അന്ധകാരനഴിയിലെ എക്കല്‍ മണ്ണെടുക്കാന്‍ അനുവദിക്കണമെന്ന്
ചേര്‍ത്തല: അന്ധകാരനഴി അഴിമുഖത്തടിയുന്ന എക്കല്‍മണല്‍ നീക്കം ചെയ്യാന്‍ മണല്‍ തൊഴിലാളികളെ അനുവദിക്കണമെന്ന ആവശ്യവുമായി തൊഴിലാളി പ്രതിനിധികളും സാമൂഹ്യപ്രവര്‍ത്തകരും. ഇതു സംമ്പന്ധിച്ച് ഇവര്‍ ജില്ലാ കളക്ടര്‍ക്കു നിവേദനം നല്‍കി. എക്കല്‍ വള്ളങ്ങളില്‍ മാറ്റാന്‍ പ്രദേശത്തുള്ള തൊഴിലാളികള്‍ക്ക് 2012 ഓഗസ്റ്റില്‍ കലക്ടര്‍ അനുമതി നല്‍കിയിരുന്നു. ഇതു നടപ്പാക്കണമെന്നാണ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്.
ചില പ്രാദേശിക രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ചേര്‍ന്ന് ഇതട്ടിമറിക്കുകയാണെന്ന് വിഷയത്തില്‍ കോടതിയെസമീപിച്ച പ്രദേശവാസിയായ കെ.കെ.സിദ്ധാര്‍ഥന്‍, തൊഴിലാളി പ്രതിനിധികളായ എന്‍.ആര്‍.നടേശന്‍, തോമസ് അറുകാട്ടില്‍, പി.ജെ.മാത്യു, പി.വി.പവിക്കുട്ടി തുടങ്ങിയവര്‍ ആരോപിച്ചു. പരമ്പരാഗതമായി പ്രദേശവാസികളായ വള്ളതൊഴിലാളികള്‍ പൊഴിമുഖത്തടിയുന്ന എക്കലെടുത്താണ് പ്രദേശത്തെ വെള്ളക്കെട്ടിനു പരിഹാരം കണ്ടിരുന്നത്. ഇതിനു വളളം കടക്കുന്നതരത്തിലാണ് അന്ധകാരനഴി ഷട്ടറുകള്‍ നിര്‍മ്മിച്ചിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.
തൊഴിലാളികളെ എക്കലെടുക്കുന്നതു തടഞ്ഞതോടെ മണ്‍സൂണ്‍ കാലത്ത് പൊഴിമുറിക്കാന്‍ ലക്ഷങ്ങള്‍ ഖജനാവില്‍ നിന്നും മുടക്കേണ്ട സ്ഥതിയിലാണ്. ഇത്തരത്തില്‍ നിരവധിതവണ പണം ചെലവഴിക്കുന്നു.
പ്രദേശവാസികളായ 600ല്‍പരം പേരാണ് എക്കല്‍ വള്ളത്തില്‍ ശേഖരിക്കുന്നത്. മണല്‍ വാഹനങ്ങളില്‍ കയറ്റികൊണ്ടുപോകുന്നതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ നിയന്ത്രിക്കുന്നതിനുപകരം പ്രദേശത്തെ തൊഴിലാളികളെയാണ് അധികൃതര്‍ വിലക്കിയിരിക്കുന്നത്. എക്കല്‍മണല്‍ പരമ്പരാഗതരീതിയില്‍ മാറ്റി നീരൊഴുക്കു സുഗമമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും തൊഴിലാളികള്‍ ആവശ്യപെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."