പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി പണംതട്ടിയ കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍
കണ്ണൂര്‍: പ്രവാസി വ്യവസായിയായ ആലുവ സ്വദേശിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച ശേഷം അഞ്ചുലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ മൂന്നുപേരെ പൊലിസ് അറസ്റ്റുചെയ്തു. കണ്ണൂര്‍ കണ്ണാടിപ്പറമ്പിലെ പുളിക്കല്‍ വീട്ടില്‍ പി. റഈസ് (28), മൊട്ടേന്റവിട വീട്ടില്‍ എസ്. സന്ദീപ് (27), പുല്ലൂപ്പി ചര്‍ച്ചിനു സമീപത്തെ കെ. റനില്‍ (25) എന്നിവരെയാണു ടൗണ്‍ സി.ഐ ടി.കെ രത്‌നകുമാര്‍, എസ്.ഐ ശ്രീജിത്ത് കൊടേരി എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്. അഞ്ചംഗ സംഘമാണു ആലുവ കീഴ്മാട് കാട്ടുങ്ങല്‍ വീട്ടില്‍ മുഹമ്മദ് അശ്‌റഫിനെയാണു തട്ടിക്കൊണ്ടുപോയത്. ക്വട്ടേഷന്‍ സംഘം വ്യാപാരിയെ തടവിലാക്കിയ സ്ഥലവും പൊലിസ് കണ്ടെത്തി.
പുതിയതെരുവിലെ ഹോട്ടലിലായിരുന്നു അശ്‌റഫ് താമസിച്ചിരുന്നത്. ഡ്രൈവറുടെ സുഹൃത്താണെന്നും ഉച്ചഭക്ഷണം തന്റെ വീട്ടില്‍ നിന്ന് കഴിക്കാമെന്നും പറഞ്ഞ് അശ്‌റഫിനെ ക്വട്ടേഷന്‍ സംഘത്തിലെ ഒരാള്‍ കൂട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
കണ്ണാടിപ്പറമ്പില്‍ കാത്തുനിന്ന മറ്റു നാലുപേര്‍ ആള്‍താമസമില്ലാത്ത വീട്ടില്‍ എത്തിച്ച ശേഷം ക്രൂരമായി മര്‍ദിച്ച് കൈയിലുണ്ടായിരുന്ന 12,500 രൂപയും റാഡോ വാച്ചും എ.ടി.എം കാര്‍ഡും കൈക്കലാക്കി പാസ്വേഡ് ചോദിച്ചുവാങ്ങി. സംഭവം നടന്ന ദിവസം രാത്രി 11.30നും 12.30നും ഇടയിലാണു പണം പിന്‍വലിച്ചത്. ക്രൂരമായി മര്‍ദനമേറ്റ അശ്‌റഫ് കണ്ണൂരിലെയും കൊച്ചിയിലെയും ആശുപത്രികളില്‍ ചികിത്സ തേടി.
പിടിയിലായ പ്രതികളുമായി പൊലിസ് കണ്ണാടിപ്പറമ്പിലും കണ്ണൂര്‍ തളാപ്പിലും തെളിവെടുപ്പ് നടത്തി. ഇവരെ ജുഡീഷ്യല്‍ ഒന്നാംക്ലാസ് കോടതി (ഒന്ന്) റിമാന്‍ഡ് ചെയ്തു. കേസിലെ മറ്റു രണ്ടുപേര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."