പി.എം.എ.വൈ- ക്രെഡിറ്റ് ലിങ്ക്‌സ് സബ്‌സിഡി പദ്ധതി തുടങ്ങും
മലപ്പുറം: ആറുലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്കും വീടു നിര്‍മിക്കുന്നതിനു പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി വഴി പലിശയിളവോടെ വായ്പ നല്‍കുന്ന ക്രെഡിറ്റ് ലിങ്ക്‌സ് സബ്‌സിഡി പദ്ധതി തുടങ്ങാന്‍ മലപ്പുറം നഗരസഭ കൗണ്‍സില്‍ അംഗീകാരമായി. മലപ്പുറത്ത് 1230 വീടുകള്‍ക്കാണു ലോണ്‍ ലഭിക്കുക.
അപേക്ഷകര്‍ക്കു ബാങ്കുകള്‍ ഈടാക്കുന്ന പലിശ നിരക്കില്‍ നിന്ന് 6.5 ശതമാനം കുറഞ്ഞ നിരക്കില്‍ 15 വര്‍ഷത്തേക്ക് വായ്പ ലഭിക്കുന്ന പദ്ധതിയാണു ക്രെഡിറ്റ് ലിങ്ക്‌സ് സബ്‌സിഡി. ആറുലക്ഷം രൂപയാണു വായ്പാപരിധി. ഇതിനു മുകളിലുള്ള തുകയ്ക്ക് അപേക്ഷിക്കുന്നവര്‍ക്കു പണം ലഭ്യമാകുമെങ്കിലും സാധാരണ ബാങ്കുകള്‍ ഈടാക്കുന്ന പലിശ നല്‍കേണ്ടി വരും. മറ്റു സബ്‌സിഡി ലോണുകള്‍ നിലവിലുള്ളവര്‍ക്കു വായ്പ ലഭിക്കില്ല. ഇതു സംബന്ധിച്ച കൗണ്‍സിലര്‍മാര്‍ക്കുള്ള പരിശീലനം നഗരസഭ ചെയര്‍പേഴ്‌സന്‍ സി.എച്ച് ജമീല ടീച്ചറുടെ അധ്യക്ഷതയില്‍ നടന്നു. പരിശീലനത്തിന് ബിനു ഫ്രാന്‍സിസ് നേതൃത്വം നല്‍കി. സാങ്കേതിക കാരണങ്ങളാല്‍ പ്ലാന്‍ പെര്‍മിഷന്‍ ലഭിക്കാത്ത 300 ഓളം വീടുകള്‍ നഗരസഭ പരിധിയിലുള്ളതായി കൗണ്‍സിലര്‍മാര്‍ യോഗത്തെ അറിയിച്ചു. ഇതു പഠിച്ചു വേഗത്തില്‍ അംഗീകാരം ലഭ്യമാകുന്നതിനു വേണ്ട നടപടി സ്വീകരിക്കുമെന്നു മിഷന്‍ ഡയരക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."