കെ.എസ്.ആര്.ടി.സിയിലെ അപ്രഖ്യാപിത പിരിച്ചുവിടല്‍: യൂനിയനുകള്‍ തച്ചങ്കരിയെ കാണും
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയിലെ ആയിരത്തോളം എംപാനല്‍ ജീവനക്കാരെ അപ്രഖ്യാപിതമായി കൂട്ടത്തോടെ പിരിച്ചുവിട്ട മാനേജ്മെന്റിന്റെ നടപടിക്കെതിരേ യൂനിയനുകള്‍ ഇന്ന് മാനേജിങ് ഡയറക്ടര്‍ ടോമിന് തച്ചങ്കരിയെ കാണും. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കണമെന്ന യൂനിയനുകളുടെ ആവശ്യം മാനേജ്മെന്റ് തള്ളിക്കളയുന്നപക്ഷം ശക്തമായ സമരപരിപാടിയിലേക്ക് പോകാനാണ് തീരുമാനം.
ആയിരത്തോളം എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ട മാനേജ്മെന്റിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഡിപ്പോകള്‍ കേന്ദ്രീകരിച്ച് യൂനിയനുകള്‍ സംയുക്തമായി ഇന്നലെ പ്രതിഷേധ പ്രകടനം നടത്തി. യൂനിയനുകള്‍ ഇന്ന് യോഗംചേര്‍ന്ന് പണിമുടക്ക് ഉള്‍പ്പെടെയുള്ള സമരപരിപാടികളെക്കുറിച്ച് ആലോചിക്കും. കോച്ച് ബില്‍ഡര്‍, ബ്ലാക്സ്മിത്ത്, അപ്പോഴ്സര് തസ്തികകളില്‍ ജോലി ചെയ്തിരുന്ന ആയിരത്തോളം എംപാനല്‍ ജീവനക്കാരോടാണ് ഇന്നലെമുതല്‍ ജോലിക്ക് ഹാജരാകേണ്ടതില്ലെന്ന് മാനേജ്മെന്റ് നിര്‍ദേശിച്ചത്. ഇതിനായി വാക്കാലുള്ള നിര്‍ദേശമാണ് നല്‍കിയത്. അതുകൊണ്ടുതന്നെ തൊഴില്‍ ലഭിച്ചേക്കുമെന്ന ധാരണയില്‍ ചില തൊഴിലാളികള്‍ അവരുടെ യൂനിറ്റുകളില്‍ ഹാജരായെങ്കിലും ജോലിക്കു കയറാന്‍ ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല.
കോച്ച് ബില്‍ഡര്‍, ബ്ലാക്സ്മിത്ത്, അപ്പോഴ്സര് തസ്തികകളില്‍ ജോലി ചെയ്തിരുന്നവരില് കണ്ടക്ടര്‍ ലൈസന്‍സുള്ളവരോട് കണ്ടക്ടര്മാരായും ഹെവി ലൈസന്‍സുള്ളവരോട് ഡ്രൈവര്‍മാരായും അപേക്ഷിക്കാന്‍ അവസരം നല്‍കിയിരുന്നെങ്കിലും പലര്‍ക്കും ഇതൊന്നുമില്ലാത്തതിനാല്‍ അപേക്ഷിക്കാനായില്ല. ഇതോടെ ഒന്‍പതു വര്‍ഷത്തോളം ജോലി ചെയ്തിരുന്ന ആയിരത്തോളം പേര്‍ക്കാണ് ജോലി നഷ്ടമായത്. മാനേജ്മെന്റിന്റെ നടപടിക്കെതിരേ ശക്തമായ പ്രതിഷേധമാണ് തൊഴിലാളികള്‍ക്കിടയിലുള്ളത്. ഇത് തച്ചങ്കരിക്കെതിരായ ആയുധമാക്കാനും യൂനിയനുകള്‍ ശ്രമിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."