വാസയോഗ്യമല്ലാത്ത വീടുകള്‍ തകര്‍ന്നതായി കണക്കാക്കണം: മന്ത്രി
കല്‍പ്പറ്റ: മഴക്കെടുതിയിലെ നാശനഷ്ടങ്ങളുടെ കണക്കെടുക്കുമ്പോള്‍ വാസയോഗ്യമല്ലാതായ വീടുകള്‍ പൂര്‍ണമായി തകര്‍ന്ന വീടുകളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍.
ജില്ലയിലെ പുനരധിവാസ പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കലക്ടറേറ്റില്‍ അവലോകനം ചെയ്ത് സംസാരിക്കുവേയാണ് അദ്ദേഹം ഉദ്യോഗസ്ഥര്‍ക് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. ദീര്‍ഘകാല വിളകളുടെ നാശനഷ്ടതോത് പ്രത്യേകം കണക്കാക്കണം. അതോടൊപ്പം കര്‍ഷകര്‍ക്ക് പുനഃകൃഷി നടത്തുന്നതിനുള്ള വിത്തുകളും വിതരണം ചെയ്യണം. പുനരധിവാസം ശ്രമകരമായ ദൗത്യമാണ്. ഭൂമി നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാന്‍ പുതിയ ഭൂമി കണ്ടെത്തേണ്ടതുണ്ട്. ഭൂമി സൗജന്യമായി നല്‍കാന്‍ സന്നദ്ധയുള്ളവര്‍ ഈ ഉദ്യമത്തില്‍ സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു. ദുരിതബാധിതര്‍ക്ക് താല്‍ക്കാലിക താമസ സൗകര്യമൊരുക്കും. അധികം വൈകാതെ സ്ഥിരസംവിധാനവും ലക്ഷ്യമിടുന്നു. രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് പ്രത്യേകം അദാലത്ത് നടത്തി പകരം രേഖകള്‍ നല്‍കി തുടങ്ങിയിട്ടുണ്ട്. ക്യാംപുകളില്‍ അഭയം തേടിയ കുടുംബങ്ങള്‍ക്കുള്ള ധനസഹായവും വിതരണം ചെയ്തു തുടങ്ങിയതായും മന്ത്രി പറഞ്ഞു.
പുനര്‍നിര്‍മാണത്തിന് ആവശ്യമായ പണം സമാഹരിക്കാന്‍ എല്ലാ മേഖലയേയും ആശ്രയിക്കും. ഈ മാസം 15 വരെ ജില്ലയുടെ ചുമതലയുള്ള മന്ത്രിയുടെ നേതൃത്വത്തില്‍ ധനസമാഹരണം നടത്തും. 11ന് ജില്ലയിലെ മുഴുവന്‍ വിദ്യാലങ്ങളില്‍ നിന്നും ധനസമാഹരണം നടത്തും. നിര്‍മാണ സാമഗ്രികള്‍ക്ക് ജില്ലയില്‍ ക്ഷാമം നേരിടുന്നത് സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും സാമഗ്രികള്‍ കൊണ്ടുവരുന്നതിന് നിയമത്തില്‍ ഇളവ് അനുവദിക്കുന്ന കാര്യം പരിഗണിക്കും.
യോഗത്തില്‍ വിവിധ വകുപ്പുകളുടെ നാശനഷ്ട കണക്കുകള്‍ ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ചു. പട്ടികവര്‍ഗ, നിയമ വകുപ്പ് മന്ത്രി എ.കെ ബാലന്‍, എം.എല്‍എമാരായ സി.കെ ശശീന്ദ്രന്‍, ഒ.ആര്‍ കേളു, കെ. രാജന്‍,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, പട്ടിക വര്‍ഗ ഡയരക്ടര്‍ പി. പുകഴേന്തി, ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാര്‍, സബ് കലക്ടര്‍ എന്‍.എസ്.കെ ഉമേഷ് സംസാരിച്ചു.
ദുരിതബാധിത പ്രദേശങ്ങളായ പൊഴുതന പഞ്ചായത്തിലെ അമ്മാറ, കോട്ടത്തറ പഞ്ചായത്തിലെ വെണ്ണിയോട്, തവിഞ്ഞാല്‍ പഞ്ചായത്തിലെ മക്കിമല എന്നിവടങ്ങളിലും മന്ത്രി സന്ദര്‍ശനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."