HOME
DETAILS
MAL
സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടും ഉന്നത വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കിയില്ല
backup
September 21 2020 | 01:09 AM
കല്‍പ്പറ്റ: കോളജിയേറ്റ് എജ്യൂക്കേഷനില്‍ ലക്ച്ചറര്‍ തസ്തികയിലേക്കുള്ള മത്സര പരീക്ഷയില്‍ പങ്കെടുക്കാന്‍ പിന്നോക്ക-ഭിന്നശേഷിക്കാര്‍ക്ക് മാര്‍ക്കിളവ് നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടും ഇതിനനുസൃതമായി നിയമനിര്‍മ്മാണം നടത്തുകയോ ഉത്തരവ് പുറപ്പെടുവിക്കുകയോ ചെയ്യാതെ ഉന്നത വിദ്യഭ്യാസവകുപ്പ്.
2018 ഏപ്രിലില്‍ സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശമാണ് വര്‍ഷം രണ്ടു കഴിഞ്ഞിട്ടും ഉന്നത വിദ്യഭ്യാസ വകുപ്പിന്റെ എഫ് സെക്ഷനില്‍ ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുന്നത്.
ലക്ച്ചറര്‍ തസ്തികയിലേക്ക് മത്സര പരീക്ഷയെഴുതാന്‍ 55 ശതമാനം മാര്‍ക്കായിരുന്നു എല്ലാവര്‍ക്കും വേണ്ടിയിരുന്നത്.
ഇതില്‍ എസ്.സിഎസ്.ടി വിഭാഗക്കാര്‍ക്ക് അഞ്ച് ശതമാനം മാര്‍ക്ക് ഇളവുണ്ടായിരുന്നു. എന്നാല്‍ മറ്റ് സംവരണ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കെല്ലാം 55 ശതമാനം മാര്‍ക്കുണ്ടെങ്കിലേ പരീക്ഷക്ക് അപേക്ഷിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ.
യു.ജി.സി നെറ്റിനും ഇതേ മാനദണ്ഡമായിരുന്നു നിലവിലുണ്ടായിരുന്നത്.
എന്നാല്‍ യു.ജി.സി നെറ്റിന് അപേക്ഷിക്കാന്‍ പിന്നോക്ക-ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ക്ക് മറ്റുള്ളവരുടെ അതേ മാര്‍ക്ക് വേണമെന്ന മാനദണ്ഡം സുപ്രിം കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടതോടെ മാറ്റമുണ്ടായി.
ഇവര്‍ക്ക് മാര്‍ക്കിളവ് നല്‍കണമെന്ന് സുപ്രിം കോടതി യു.ജി.സിയോട് നിര്‍ദേശിച്ചു. ഇതേതുടര്‍ന്ന് 2017ല്‍ യു.ജി.സി പിന്നാക്ക-ഭിന്നശേഷിക്കാര്‍ക്ക് കൂടി അഞ്ച് മാര്‍ക്കിന്റെ ഇളവ് നല്‍കി. ഇത് രാജ്യത്തെ ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ക്ക് ഗുണകരമായി.
സുപ്രിം കോടതിയുടെയും ദേശീയ ഭിന്നശേഷ കമ്മിഷന്റെയും നിര്‍ദേശം ശ്രദ്ധയില്‍പ്പെട്ട സംസ്ഥാന ഭിന്നശേഷി കമ്മിഷനും ന്യൂനപക്ഷ കമ്മിഷനും കേരളത്തിലെ കോളജിയേറ്റ് എജ്യൂക്കേഷനില്‍ ലെക്ച്ചറര്‍ തസ്തികയിലേക്കുള്ള മത്സര പരീക്ഷകളിലും ഈ മാനദണ്ഡം പാലിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഇതേതുടര്‍ന്ന് 2018 ഏപ്രിലില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതി, ദേശീയ ഭിന്നശേഷി കമ്മിഷന്‍, സംസ്ഥാന ഭിന്നശേഷി കമ്മിഷന്‍, ന്യൂനപക്ഷ കമ്മിഷന്‍ എന്നിവരുടെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ മാര്‍ക്കില്‍ ഇളവ് നല്‍കാന്‍ തീരുമാനമെടുത്തു.
2018 ഏപ്രില്‍ 13ന് ഉത്തരവും ഇറക്കി. ഇത് നിയമനിര്‍മാണം നടത്താനായി ഉന്നത വിദ്യഭ്യാസ വകുപ്പിന് കൈമാറുകയും ചെയ്തു. എന്നാല്‍ രണ്ട് വര്‍ഷവും അഞ്ചുമാസവും പിന്നിട്ടിട്ടും ഇത്തരത്തിലൊരു നിയമനിര്‍മാണമോ ഉത്തരവ് ഇറക്കലോ ഉന്നത വിദ്യഭ്യാസ വകുപ്പ് നടത്തിയില്ല.
നിയമനിര്‍മാണം നടത്തി വിജ്ഞാപനം ഗസറ്റില്‍ പ്രസിദ്ധീകരിക്കാത്തതു കാരണം ഈ തസ്തികകളിലേക്ക് വരുന്ന മത്സരപരീക്ഷളില്‍ 55 ശതമാനത്തില്‍ താഴെ മാര്‍ക്കുള്ളവര്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കുന്നില്ല.
വിജ്ഞാപനം വന്നെങ്കില്‍ മാത്രമെ പി.എസ്.സിക്കും ഈ വിഷയത്തില്‍ നടപടികളെടുക്കാന്‍ സാധിക്കൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."