HOME
DETAILS
MAL
പള്ളിത്തര്‍ക്കത്തില്‍ സമവായമില്ല
backup
September 22 2020 | 00:09 AM
തിരുവനന്തപുരം: യാക്കോബായ, ഓര്‍ത്തോഡക്‌സ് സഭകള്‍ തമ്മിലുള്ള പള്ളിത്തര്‍ക്കം തീര്‍ക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടിട്ടും സമയവായമായില്ല. ഇരു സഭകളും തങ്ങളുടെ നിലപാടില്‍ ഉറച്ചു നിന്നതോടെ ഒത്തുതീര്‍പ്പിലെത്താതെ പിരിഞ്ഞു. തര്‍ക്കം തീര്‍ക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച മന്ത്രിസഭ ഉപസമിതി നിരവധി തവണ ഇരു വിഭാഗവുമായി ചര്‍ച്ച നടത്തിയെങ്കിലും സമവായത്തിലെത്താനായിരുന്നില്ല.
സുപ്രിംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പള്ളികള്‍ ഏറ്റെടുക്കാനുള്ള നടപടി തുടര്‍ച്ചയായി സംഘര്‍ഷങ്ങളില്‍ കലാശിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി നേരിട്ട് ഇരു വിഭാഗങ്ങളെയും വെവ്വേറെ ചര്‍ച്ചക്ക് വിളിച്ചത്.
യാക്കോബായാ വിഭാഗവുമായിട്ടായിരുന്നു ആദ്യം ചര്‍ച്ച നടന്നത്. രാവിലെ 11 ന് ആരംഭിച്ച ചര്‍ച്ച ഒരുമണിക്കൂറോളം നീണ്ടു നിന്നു. തര്‍ക്കം നിലനില്‍ക്കുന്ന പള്ളികളില്‍ ഹിതപരിശോധന നടത്തി അന്തിമ തീരുമാനം കൈക്കൊള്ളണമെന്ന ആവശ്യമായിരുന്നു യാക്കോബായ വിഭാഗം മുഖ്യമന്ത്രിക്കു മുന്നില്‍ പ്രധാനമായും വച്ചത്.
യാക്കോബായ വിഭാഗത്തിനു മൃഗീയ ഭൂരിപക്ഷമുള്ള പള്ളികള്‍ പോലും കോടതി വിധിയുടെ പശ്ചാത്തലത്തില്‍ നഷ്ടമാകുന്ന സാഹചര്യം പരിഗണിച്ച് നിയമനിര്‍മാണം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാവണമെന്ന ആവശ്യവും ഇവര്‍ മുന്നോട്ടുവച്ചു. തങ്ങള്‍ നേരിടുന്ന പ്രതിസന്ധികള്‍ സംബന്ധിച്ച് വ്യക്തമായ കത്ത് മുഖ്യമന്ത്രിക്ക് കെമാറിയിട്ടുണ്ടെന്നു ചര്‍ച്ചയ്ക്ക് ശേഷം യാക്കോബായ സഭാ പ്രതിനിധികള്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഉച്ചകഴിഞ്ഞായിരുന്നു ഓര്‍ത്തഡോക്‌സ് വിഭാഗവുമായി ചര്‍ച്ച നടന്നത്. സുപ്രിംകോടതി വിധിക്ക് ഉള്ളില്‍ നിന്നുള്ള ചര്‍ച്ചകള്‍ക്ക് സഭ തയാറാണെന്നും ഹിതപരിശോധനയെന്നത് പ്രായോഗികമല്ലെന്നുമായിരുന്നു ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ നിലപാട്. ആരെങ്കിലും സഭയില്‍ നിന്നും പിരിഞ്ഞുപോകണമെന്നു തങ്ങള്‍ക്ക് നിലപാടില്ലെന്നും ഇവര്‍ വ്യക്തമാക്കി.
ഇരുവിഭാഗങ്ങളും നിലപാടുകള്‍ മുഖ്യമന്ത്രിയെ അറിയിച്ച സ്ഥിതിക്ക് രണ്ടു കൂട്ടരേയും ഒരുമിച്ചിരുത്തി വീണ്ടും ചര്‍ച്ച നടത്താനാണ് സര്‍ക്കാര്‍ നീക്കം. ഇക്കാര്യത്തില്‍ 10 ദിവസത്തിനുള്ളില്‍ തീരുമാനം ഉണ്ടാകും. ഇനിയും ചര്‍ച്ചയ്ക്ക് വിളിച്ചാല്‍ പങ്കെടുക്കുമെന്നു ഇരുവിഭാഗവും അറിയിച്ചിട്ടുണ്ട്.
2017 ലെ സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ യാക്കോബായ സഭയുടെ നിരവധി പള്ളികള്‍ അവര്‍ക്ക് നഷ്ടമായിരുന്നു. ശവസംസ്‌കാരം സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ വ്യാപകമായപ്പോള്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നാണ് ഇതുസംബന്ധിച്ചുള്ള പ്രശ്‌നം പരിഹരിച്ചത്.
ചര്‍ച്ചയില്‍ യാക്കോബായ സഭയെ പ്രതിനിധീകരിച്ച് മെത്രാപ്പോലീത്തമാരായ തോമസ് മാര്‍ തീമോത്തിയോസ്, ഡോ. കുര്യാക്കോസ് മാര്‍ തേയോഫിലോസ്, ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് എന്നിവരാണ് പങ്കെടുത്തത്. ഓര്‍ത്തഡോക്‌സ് വിഭാഗത്തില്‍ നിന്നു യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ്, ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്, ഡോ. തോമസ് മാര്‍ അത്താനാസിയോസ് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."