ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പിനരികെ എന്‍.ഡി.എയില്‍ മുറുമുറുപ്പ്
പാറ്റ്‌ന: ബിഹാറില്‍ അടുത്ത മാസം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എന്‍.ഡി.എയില്‍ ഘടകക്ഷികള്‍ക്ക് അസ്വസ്ഥത. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വിവിധ കര്‍ഷക ഓര്‍ഡിനന്‍സുകളും ബില്ലുകളും രൂക്ഷമായ എതിര്‍പ്പുകള്‍ നേരിടുന്നതും സഖ്യത്തിലെ അസ്വാരസ്യത്തിനു കാരണമാകുന്നുണ്ട്. കര്‍ഷകദ്രോഹ നയമെന്നാരോപിച്ച് രാജ്യമൊട്ടാകെ പ്രതിഷേധങ്ങള്‍ ആരംഭിച്ചതിനു പിന്നാലെ, കേന്ദ്രമന്ത്രിയും ശിരോമണി അകാലിദള്‍ നേതാവുമായ ഹര്‍സിമ്രത് കൗര്‍ ബാദല്‍ ഇതേ വിഷയത്തില്‍ പ്രതിഷേധമുയര്‍ത്തി രാജിവച്ചതും ബി.ജെ.പിക്കു തിരിച്ചടിയായിരുന്നു.
ഹരിയാനയിലെ പ്രധാന ഘടകകക്ഷിയായ ജെ.ജെ.പി വിഷയത്തില്‍ ബി.ജെ.പിയെ ആശങ്ക അറിയിച്ചിട്ടുണ്ട്. ജന്‍നായക് ജനതാ പാര്‍ട്ടി നേതാവും ഹരിയാന ഉപമുഖ്യമന്ത്രിയുമായ ദുശ്യന്ത് ചൗട്ടാല ഇന്നലെ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറിനെ കണ്ട് പാര്‍ട്ടിയുടെ ആശങ്ക അറിയിച്ചു. പിന്നീട് പാര്‍ട്ടി നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഹരിയാനയിലെ 90 അംഗ നിയമസഭയില്‍ ജെ.പി.പിയുടെ പത്ത് എം.എല്‍.എമാരുടെ പിന്തുണയോടെയാണ് ബി.ജെ.പി ഭരിക്കുന്നത്. ഈ പിന്തുണ ഭരണപക്ഷത്തിന് നിര്‍ണായകവുമാണ്.
ഓര്‍ഡിനന്‍സുകളെയും ബില്ലുകളെയും ശക്തമായി എതിര്‍ക്കുന്നതായി ശിരോമണി അകാലിദള്‍ ഇന്നലെയും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, കേന്ദ്രസര്‍ക്കാരിനു തുടര്‍ന്നും പിന്തുണ നല്‍കുമെന്നാണ് അവരുടെ നിലപാട്. പിന്തുണ പിന്‍വലിക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ഉയര്‍ന്നതായും വിവരമുണ്ട്. പഞ്ചാബിലടക്കം കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍ക്കെതിരേ പ്രതിഷേധം ശക്തമായതോടെയാണ് ശിരോമണി അകാലിദള്‍ മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ നിര്‍ബന്ധിതരായതെന്നാണ് സൂചന.
ഇതിനു പിന്നാലെ ബിഹാറിലെ എന്‍.ഡി.എ ഘടകകക്ഷികളും വിഷയത്തില്‍ ബി.ജെ.പിയെ എതിര്‍പ്പറിയിച്ചുവെന്ന് വിവരമുണ്ട്.
ഹര്‍സിമ്രത് കൗര്‍ ബാദല്‍ കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ചതിനു പിന്നാലെ ഹരിയാനയിലെ ദുശ്യന്ത് ചൗട്ടാലയെ ലക്ഷ്യംവച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. കര്‍ഷകര്‍ക്കു വേണ്ടി അങ്ങ് ഉപമുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുകയെങ്കിലും ചെയ്യൂവെന്നായിരുന്നു കോണ്‍ഗ്രസ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നത്.
ഇതോടെയാണ് ചൗട്ടാല മുഖ്യമന്ത്രിയെ കണ്ടത്. ജെ.പി.പി നേരത്തെ കര്‍ഷകവിരുദ്ധ ബില്ലുകളെ എതിര്‍ത്തിരുന്നു. കേന്ദ്രമന്ത്രിയുടെ രാജിക്കു പിന്നാലെ ജെ.പി.പിക്കുമേല്‍ സമ്മര്‍ദം ശക്തമാകുകയും ചെയ്തിട്ടുണ്ട്. ശിരോമണി അകാലിദളും ജെ.പി.പിയും ശക്തരായ പ്രാദേശ പാര്‍ട്ടികളാണെന്നതിനു പുറമേ, ഇരു പാര്‍ട്ടികളിലെയും മുതിര്‍ന്ന നേതാക്കള്‍ തമ്മില്‍ വ്യക്തിപരമായും കുടുംബപരമായും അടുത്ത ബന്ധങ്ങളുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."