ദേശീയപാത വികസനം: സ്ഥലമേറ്റെടുപ്പ് അവസാന ഘട്ടത്തില്‍
നീലേശ്വരം: ജില്ലയില്‍ ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള സ്ഥലമേറ്റെടുപ്പ് അവസാന ഘട്ടത്തിലെത്തി. പൊയിനാച്ചി മുതല്‍ കാലിക്കടവു വരെ 60 ശതമാനത്തോളം സ്ഥലം ഏറ്റെടുത്തു കഴിഞ്ഞു. ഏറ്റെടുത്ത സ്ഥലങ്ങളുടെ വില നിര്‍ണയിച്ചു നഷ്ടപരിഹാരം നല്‍കാനുള്ള നടപടികളും തുടങ്ങി.
ദേശീയപാത സ്ഥലമേറ്റെടുപ്പിനായി നിയോഗിച്ച റവന്യൂ സംഘമാണു സര്‍വേ നടത്തി വിശദാംശങ്ങള്‍ തയാറാക്കുന്നത്. ഓഗസ്റ്റ് അവസാനത്തോടെ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കി കലക്ടര്‍ക്കു റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
തഹസില്‍ദാര്‍ വില്യം ജോര്‍ജ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ എ പവിത്രന്, റവന്യു ഇന്‍സ്പെക്ടര്‍മാരായ കൃഷ്ണകുമാര്‍, രമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് സര്‍വേ. 12 സര്വേയര്മാരടങ്ങുന്ന അഞ്ചു ടീമുകളാണ് സര്‍വേ നടത്തുന്നത്.
45 മീറ്റര്‍ ദേശീയപാത വികസനം കണക്കാക്കി ജില്ലയില്‍ 2012 ല്‍ തന്നെ സ്ഥലമേറ്റെടുപ്പു തുടങ്ങിയിരുന്നു. ഇതിന്റെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു സര്‍വേ തുടങ്ങിയ സമയത്തു എന്‍.എച്ച് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വിവിധ ഭാഗങ്ങളില്‍ സ്ഥലം നഷ്ടപ്പെട്ടവരുടെ സംഗമവും നടന്നു. സര്‍വേ തടസപ്പെടുത്തുന്ന സ്ഥിതിവരെ കാര്യങ്ങള്‍ എത്തിയിരുന്നു.
എന്നാല്‍ നിലവില്‍ സര്‍വേ സമാധാനപരമായാണു പുരോഗമിക്കുന്നത്. ഇവര്‍ സമര്‍പ്പിക്കുന്ന വാല്യൂ റിപ്പോര്‍ട്ട്, വിശദമായ വാല്യൂ സ്റ്റേറ്റ്മെന്റ് എന്നിവ പരിശോധിച്ചു നഷ്ടപരിഹാരം നിശ്ചയിക്കും.
സ്ഥലമുടമകള്‍ക്കു തീരുമാനം സ്വീകാര്യമല്ലെങ്കില്‍ കോടതിയെ സമീപിക്കാനും സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."