'ഞങ്ങള്‍ക്ക് ആ ആട്ടുംകുട്ടികളെ കാണാന്‍ അനുവാദം തരണം'-എന്ന്, ആടുകളെ വില്‍ക്കപ്പെട്ട വീട്ടിലെ കുട്ടികള്‍
കൊല്ലം: വളര്‍ത്തു മൃഗങ്ങളെ ജീവനേക്കാളേറെ സ്‌നേഹിക്കുന്ന നിരവധി കുഞ്ഞുങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിട്ടുണ്ട്. തന്റെ പ്രിയപ്പെട്ട കോഴിയെ കൊല്ലരുതെന്ന് താണുകേണ് പറഞ്ഞു കരയുന്ന കുഞ്ഞുമോളും പരുക്കേറ്റ കോഴിക്കുഞ്ഞിനേയും കൊണ്ട് ആശുപത്രിയിലെത്തിയ ആറുവയസ്സുകാരനും നമ്മുടെ മനം കവര്‍ന്നതാണ്. അന്താരാഷ്ട്ര പുരസ്‌ക്കാരം വരെ തേടിയെത്തി ഈ കുഞ്ഞു ബാലനെ. ഇപ്പോഴിതാ വീട്ടുകാര്‍ വിറ്റ തങ്ങളുടെ പ്രിയപ്പെട്ട ആട്ടിന്‍കുട്ടികളേയും തേടിയെത്തിയ രണ്ടു കുട്ടികള്‍ എഴുതിയ കത്ത് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ആരാണ് ആ എഴുതിയത് എന്നൊന്നും ഇല്ലാത്ത കത്ത് നിതിന്‍ ജി നെടുമ്പിനാലാണ് ഫേസ് ബുക്കില്‍ പങ്കുവെച്ചത്. ഒരു ചെറിയ കുറിപ്പോടെയാണ് നിതിന്‍ കത്ത് പങ്കുവെച്ചിരിക്കുന്നത്. ആ ആട്ടിന്‍ കുട്ടികളെ കാണാന്‍ അനുവാദം തരണമെന്നാണ് അവര്‍ അപേക്ഷിക്കുന്നത്. കത്തെഴുതിയ ആള്‍ക്കും അനിയനും അതിനെ കാണാതിരിക്കാനാവില്ലെന്നും കത്തിലുണ്ട്.
നിതിന്റെ കുറിപ്പ്
ജോലി കഴിഞ്ഞ് എന്നും ഉച്ചയ്ക്ക് വക്കീലിന്റെ വീട്ടില്‍ അല്പനേരം വിശ്രമിക്കാറുണ്ട്. ഇന്നും പതിവ് പോലെ ചെന്നപ്പോള്‍ അവിടെ ആരും ഉണ്ടായിരുന്നില്ല. പുറത്തിരുന്ന് റിട്ടേണ്‍സ് എഴുതുമ്പോള്‍ ഏതോ കുട്ടികള്‍ കൊണ്ടുവെച്ച ഈ കത്ത് എന്റെ ശ്രദ്ധയില്‍പ്പെട്ടു.. ഒന്ന് വായിച്ചപ്പോള്‍ തന്നെ ഉള്ളില്‍ വല്ലാത്തൊരു കുളിര്‍മ തോന്നി. ആ കുട്ടികളുടെ വീട്ടില്‍ നിന്നും വക്കീല്‍ വാങ്ങിയ ആട്ടിന്‍കുട്ടികളെ കാണാനെത്തിയതാണ് കുട്ടികള്‍..!
വന്നോപ്പോള്‍ വീട്ടില്‍ ആരും ഇല്ലാത്തതിനാല്‍ ഇനി വരുമ്പോള്‍ ആട്ടിന്‍കുട്ടികളെ കാണാനുള്ള അനുവാദം തരണം എന്ന അപേക്ഷയാണ് കത്തില്‍...!
ഉടമസ്ഥന്‍ വിറ്റിട്ടും,,,വാങ്ങിയ ആളിന്റെ വീട് തേടിപ്പിടിച്ച് ഇതുപോലൊരു കത്തെഴുതിയ ആ കുട്ടികള്‍ നല്‍കുന്ന സന്ദേശം വളരെ വലുതാണ്..
'എനിക്കും അനിയനും അതിനെ(ആടിന്‍കുട്ടിയെ) കാണാതിരിക്കാന്‍ കഴിയില്ല' എന്ന ഒറ്റ വരി മതി സ്‌നേഹം മരിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്തെ മനുഷ്യരെ ഇരുത്തി ചിന്തിപ്പിക്കാന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."