HOME
DETAILS

ഉത്തുംഗതയിലേക്കുള്ള ഉഡ്ഡയനം

  
backup
May 04 2019 | 19:05 PM

samaye-bismill-uthungathyilekkulla-spm

സൂഫിദര്‍ശനത്തിലും സാഹിത്യത്തിലും ഏറ്റവും ഒഴിച്ചുകൂടാനാവാത്ത പ്രതീകവും പ്രതിപാദ്യവുമാണ് മിഅറാജ്. അന്ത്യപ്രവാചകന്‍ മുഹമ്മദ് (സ) ജിബ്‌രീല്‍ മാലാഖയാല്‍ ആനയിക്കപ്പെട്ട് ബുറാഖ് എന്ന വാഹനത്തില്‍ ഒരൊറ്റ രാത്രികൊണ്ടു നടത്തിയ ആകാശാരോഹണവും സ്വര്‍ഗപ്രവേശവും ഇതര പ്രവാചകസംഭാഷണങ്ങളും അല്ലാഹുവുമായുള്ള മഹാസമാഗമവും, തസവുഫിലെ അതിവിശിഷ്ടമായ പ്രമേയങ്ങളിലൊന്നാണ്. അര്‍ഷ് (ദൈവിക സിംഹാസനം) വരെയെത്തുന്ന ഈ 'ഉത്തുംഗതയിലേക്കുള്ള ഉഡ്ഡയനം' (പ്രയോഗത്തിന് പ്രൊഫ. അഹമ്മദ്കുട്ടി ശിവപുരത്തോട് കടപ്പാട്) എല്ലാ മനുഷ്യരിലുമുള്ള ലംബമായ പ്രവേഗങ്ങളുടെയും ആത്മീയമായ കുതിപ്പുകളുടെയും ക്ഷണവും മാര്‍ഗ്ഗദര്‍ശനവുമായി കണക്കാക്കപ്പെടുന്നു. സ്വര്‍ഗത്തില്‍ നിന്ന് വേര്‍പെടുത്തപ്പെട്ടതിനാലുള്ള വേപഥു മറികടക്കാനുള്ള ലംബസഞ്ചാരപ്രവണതകള്‍, എല്ലാ പരിമിതികളുടെയുമതിരു ഭേദിക്കാനുളള വെമ്പല്‍, സത്യത്തിലേക്കും പൂര്‍ണതയിലേക്കും വിലയനത്തിലേക്കുമുള്ള മിഅറാജുകള്‍, ആത്മാവുകൊണ്ടുള്ള സ്വര്‍ഗീയസമാഗമങ്ങള്‍, വിരഹനിരാസങ്ങള്‍ എല്ലാ മനുഷ്യരിലുമുണ്ട്. അഥവാ എല്ലാ മനുഷ്യരെയും അതിലേക്ക് ക്ഷണിക്കുകയാണ് മിഅറാജ്. ഭൂമിയിലായിരിക്കുമ്പോളും സാധ്യമാകുന്ന അതീന്ദ്രിയപലായനമാണത്.

ദക്ഷിണേഷ്യന്‍ സൂഫിയാന കലാമുകളില്‍ ഏറെ ജനകീയമാണ് മിഅറാജുമായി ബന്ധപ്പെട്ടുള്ള നഅത്തുകള്‍. പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വിശ്രുത ഫാര്‍സികവി, ഗുലിസ്താന്റെ കര്‍ത്താവ് സഅദി ഷിറാസിയുടെ പ്രസിദ്ധ കലാമാണ് പരമ്പരാഗത ഖവാലിഗായകര്‍ പതിവായി ഉപയോഗിക്കുന്ന 'ബലഗല്‍ ഉലാ ബി കമാലിഹി കഷഫ ദ്ദുജാ ബി ജമാലിഹി ഹസനത് ജമീഉ ഖിസാലിഹി സല്ലൂ അലൈഹി വ ആലിഹി' എന്ന ഈരടികള്‍. ഇവിടെ മൊഴിമാറ്റിയ 'സരി ലാമകാന്‍ സെ തലബ് ഹുയി' എന്ന് തുടങ്ങുന്ന ഖവാലിയിലും ഇതാവര്‍ത്തിച്ചു വരുന്നത് കാണാം. അറബി, ഫാര്‍സി, ഉര്‍ദു ഭാഷകളിലെ വരികള്‍ ഇടകലര്‍ന്നുവരുന്ന ഈ പരമ്പരാഗത ഖവാലി പ്രസിദ്ധ പാകിസ്താനി ഖവ്വാലിസംഘം സാബ്‌രി ബ്രദേഴ്‌സ് ആണ് പാടി അനശ്വരമാക്കിയിട്ടുള്ളത്. സാബ്‌രി സംഘത്തിന്റെ സ്ഥാപകരായിരുന്ന മര്‍ഹൂം ഗുലാം ഫരീദ് സാബ്‌രിയും മര്‍ഹൂം മഖ്ബൂല്‍ അഹ്മദ് സാബ്‌രിയും അവതരിപ്പിച്ച ഒരു ഭാഷ്യമാണ് ഈ മൊഴിമാറ്റത്തിനാധാരം. ആരോഹണങ്ങളുടെ അലങ്കാരസമൃദ്ധിയാലാണ് ഇതിന്റെ പറച്ചിലുകളും കവനവും കാവ്യവും മിഅറാജിന്റെ ദൈവികതയെ മനുഷ്യനെത്തിപ്പിടിക്കാവുന്നതും ഭാഷയില്‍ ആവിഷ്‌കരിക്കാവുന്നതുമായ ഒരനുഭൂതിയാക്കാന്‍ സംഗീതത്തിന്റെ കൂട്ടുപിടിച്ച് ഒരു ശ്രമം നടത്തിനോക്കുന്നത്.

സരി ലാമകാനന്‍ സെ തലബ് ഹുയി /
സാബ്‌രി ബ്രദേഴ്‌സ്

അല്ലയോ അന്ത്യപ്രവാചകരേ,
അങ്ങാണ് ഞങ്ങള്‍ തേടുന്ന കഅബ.
രൂപമോരോന്നിലും അങ്ങയുടെ സാന്നിധ്യം,
പരിപൂര്‍ണസത്യത്തിന്റെ നിദര്‍ശനം അങ്ങിലൂടെ വെളിപ്പെടുന്നു.
അങ്ങാണ് മുഖപടത്തിനു പിന്നിലൊളിച്ചിരുന്ന സത്ത...

മോഹനരാവായിരുന്നു,
പ്രശാന്തമായ ഋതുവായിരുന്നു,
പ്രേമപാരവശ്യത്തിന്റെ പരിണതികളില്‍
ലയിച്ചുപോയിരുന്നു,
അര്‍ഷിലേക്ക് പ്രിയനെ
വിളിക്കേണ്ടതുണ്ടായിരുന്നു പടച്ചവന്.
ഒന്നുകാണാനുള്ള മോഹത്തിനൊരു
ഒഴികഴിവായിരുന്നു മിഅറാജ്.

സ്ഥലരാശികള്‍ക്കപ്പുറത്തു നിന്നും കല്‍പനയെത്തി,
പ്രപഞ്ചാതിരിനുമപ്പുറത്തേക്ക് നബി കയറിപ്പോയി..

ഇത് സൗന്ദര്യപൂരണത്തിന്റെ ദിവ്യാത്ഭുതം,
അല്ലാഹുവിനുപോലും സഹിക്കവയ്യാത്ത വിരഹം.
അര്‍ഷിലേക്ക് നബിയെ വിളിപ്പിച്ചു
മിഅറാജിന്റെ രാവില്‍,
വേര്‍പാടിനിത്രയും ഭാരം
ഈശനുപോലും താങ്ങാവതല്ലാ..

സ്ഥലരാശികള്‍ക്കപ്പുറത്തു നിന്നും കല്‍പനയെത്തി,
പ്രപഞ്ചാതിരിനുമപ്പുറത്തേക്ക് നബി കയറിപ്പോയി..
അവിടുത്തെ ആരോഹണങ്ങള്‍ക്കതിരുണ്ടോ,
ഉല്‍കൃഷ്ടത കൊണ്ടവിടുന്ന്
അത്യുന്നതങ്ങളിലെത്തിച്ചേര്‍ന്നു...

സര്‍വസൃഷ്ടികളിലും ശ്രേഷ്ഠന്‍
കുലീനതയുടെ പാരമ്യം
നേര്‍വഴിയുടെ പുണ്യതാരകം
അതീതതയുടെ വെളിച്ചം
പുലരിയുടെ സൂര്യന്‍
രാവിന്റെ നിലാവ്
യാ മുഹമ്മദ് മുസ്തഫാ..

അവിടുത്തെ ആരോഹണങ്ങള്‍ക്കതിരുണ്ടോ,
ഉല്‍കൃഷ്ടത കൊണ്ടവിടുന്ന്
അത്യുന്നതങ്ങളിലെത്തിച്ചേര്‍ന്നു..
ദീനിന്റെ പരമാധികാരി,
എന്റെ നായകാ, യജമാനനേ..
സര്‍വലോകങ്ങള്‍ക്കും കാരുണ്യമായവനേ,
സകലദൂതന്മാരും പിന്തുടരുന്നവനേ,
സകലനബിമാരുടെയും മുന്നില്‍നില്‍ക്കുന്നവനേ..

അങ്ങയുടെ തെരുവിന്റെ അടയാളം സ്വര്‍ഗം,
അങ്ങയുടെ വദനം ഈമാന്റെ സൂര്യന്‍.
രാവു പ്രകീര്‍ത്തിക്കുന്നു അങ്ങയുടെ മുഖശോഭയെ,
ആ മുഖത്തെ തെളിച്ചമാണ് പ്രഭാതം.
അങ്ങയുടെ പേരിലും വലിയൊരു പേരില്ല,
മുഴുലോകത്തിന്റെയും ജീവന്‍ അങ്ങയുടെ ശരീരം.
അങ്ങയുടെ പദവി മാനുഷ്യകത്തിന്റെ പെരുമ,
അങ്ങയുടെ മഹിമ തമ്പുരാന്റെ മഹിമ..

അവിടുത്തെ ആരോഹണങ്ങള്‍ക്കതിരുണ്ടോ,
ഉല്‍കൃഷ്ടത കൊണ്ടവിടുന്ന്
അത്യുന്നതങ്ങളിലെത്തിച്ചേര്‍ന്നു..
മണ്ണില്‍നിന്നും വിണ്ണും കടന്നര്‍ഷിലേക്ക്
പോയവിടുന്ന്.
ബുറാഖില്‍ ചാഞ്ചല്യമില്ലാതെ ചലിച്ചു,
ഭൂവിന്റെ മേലാപ്പും പറുദീസയുടെ പുറങ്ങളും
പാലവും പാതകളുമെല്ലാമവിടുത്തെ
കാലിന്നടിയിലൂടെ പോയി.
അങ്ങയുടെ മുടിയൊന്ന് ചുരുളഴിഞ്ഞപ്പോളാവട്ടെ
സകലലോകങ്ങളും പരിമളപൂരിതമായി..
രാപ്പാടികള്‍ മത്തുപിടിച്ചുപാടി,
നേരംവെളുക്കാന്‍ കാക്കാതെ
പനിനീര്‍മൊട്ടുകള്‍ കണ്‍തുറന്നുവിടര്‍ന്നു...

അവിടുത്തെ ആരോഹണങ്ങള്‍ക്കതിരുണ്ടോ,
ബുറാഖിലേറി വീടിറങ്ങിപ്പോയി നബി.
സമാഗമത്തിന്റെ രാവിലാ മുഖംകൊണ്ട് പുലരിയായി.
ഈ യാത്രയിലും മീതെയൊരു യാത്രയില്ല,
എല്ലാ ചുണ്ടുകളിലുമിതുമാത്രം ഇതുമാത്രം:
അവിടുത്തെ ആരോഹണങ്ങള്‍ക്കതിരുണ്ടോ,
ഉല്‍കൃഷ്ടത കൊണ്ടവിടുന്ന്
അത്യുന്നതങ്ങളിലെത്തിച്ചേര്‍ന്നു..

ഇതാണു തുടക്കം, ഇതാണൊടുക്കം.
നേരുടയവന്റെ സാകല്യമീ പ്രഭ,
സകലലോകവുമതേറ്റു വെട്ടിത്തിളങ്ങി,
അവിടുത്തെ സൗന്ദര്യത്താല്‍ ഇരുട്ടിനെ ആട്ടിയകറ്റി..

മുസ്തഫയുടെ മുഖദീപ്തിയിത്,
പ്രതാപങ്ങളുടെ അഹങ്കാരമിത്,
ഒരോരോവസ്തുവും പ്രകാശമണിഞ്ഞു,
അവിടുത്തെ സൗന്ദര്യത്താല്‍ ഇരുട്ടിനെ ആട്ടിയകറ്റി..

ആകാശമോ നിലാവോ
താരകങ്ങളോ ഉദയമോ ഉണ്ടാവില്ല,
അങ്ങയുടെ വശ്യതയില്ലെങ്കിലീ ലോകമേയില്ല.
ഒരോരോവസ്തുവും പ്രകാശമണിഞ്ഞു,
അവിടുത്തെ സൗന്ദര്യത്താല്‍ ഇരുട്ടിനെ ആട്ടിയകറ്റി..

തമ്പുരാന്റെ കരുണയുടെ മനുഷ്യരൂപമാണങ്ങ്,
അവിടുത്തെ കരുണയെല്ലാവരിലും വിതറി.
അവിടുന്നെല്ലാര്‍ക്കുമായി തുറന്നിട്ട ഖുര്‍ആന്‍,
അവിടുത്തെ സദ്ഗുണങ്ങള്‍
സുന്ദരമാക്കപ്പെട്ടിരിക്കുന്നു..

ഇത് മുഹമ്മദിന്റെ നേരിന്റെ വിളംബരം,
ആ കരുണയുടെ നോട്ടമെത്തുമെല്ലാവരിലും.
വിധിനിര്‍ണയനാളിലവിടുത്തെ ജനതയുടെ
ചുണ്ടുകള്‍ പാടും:
അവിടുത്തെ സദ്ഗുണങ്ങള്‍
സുന്ദരമാക്കപ്പെട്ടിരിക്കുന്നു..

നേരിനെ കാക്കുന്നവനും നേരിനെ
തുറന്നിടുന്നതുമവിടുന്ന്,
മുസ്തഫയുടെ മുഖമാണാ കണ്ണാടി.
പടച്ചവന്‍ തന്നെ പറഞ്ഞതല്ലേ,
സ്വല്ലൂ അലൈഹി വ ആലിഹി..
(സ്വലാത് ചൊല്ലു അവിടുത്തേക്കും
അവിടുത്തെ കുടുംബത്തിനും)

എന്റെ വിശ്വാസമൊരു പൈതൃകപരിമളം
പടച്ചവനാണെ, പ്രവാചകാനുരാഗമാണത്.
എന്റെ സ്മൃതിയും സ്തുതിയുമൊരേ വചനം:
സ്വല്ലൂ അലൈഹി വ ആലിഹി..
(സ്വലാത് ചൊല്ലു അവിടുത്തേക്കും
അവിടുത്തെ കുടുംബത്തിനും)

അവിടുത്തെ ശ്രേഷ്ഠതയെപ്പറ്റി ഞാനെന്തുപറയാന്‍,
ഉല്‍കൃഷ്ടത കൊണ്ടവിടുന്ന്
അത്യുന്നതങ്ങളിലെത്തിച്ചേര്‍ന്നു.
അവിടുത്തെ അഴകിനാലൊഴുകുന്നു തേജസ്,
അവിടുത്തെ സൗന്ദര്യത്താല്‍ ഇരുട്ടിനെ ആട്ടിയകറ്റി..
ആ സ്വഭാവമഹിമയാല്‍
വിസ്മയിച്ചുനില്‍ക്കുന്നു ഞാന്‍,
അവിടുത്തെ സദ്ഗുണങ്ങള്‍
സുന്ദരമാക്കപ്പെട്ടിരിക്കുന്നു..
മനവും മോഹങ്ങളുമവിടുത്തെയോര്‍മയാല്‍
അലംകൃതം,
സ്വല്ലൂ അലൈഹി വ ആലിഹി..
(സ്വലാത് ചൊല്ലു അവിടുത്തേക്കും അവിടുത്തെ കുടുംബത്തിനും)

ദിവ്യപ്രകാശത്തിന്റെ നിദര്‍ശനമേ,
ഉല്‍കൃഷ്ടത കൊണ്ടവിടുന്ന്
അത്യുന്നതങ്ങളിലെത്തിച്ചേര്‍ന്നു.
മൗലാ അലി, ദുരിതങ്ങളെ നീക്കിത്തരുന്നവന്‍.
അവിടുത്തെ സൗന്ദര്യത്താല്‍ ഇരുട്ടിനെ ആട്ടിയകറ്റി..
ഹസനും ഹുസൈനും, ഫാത്തിമയുടെ പ്രിയമക്കള്‍,
അവിടുത്തെ സദ്ഗുണങ്ങള്‍
സുന്ദരമാക്കപ്പെട്ടിരിക്കുന്നു..
എല്ലാവരും അവിടുത്തെ പ്രിയപ്പെട്ടവര്‍
സ്വല്ലൂ അലൈഹി വ ആലിഹി..
(സ്വലാത് ചൊല്ലു അവിടുത്തേക്കും അവിടുത്തെ
കുടുംബത്തിനും)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  3 months ago
No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago