മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി; യുവാവിനെ അഗ്നിശമനസേന സാഹസികമായി താഴെയിറക്കി
പെര്‍ള: മരത്തില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയ യുവാവിനെ അഗ്നിശമനസേന സാഹസികമായി താഴെയിറക്കി. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെ പെര്‍ള കൂരടുക്കയിലാണ് സംഭവം. 18കാരനാണ് 35 അടി ഉയരമുള്ള മാവില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്.
വീട്ടുകാരും നാട്ടുകാരും യുവാവിനെ അനുനയിപ്പിച്ചു താഴെ ഇറക്കാന്‍ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ കെ. അരുണിന്റെ നേതൃത്വത്തില്‍ എത്തിയ ഫയര്‍ഫോഴ്‌സ് സംഘം താഴെ ഇറങ്ങാന്‍ അഭ്യര്‍ഥിച്ചു. വഴങ്ങാത്തതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സംഘം മരത്തില്‍ കയറാന്‍ തുടങ്ങി.
ഇതോടെ യുവാവ് പരാക്രമം കാട്ടുകയും താഴേക്കു ചാടുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് മരത്തിനു താഴെ വലിയ വല വിരിച്ച ശേഷം ലീഡിങ് ഓഫിസര്‍മാരായ മനോഹരന്‍, സജിത്ത്, അനീഷ് എന്നിവര്‍ മരത്തില്‍ കയറി പുലര്‍ച്ചെ രണ്ടരയോടെ യുവാവിനെ സാഹസികമായി പിടികൂടിയ ശേഷം താഴെ ഇറക്കി.
ഇതോടെയാണ് സ്ഥലത്തെത്തിയവര്‍ക്ക് ശ്വാസം വീണത്. ഫയര്‍ഫോഴ്‌സ് സംഘത്തില്‍ അനൂപ്, ബിന്‍സിരാജ്, ശ്രീജിത്ത്, ഹോംഗാര്‍ഡുമാരായ സദാനന്ദന്‍, നാരായണന്‍, രാമചന്ദ്രന്‍, എന്നിവരുമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."