മെട്രോ ഉദ്ഘാടനം ചെയ്യുമ്പോള്‍ പാര്‍ക്കിങ് ഏരിയകളും സജ്ജമാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍
കൊച്ചി: മെട്രോ ഉദ്ഘാടനം ചെയ്യുന്നതോടൊപ്പം നഗരത്തിലെ പാര്‍ക്കിങ് സൗകര്യങ്ങളും സജ്ജമാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ്.
എറണാകുളം മഹാരാജാസ് കോളേജ് മുതല്‍ ആലുവ വരെ മെട്രോപാതക്ക് താഴെ പരിശോധിച്ച് പാര്‍ക്കിങ് ഏരിയകള്‍ തയ്യാറാക്കണമെന്ന് കമ്മിഷന്‍ ആക്ടിങ് അധ്യക്ഷന്‍ പി.മോഹനദാസ് കൊച്ചി മെട്രോ ജനറല്‍ മാനേജര്‍ക്ക് നിര്‍ദേശം നല്‍കി.
മെട്രോ റയില്‍ കടന്നുപോകുന്നിടത്ത് തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ക്കും സര്‍ക്കാരിനും ലഭ്യമായ സ്ഥലങ്ങളില്‍ പാര്‍ക്കിങ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. തറനിരപ്പിലും ബഹുനിലകളിലുമായി പാര്‍ക്കിങ് ഒരുക്കാന്‍ നടപടി സ്വീകരിക്കണമെന്നും കമ്മിഷന്‍ ആലുവ, തൃക്കാക്കര, കളമശേരി, കൊച്ചി നഗരസഭാ സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി.
റോഡിന് ഇരുവശത്തുമുള്ള കാനകള്‍ ബലപ്പെടുത്തണം. അതിനു മുകളില്‍ കോണ്‍ക്രീറ്റ് സ്ലാബ് ഇട്ട് യാത്രക്കാര്‍ക്ക് സുഗമമായി നടക്കാനുള്ള സൗകര്യം ഒരുക്കണം. ഇതിനാവശ്യമായ ഫണ്ട് അനുവദിച്ചിട്ടുള്ളതായി പൊതുമരാമത്ത് അറിയിച്ച പശ്ചാത്തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ സംബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് കമ്മിഷന്‍ പൊതുമരാമത്ത് (നിരത്തുകളും പാലങ്ങളും വിഭാഗം) എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് നിര്‍ദേശം നല്‍കി.
ഇടപ്പള്ളി മുതല്‍ കലൂര്‍ ജങ്ഷന്‍ വരെയുള്ള നടപ്പാത കാല്‍നട യാത്രക്കാര്‍ക്കായി കൊച്ചിമെട്രോ പുനരുദ്ധീകരിക്കണം.എറണാകുളം നഗരത്തിലെ വാഹന പാര്‍ക്കിങിന്റെ അപര്യാപ്തതക്കെതിരേ ടി.കെ അബ്ദുള്‍ അസീസ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
പാര്‍ക്കിങ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് പഠനം നടത്തിയതായി കൊച്ചി മെട്രോ ജനറല്‍ മാനേജര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. മെട്രോയും ഫീഡര്‍ ബസും വരുന്നതോടെ ജനങ്ങള്‍ പൊതു വാഹന സൗകര്യം ഉപയോഗപ്പെടുത്തും. മെട്രോ പാതക്ക് താഴെ പാര്‍ക്കിങ് അനുവദിക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."