സര്‍ക്കാരിന്റെ നേട്ടങ്ങളെ കരിവാരിത്തേക്കാന്‍ ശ്രമം; കോന്നി മെഡി. കോളജ് ഉദ്ഘാടന ചടങ്ങില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി
കൊച്ചി: കോന്നി മെഡിക്കല്‍ കോളജ് ഉദ്ഘാടനത്തിനിടെ മാധ്യമങ്ങളോടും പ്രതിപക്ഷത്തോടും രോഷാകുലനായി മുഖ്യമന്ത്രി പിണറായി വിജയന്‍.
ലൈഫ്മിഷന്റെ നേട്ടത്തെ നെറികേടിന്റെ വഴിയിലൂടെ കരിവാരിത്തേക്കാനാണ് ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. കോന്നി മെഡിക്കല്‍ കോളേജിന്റെ ആദ്യഘട്ടത്തിന്റെയും ഒ.പി വിഭാഗത്തിന്റെയും ഉദ്ഘാടനം വിഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ സന്തോഷിക്കുന്നതൊന്നും നടക്കാന്‍ പാടില്ലെന്ന് ആഗ്രഹിക്കുന്നവരാണ് ദുഷ്പ്രചാരണങ്ങളിലൂടെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്.
രണ്ടേകാല്‍ ലക്ഷം വീടുകള്‍ ലൈഫ് മിഷന്‍ വഴി പൂര്‍ത്തിയാക്കി. ഈ ജന്മത്തില്‍ സ്വന്തമായി വീടുവയ്ക്കാന്‍ സാധിക്കാത്ത നിരവധി കുടുംബങ്ങള്‍ ഇന്ന് സ്വന്തം വീട്ടില്‍ കഴിയുന്നു. വീടുകള്‍ നിര്‍മിക്കാന്‍ കഴിഞ്ഞത് നാടിന്റെ നേട്ടമാണ്.
നാട്ടില്‍ യഥാര്‍ഥത്തില്‍ നടക്കുന്ന കാര്യങ്ങള്‍ ജനങ്ങളില്‍ നിന്ന് മറച്ചുവയ്ക്കാനാണ് ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായി ആരോപണങ്ങള്‍ അഴിച്ചുവിടുന്നു. ജനങ്ങളെയാകെ തെറ്റിദ്ധരിപ്പിച്ചുകളയാമെന്നാണ് ഇക്കൂട്ടര്‍ കരുതുന്നത്. ജനങ്ങള്‍ ഒരു ദിവസത്തെ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ വിധി പറയുന്നവരല്ല. അനുഭവങ്ങളുടെ വെളിച്ചത്തില്‍ അവര്‍ കാര്യങ്ങള്‍ വിലയിരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യമന്ത്രി കെ.കെ ശൈലജ അധ്യക്ഷത വഹിച്ചു. വനം മന്ത്രി കെ. രാജു മുഖ്യപ്രഭാഷണം നടത്തി.
എം.എല്‍.എമാരായ കെ.യു ജനീഷ്‌കുമാര്‍, രാജു എബ്രഹാം, വീണാജോര്‍ജ്, ജില്ലാ കലക്ടര്‍ പി. ബി നൂഹ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."