യു.എ.ഇ-ഇസ്‌റാഈല്‍ നയതന്ത്ര കരാര്‍: ഒപ്പുവയ്ക്കല്‍ ഇന്ന്
വാഷിങ്ടണ്‍: ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്രബന്ധം സ്ഥാപിക്കുന്നതിന്റെ ഭാഗമായി യു.എ.ഇയും ഇസ്‌റാഈലും തമ്മില്‍ ഇന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സാന്നിധ്യത്തില്‍ വൈറ്റ്ഹൗസില്‍ വച്ച് കരാറില്‍ ഒപ്പുവയ്ക്കും.
സമാധാന ഉടമ്പടി ഒപ്പുവയ്ക്കാന്‍ യു.എ.ഇ-ഇസ്‌റാഈല്‍ സംഘങ്ങള്‍ അമേരിക്കയിലെത്തിയിട്ടുണ്ട്. യു.എ.ഇ ഭരണാധികാരി ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാനെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാനാണ് കരാറില്‍ ഒപ്പുവെക്കുക. ഓഗസ്റ്റ് 13നാണ് ഇസ്‌റാഈലും യു.എ.ഇയും തമ്മില്‍ നയതന്ത്രബന്ധം സ്ഥാപിക്കാന്‍ ധാരണയായത്. ആദ്യമായാണ് ഒരു ഗള്‍ഫ് രാജ്യം ഇസ്‌റാഈലുമായി സമാധാന കരാറിലൊപ്പിടുന്നത്.
വെസ്റ്റ് ബാങ്ക് ഭാഗങ്ങള്‍ പിടിച്ചടക്കുന്നതില്‍ നിന്നും ഇസ്‌റാഈല്‍ പിന്‍മാറുമെന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ധാരണ. എന്നാല്‍ വെസ്റ്റ്ബാങ്ക് ഇസ്‌റാഈലിനോട് കൂട്ടിച്ചേര്‍ക്കുന്നത് തല്‍ക്കാലത്തേക്ക് മാറ്റിവയ്ക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി നെതന്യാഹു പിന്നീട് വ്യക്തമാക്കിയിരുന്നു.
അതിനിടെ ബഹ്‌റൈനും സയണിസ്റ്റ് രാജ്യവുമായി നയതന്ത്രബന്ധം സ്ഥാപിക്കാന്‍ ധാരണയിലെത്തിയിട്ടുണ്ട്. ഇന്നത്തെ ചടങ്ങില്‍ ബഹ്‌റൈന്‍ വിദേശകാര്യമന്ത്രിയും പങ്കെടുക്കുന്നുണ്ട്. ബഹ്‌റൈന്റെ സമ്മര്‍ദം മൂലമാണ് അറബ് ലീഗ് ഇസ്‌റാഈല്‍-യു.എ.ഇ സഹകരണത്തെ അപലപിക്കുന്ന പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഹംഗറി വിദേശകാര്യമന്ത്രി പീറ്റര്‍ സിജ്ജാര്‍റ്റോയും ഒപ്പുവയ്ക്കല്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. ചടങ്ങില്‍ പങ്കെടുക്കുന്ന ഏക യൂറോപ്യന്‍ യൂനിയന്‍ നയതന്ത്ര പ്രതിനിധിയായിരിക്കും അദ്ദേഹം.
നേരത്തെ യു.എ.ഇയും സഊദിയും ഇസ്‌റാഈലി വിമാനങ്ങള്‍ക്ക് വ്യോമപാത അനുവദിച്ചിരുന്നു. കൂടുതല്‍ ഗള്‍ഫ്-അറബ് രാജ്യങ്ങള്‍ ഇസ്‌റാഈലുമായി നയതന്ത്രബന്ധം സ്ഥാപിക്കുമെന്ന് വൈറ്റ്ഹൗസ് ഉപദേഷ്ടാവും ട്രംപിന്റെ മകളുടെ ഭര്‍ത്താവുമായ ജാരെദ് കുഷ്‌നര്‍ അഭിപ്രായപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."