സഊദിയിൽ ശമ്പള വിതരണം ഇനി ഇ വാലറ്റ് വഴിയും
റിയാദ്: സഊദിയിൽ തൊഴിലാളികളുടെ ശമ്പള വിതരണം ഈ വാലറ്റുകൾ വഴി വിതരണം ചെയ്യാൻ അനുമതി. ചെറുകിട ഇടത്തരം സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളമാണ് ഈ വാലറ്റുകള്‍ വഴി വിതരണം ചെയ്യുന്നതിന് അനുമതി നല്‍കിയത്. ഇത് സംബന്ധിച്ച് മാനവവിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയവും ഈ-വാലറ്റ് സ്ഥാപനങ്ങളും തമ്മില്‍ ധാരണയിലെത്തി. ഇതോടെ സ്വന്തമായി ബാങ്ക് അകൗണ്ട് ഇല്ലാത്ത തൊഴിലാളികൾക്ക് വളരെ എളുപ്പത്തിൽ ആരംഭിക്കാവുന്ന ഇ വാലറ്റുകൾ വഴി ശമ്പളം കൈപ്പറ്റാനാകും.
സഊദി കേന്ദ്ര ബാങ്കിന്റെ അംഗീകാരമുള്ള മദാദ് സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്തതുമായ ഈ-വാലറ്റുകളിലാണ് ഇത്തരത്തിൽ ശമ്പളം നിക്ഷേപിക്കാൻ അനുമതി നൽകിയത്. ഡിസംബറിൽ പ്രാബല്യത്തിൽ വരുന്ന വേതന സുരക്ഷാ നിയമത്തിലെ ഏറ്റവും പ്രധാനപ്പെട്ടതാണ് ഒരു തൊഴിലാളി മാത്രമുള്ളവർക്ക് പോലും ശമ്പളം ബാങ്ക് വഴി നൽകുകയെന്നത്. ഡിസംബറോടെ രാജ്യത്തെ മുഴുവൻ തൊഴിലാളികൾക്കും ശമ്പളം ബാങ്ക് വഴി നൽകുന്നതിന്റെ മുന്നോടിയായാണ് പുതിയ നീക്കങ്ങൾ.
ഇത്തരം വാലറ്റുകളില്‍ ശമ്പള തുക നിക്ഷേപിക്കുന്നത് തൊഴിലാളിക്ക് ശമ്പളം നല്‍കിയതിനുള്ള തെളിവായി അംഗീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷൂറന്‍സ് അഥവാ ഗോസിയുമായും ഇത് ബന്ധിപ്പിക്കും. ഇതിനാവശ്യമായ വിവരങ്ങള്‍ പരസ്പരം കൈമാറുന്നതിനും കരാറില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."