈസല്‍, സി.പി.എം ഏരിയാ സെക്രട്ടറി ടി.കെ രവി, ഡി.സി.സി സെക്രട്ടറി അഡ്വ. കെ.കെ നാരായണന്‍, കിനാനൂര്‍-കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് എ. വിധുബാല, സി.പി.എം നേതാക്കളായ പാറക്കോല്‍ രാജന്‍, പി. പത്മനാഭന്‍ മാസ്റ്റര്‍, സി.പി.ഐ നേതാക്കളായ കെ.എസ് കുര്യാക്കോസ്, എം. കുമാരന്‍, പി.എ നായര്‍, പി. വിജയകുമാര്‍, പി. ഭാര്‍ഗവി, എ.വി ദാമോദരന്‍, ബി.ജെ.പി നേതാക്കളായ അഡ്വ. കെ. രാജഗോപാല്‍, എസ്.കെ ചന്ദ്രന്‍, ഇ.സി പത്മനാഭന്‍, സമരസമിതി നേതാക്കളായ ബാബു ചേമ്പേന, ഒ.എം ബാലകൃഷ്ണന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരക്കണക്കിനു സമരക്കാര്‍ തെളിവെടുപ്പു കേന്ദ്രം വളഞ്ഞിരുന്നു.
ഖനനം നടത്താന്‍ കരാറെടുത്ത മുംബൈ ആസ്ഥാനമായ ആശാപുര കമ്പനി ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയുടെ അടിസ്ഥാനത്തിലാണ് പരിസ്ഥിതിയാഘാത പഠനത്തിന്റെ ഭാഗമായി പൊതുതെളിവെടുപ്പിനു ഹൈക്കോടതി ഉത്തരവിട്ടത്.
രാഷ്ട്രീയത്തിനതീതമായി കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങളും പ്രതിഷേധവുമായി തെളിവെടുപ്പ് കേന്ദ്രത്തിലെത്തിയിരുന്നു. ഏറ്റവും കൂടുതല്‍ സ്ത്രീ പങ്കാളിത്തമായിരുന്നു ഉണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."