ഡല്‍ഹി-ഹൈദരാബാദ് രണ്ടാം പ്ലേഓഫ് ഇന്ന്
വിശാഖപട്ടണം: ഐ.പി.എല്ലിലെ രണ്ടാം പ്ലേഓഫ് മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഡല്‍ഹി കാപിറ്റല്‍സും തമ്മില്‍ ഏറ്റുമുട്ടും. വിശാഖപട്ടണത്തെ ഡോ. വൈ.എസ് രാജശേഖര റെഡ്ഢി സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ഡല്‍ഹി ഡെയര്‍ ഡെവിള്‍സില്‍ നിന്ന് ഡല്‍ഹി കാപിറ്റല്‍സ് എന്ന പേരിലെ മാറ്റം പോലെ തന്നെ അടിമുടി മാറിയാണ് ഇക്കുറി ഡല്‍ഹി പ്ലേ ഓഫില്‍ ഇടംപിടിച്ചത്. സീസണില്‍ 14 മത്സരങ്ങളില്‍ ഒന്‍പത് മത്സരങ്ങളിലും വിജയിച്ചാണ് ഡല്‍ഹി പ്ലേ ഓഫിലെത്തിയത്. സീസണില്‍ ആറ് മത്സരങ്ങളില്‍ മാത്രം ജയിച്ച ഹൈദരാബാദിനെ മുംബൈ ഇന്ത്യന്‍സിന്റെ സന്ദര്‍ഭോജിത ഇടപെടലാണ് പ്ലേ ഓഫിലെത്തിച്ചത്. നിര്‍ണായക മത്സരത്തില്‍ മുംബൈ കൊല്‍ക്കത്തയെ പരാജയപ്പെടുത്തിയതോടെ റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ഹൈദരാബാദ് പ്ലേ ഓഫ് ഉറപ്പിക്കുകയായിരുന്നു. ഗ്രൂപ്പ്ഘട്ട മത്സരങ്ങളില്‍ ഇരുടീമുകളും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ഓരോ വിജയം ഇരുവരും സ്വന്തമാക്കിയിട്ടുണ്ട്. ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് അഞ്ച് വിക്കറ്റിന് ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ഡല്‍ഹി 39 റണ്‍സിന് മത്സരം സ്വന്തമാക്കി.
പക്ഷേ ഓപ്പണിങ് കൂട്ടുകെട്ടില്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തുന്ന ഹൈദരാബാദിന് ഡേവിഡ് വാര്‍ണറുടെയും ജോണി ബൈര്‍സ്‌റ്റോവിന്റെയും അഭാവം തിരിച്ചടിയാവും. കഴിഞ്ഞ മത്സരത്തില്‍ തകര്‍പ്പന്‍ തിരിച്ചുവരവുമായി ടീമിനെ മുന്നോട്ട് നയിച്ച കെയ്ന്‍ വില്യംസണും മനീഷ് പാണ്ഡെയുമാണ് ടീമിന്റെ പ്രതീക്ഷ. ഓപ്പണിങ്ങില്‍ സാഹയും മാര്‍ട്ടിന്‍ ഗുപ്റ്റിലും തിളങ്ങിയാല്‍ ഹൈദരാബാദിന് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താം. മധ്യനിരയില്‍ മികച്ച താരങ്ങളുണ്ടായിട്ടും സ്ഥിരത പുലര്‍ത്താത്തത് ഹൈദരാബാദിന് വെല്ലുവിളിയാണ്. വിജയ് ശങ്കര്‍, യൂസഫ് പത്താന്‍ എന്നിവര്‍ ഈ സീസണില്‍ മികവ് പുലര്‍ത്തിയിട്ടില്ല. ബൗളിങ്ങില്‍ പ്രതീക്ഷയായ റാഷിദ് ഖാന്‍ റണ്‍സ് വിട്ടുകൊടുക്കുന്നതും ഹൈദരാബാദിന് തിരിച്ചടിയാണ്.
ദക്ഷിണാഫ്രിക്കന്‍ പേസര്‍ റബാദയുടെ അഭാവം ഡല്‍ഹിക്കും തിരിച്ചടിയാണ്. ഓപ്പണിങ്ങില്‍ മുന്‍ ഹൈദരാബാദ് താരം ശിഖര്‍ ധവാനിലാണ് ടീമിന്റെ മുഴുവന്‍ പ്രതീക്ഷയും. മധ്യനിരയില്‍ ഋഷഭ് പന്ത്, ക്യാപ്റ്റന്‍ ശ്രേയസ് അയര്‍ എന്നിവരും ടീമിന്റെ നെടുംതൂണാണ്. ഓപ്പണിങ്ങില്‍ യുവതാരം പൃഥി ഷാ മികവ് കണ്ടെത്താത്തത് ഡല്‍ഹിക്ക് തിരിച്ചടിയാണ്. ബൗളിങ്ങില്‍ ഇഷാന്ത് ശര്‍മയും ട്രെന്റ് ബോള്‍ട്ടുമാണ് ഡല്‍ഹിയുടെ പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."