ജി.പി.എസില്‍നിന്ന് ചരക്കുവാഹനങ്ങളെ ഒഴിവാക്കല്‍: ഫയല്‍ ഗതാഗത കമ്മിഷണര്‍ മടക്കി
സ്വന്തം ലേഖകന്‍
കൊച്ചി: ജി.പി.എസ് ഘടിപ്പിക്കുന്നതില്‍ നിന്ന് സംസ്ഥാനത്തെ ചരക്കുവാഹനങ്ങളെ ഒഴിവാക്കാനുള്ള ഗതാഗത മന്ത്രിയുടെ നിര്‍ദേശമടങ്ങിയ ഫയല്‍ ഗതാഗത കമ്മിഷണര്‍ മടക്കി. കൂടുതല്‍ വ്യക്തത ആവശ്യപ്പെട്ടാണ് ഫയല്‍ തരിച്ചയച്ചത്.
മണല്‍ മാഫിയയെ നിയന്ത്രിക്കാന്‍ ജിയോളജി വകുപ്പിന് ഏറെ സഹായകരമായേക്കാവുന്ന ജി.പി.എസ് സംവിധാനം ഒഴിവാക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തെക്കുറിച്ച് 'സുപ്രഭാതം' വാര്‍ത്ത നല്‍കിയിരുന്നു. സംസ്ഥാനത്ത് നിരവധി റോഡപകടങ്ങള്‍ക്ക് കാരണമാകുന്ന ടോറസ്, ടിപ്പര്‍ ലോറികളുടെ അമിതവേഗത നിയന്ത്രിക്കാനും ജി.പി.എസ് സംവിധാനം ഏറെ ഉപകരിക്കുമെന്ന് വാര്‍ത്തയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
യാത്രാവാഹനങ്ങളില്‍ മാത്രം ജി.പി.എസ് ഘടിപ്പിച്ചാല്‍ മതിയെന്ന കേന്ദ്ര നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തും ചരക്കുവാഹനങ്ങളില്‍ ജി.പി.എസ് ഒഴിവാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയത്. കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങളില്‍ 2016ല്‍ നിലവില്‍ വന്ന ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തും ജി.പി.എസ് നിര്‍ബന്ധമാക്കിയത്. എന്നാല്‍ 2019 ഒക്ടോബറില്‍ വന്ന ഭേദഗതിയനുസരിച്ച് യാത്രാ വാഹനങ്ങളില്‍ മാത്രം ജി.പി.എസ് ഘടിപ്പിച്ചാല്‍ മതിയെന്നായി.
ഓട്ടോറിക്ഷകള്‍, ഇ റിക്ഷകള്‍, ഇരുചക്രവാഹനങ്ങള്‍ എന്നിവയിലും ജി.പി.എസ് ആവശ്യമില്ല. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി കേരള മോട്ടോര്‍ വാഹന ചട്ടങ്ങളിലും ഭേദഗതി വരുത്താനാണ് തീരുമാനമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. എന്നാല്‍ അമിതവേഗത്തില്‍ പായുന്ന ടിപ്പര്‍ ലോറികളിലടക്കം ജി.പി.എസ് എടുത്തുമാറ്റുന്നത് അപകടങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് ആക്ഷേപമുണ്ട്. 19 പേരുടെ മരണത്തിനിടയാക്കിയ അവിനാശി ബസ്സപകടത്തില്‍ ലോറിയുടെ അമിതവേഗം തിരിച്ചറിയാനായത് ജി.പി.എസ് സംവിധാനത്തിലൂടെയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."