ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുവാന്‍ എല്ലാവരും തയ്യാറാവണം: മന്ത്രി എ.കെ ബാലന്‍
ആലപ്പുഴ: നവകേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ ഒരേ മനസോടെയുള്ള കൂട്ടായ പ്രവര്‍ത്തനം വേണമെന്ന് മന്ത്രി എ.കെ ബാലന്‍. ചെങ്ങന്നൂരിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടപ്പാക്കുന്ന കുട്ടികള്‍ക്കൊരു കൈത്താങ്ങ് എന്ന പദ്ധതിവഴി കുപ്പിവെള്ളവും, നോട്ടുബുക്ക് വിതരണോദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുത്തന്‍കാവ് ഗവ യു.പി സ്‌കൂളിലെ പ്രഥമാധ്യാപികക്ക് നോട്ടുബുക്കും കുടിവെള്ളവും നല്‍കിയാണ് മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്.
ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.സുധാമണി അധ്യക്ഷത വഹിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയോജിതവും ഫലപ്രദവുമായ ഇടപെടല്‍ മൂലമാണ് വലിയ ദുരന്തത്തില്‍ നിന്നും നമുക്ക് രക്ഷനേടാനായതെന്ന് മന്ത്രി പറഞ്ഞു. ദുരിത ബാധിതരെ പുനരധിവസിപ്പിക്കുവാനുള്ള ശ്രമമാണ് ഇനി നാം ഏറ്റെടുക്കേണ്ടത്. സ്ഥായിയായ പുനരധിവാസമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുവാന്‍ എല്ലാവരും തയ്യാറാകണം.
സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിനിധിയിലേക്ക് നല്‍കണമെന്നുള്ള ആഹ്വാനം ഏറെ സന്തോഷത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനക്കായി മന്ത്രിമാര്‍ തന്നെ മുന്‍കൈയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ജില്ലകളിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗങ്ങള്‍ വിളിക്കും. അതോടൊപ്പം ജനപ്രതിനിധികളുടെ യോഗം കൂടുമെന്നും മന്ത്രി പറഞ്ഞു.
സജി ചെറിയാന്‍ എം.എല്‍.എ, മുനിസിപ്പല്‍ ചെയര്‍മാന്‍ ജോണ്‍ മുളങ്കാട്ടില്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജോജി ചെറിയാന്‍, ജെപിന്‍ പി.വിര്‍ഗീസ്, ചെങ്ങന്നൂര്‍ എ.ഇ.ഒ എല്‍. ബിന്ദു, നഗരസഭാ കൗണ്‍സിലര്‍ വി.വി അജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വെള്ളപ്പൊക്ക ദുരിത മേഖലയിലെ സ്‌കൂളുകളിലെ അധ്യാപകര്‍, പി.റ്റി.എ, മാതൃസമിതി എന്നിവയുടെ നേതൃത്വത്തിലാണ് കിറ്റുകള്‍ ഏറ്റുവാങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."