കുട്ടനാടിന് യോജിച്ച കുടിവെള്ള പദ്ധതിയുമായി സ്വിസ് കമ്പനി
ആലപ്പുഴ: ചെളിവെള്ളത്തെ പോലും ശുദ്ധജലമാക്കുന്ന പുത്തന്‍ സാങ്കേതികതയില്‍ ഊന്നിയ കുടിവെള്ള പദ്ധതിയുമായി സ്വിസ് കമ്പനി. വീടുകള്‍ക്കും സ്‌കൂളുകള്‍ക്കും ദുരിതാശ്വാസ ക്യാംപുകള്‍ക്കും മറ്റും അനുയോജ്യമാണിതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കുട്ടനാട് പോലെയുള്ള കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ ഇത് സ്ഥാപിക്കാന്‍ കഴിയുമോയെന്നു പരിശോധിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റുമാര്‍ ഉള്‍പ്പടെയുള്ള ജനപ്രതിനിധികള്‍ക്കായി ഇതിന്റെ പ്രവര്‍ത്തനം പരിജയപ്പെടുത്താന്‍ നടപടിയെടുക്കുമെന്നും കലക്ടറേറ്റില്‍ ഇതിന്റെ പരീക്ഷണം നേരിട്ടുകണ്ട പൊതുമരാമത്തുമന്ത്രി ജി. സുധാകരന്‍ പറഞ്ഞു.
ചെളിവെള്ളത്തെ പോലും ശുദ്ധമായ കുടിവെള്ളമാക്കുന്ന സാങ്കേതിതകയിലാണ് ഈ ചെറിയ യന്ത്രം പ്രവര്‍ത്തിക്കുന്നത്. വൈദ്യുതി വേണ്ടെന്ന ഗുണവുമുണ്ട്. വലിയ യന്ത്രത്തില്‍ 50 ലീറ്റര്‍വരെ വെള്ളം സംഭരിക്കാന്‍ സാധിക്കും. ചെറുതില്‍ 12 ലീറ്റര്‍ വെള്ളവും സംഭരിക്കാനാകും. വലുതില്‍ മണിക്കൂറില്‍ 12 ലീറ്ററും ചെറുതില്‍ മൂന്നര ലീറ്റര്‍ വെള്ളവും ശുദ്ധീകരിക്കാനും സാധിക്കും. ലോകത്ത് 64 രാജ്യങ്ങളില്‍ ഈ സംവിധാനം ഇപ്പോള്‍ ഉപയോഗത്തിലുണ്ടെന്നാണ് കമ്പനിയുടെ വാദം. ഇത് ഉപകാരപ്രദമെന്നു തെളിഞ്ഞാല്‍ കുട്ടനാട് പോലുള്ള പ്രദേശങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.
ലൈഫ് സ്‌ട്രോ കമ്പനിയുടെ ഈ സാങ്കേതികതയില്‍ ഇകോളി മുതലായ അണുക്കളെ 99.99 ശതമാനവും നീക്കം ചെയ്യുമെന്നാണ് പറയുന്നത്. ഹെപ്പറ്റൈറ്റിസ് എ ബാധയ്ക്കു കാരണമായ വൈറസുകളേയും 99.99 ശതമാനവും നീക്കം ചെയ്യും. 50 ലീറ്റര്‍ കൊള്ളുന്ന യന്ത്രത്തില്‍ നല്ല വെള്ളവും ചീത്തവെള്ളവും പകുതി വീതം നിറച്ചാണ് ശുദ്ധീകരണ പ്രക്രിയ.
ആദ്യപരീക്ഷണത്തില്‍ വെള്ളം കുടിച്ചുനോക്കിയ മന്ത്രി സാധാരണവെള്ളം തന്നെയെന്ന് സാക്ഷ്യപ്പെടുത്തി. അടുത്തയാഴ്ച ജനപ്രതിനിധികള്‍ക്കു മുന്നില്‍ അവതരിപ്പിക്കും. പ്രായോഗികമെന്ന് തെളിഞ്ഞാല്‍ കൂടുതല്‍ ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ ഉപയോഗിക്കാനാകുമെന്നും തകര്‍ന്ന വീടുകള്‍ പുനരുദ്ധരിക്കാന്‍ ടാറ്റയുടെ പുതിയ സാങ്കേതികത പോലെതന്നെ ഇതിനെയും പ്രയോജനപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
കലക്ടറേറ്റില്‍ നടന്ന പരീക്ഷണം കാണാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍, ജില്ലാ കലക്ടര്‍ എസ്. സുഹാസ്, സബ് കലക്ടര്‍ വി.ആര്‍ കൃഷ്ണതേജ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയധ്യക്ഷന്‍ കെ.ടി മാത്യു തുടങ്ങിയവരും സന്നിഹിതരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."