കോഴിക്കോട് വീണ്ടും പനി മരണം
കോഴിക്കോട്: പനി ബാധിച്ച് കോഴിക്കോട് ഒരാള്‍ കൂടി മരണപ്പെട്ടു. എരഞ്ഞിക്കല്‍ സ്വദേശി അനില്‍കുമാര്‍(52) ആണ് മരിച്ചത്. എലിപ്പനിയാണെന്നാണ് സംശയം. ഇയാള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.
കോഴിക്കോട് ജില്ലയില്‍ ഇന്നലെ രണ്ടുപേര്‍ കൂടി എലിപ്പനി ബാധിച്ച് മരിച്ചിരുന്നു. മുക്കം വല്ലത്തായ്പ്പാറ കവളോറ പരേതനായ ചെലപ്പുറത്ത് ഹുസൈന്റെ മകന് സലിംഷാ (42), വടകര കുട്ടോത്ത് ഓലയാട്ട് താഴെ ഉജേഷ് (38) എന്നിവരാണ് മരിച്ചത്. മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രിയാണ് സലിംഷാ മരിച്ചത്. ജില്ലയില്‍ 13 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 25 സംശയാസ്പദമായ കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
എലിപ്പനി പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ 13 ജില്ലകളില്‍ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. എലിപ്പനി മരണങ്ങളുടെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് കഴിഞ്ഞദിവസം ചികിത്സാ പ്രോട്ടോക്കോള്‍ പുറത്തിറക്കിയിരുന്നു. രക്ഷാപ്രവര്‍ത്തകരും സന്നദ്ധപ്രവര്‍ത്തകരും ആഴ്ചയിലൊരിക്കല്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളിക കഴിക്കണമെന്നാണ് പ്രോട്ടോക്കോളിലുള്ളത്. നിലവില്‍ 39 പേരാണ് സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."