നെല്ലിന്റെ ഓല കരിച്ചിലിനെതിരെ രോഗ നിയന്ത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന്
പട്ടാമ്പി: വിള നഷ്ടം ഒഴിവാക്കാന്‍ നെല്ലിന്റെ ഓല കരിച്ചിലിനെതിരെ രോഗ നിയന്ത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് പട്ടാമ്പി പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം അറിയിച്ചു.
പാലക്കാട് ജില്ലയിലെ മിക്ക പ്രദേശങ്ങളിലെ നെല്‍പാടങ്ങളിലും ഓല കരിച്ചില്‍ വ്യാപമായി കാണുന്നുണ്ട്. എല്ലാ പ്രായത്തിലുള്ള നെല്ലിലും രോഗം കാണുന്നുണ്ട്. ഇലകളുടെ അറ്റത്തു നിന്ന് തുടങ്ങി വശങ്ങളിലൂടെ താഴേക്കിറങ്ങുന്ന വൈക്കോല്‍ നിറത്തിലുള്ള കരിച്ചിലാണ് പ്രധാന രോഗ ലക്ഷണം. ഇല മഞ്ഞളിപ്പായും ചിലപ്പോള്‍ രോഗലക്ഷണം കാണാറുണ്ട്. മഴയും വെള്ളക്കെട്ടും രോഗ തീവ്രത കൂട്ടും.
സാന്തോമൊണാസ് ഒറൈസേ എന്ന ഒരു ബാക്റ്റീരിയ ആണ് രോഗമുണ്ടാക്കുന്നതു. ആരംഭ ദശയില്‍ ചാണകത്തെളി തളിക്കുന്നത് ഫലപ്രദമാണ്. 20ഗ്രാം പച്ച ചാണകം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി അതിന്റെ തെളി അരിച്ചെടുത്തതാണ് തളിക്കാനുള്ള ലായനി ഉണ്ടാക്കേണ്ടത്.
ഒരു ഏക്കറിന് 150200 ലിറ്റര്‍ വേണ്ടിവരും. 10 ദിവസം ഇടവിട്ടു രണ്ട് പ്രാവശ്യമെങ്കിലും തളിക്കേണ്ടിവരും. സ്യൂഡോമോണസ് ഫ്‌ലൂറസെന്‍സ് എന്ന ബാക്റ്റീരിയ അടങ്ങിയ കൂട്ട് ലിറ്ററിന് 10 ഗ്രാം എന്ന തോതില്‍ കലക്കി തളിക്കുന്നതും നല്ലതാണ്. രോഗം അധികരിച്ച പാടങ്ങളില്‍ സ്‌ട്രെപ്‌റ്റോസൈക്ലിന്‍ എന്ന ആന്റി ബയോട്ടിക് 6ഗ്രാം 40 ലിറ്റര്‍ വെള്ളത്തിന് എന്ന നിരക്കില്‍ കലക്കി തളിക്കണം.
ഒരു ഏക്കറിന് 200 ലിറ്റര്‍ എന്ന തോതില്‍ തളിക്കേണ്ടി വരും. രോഗം വരുത്തുന്ന ബാക്റ്റീരിയ മണ്ണിലൂടെയും വെള്ളത്തിലൂടെയും പകരുന്നതാണ് . മണ്ണിലും വെള്ളത്തിലും ഉള്ള ബാക്ടീരിയകളെ നശിപ്പിക്കുന്നതിന് വേണ്ടി ഏക്കറിന് 2കിലോ തോതില്‍ ബ്ലീച്ചിങ് പൌഡര്‍ ഇടണം.
തുണിയില്‍ ചെറിയ കിഴികളാക്കി പലസ്ഥലങ്ങളില്‍ ഇടണം. പാലുറക്കുന്നത്വരെയുള്ള ഘട്ടങ്ങളില്‍ ഈ രീതികള്‍ രോഗനിയന്ത്രണത്തിനു സഹായിക്കും. അതിനു ശേഷം ഉള്ള ഘട്ടങ്ങളില്‍ രോഗനിയന്ത്രണം വിഷമമാണ്. രോഗ ലക്ഷണം കാണുന്ന പാടങ്ങളില്‍ നൈട്രജന്‍ വളങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."