നിലയ്ക്കലിനെ ബേസ് ക്യാംപാക്കി മാറ്റും: മന്ത്രി കടകംപള്ളി
തിരുവനന്തപുരം: ശബരിമലയിലെ മണ്ഡല, മകര വിളക്ക് തീര്‍ഥാടനം സംബന്ധിച്ച് അവലോകനം നടത്താന്‍ ഉന്നതതല യോഗം ചേര്‍ന്നു. തീര്‍ഥാടനകാലത്ത് നിലയ്ക്കലിനെ ബേസ് ക്യാംപാക്കി മാറ്റുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പൊലിസ് ഉദ്യോഗസ്ഥര്‍ക്കും കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കും നിലയ്ക്കലില്‍ താല്‍ക്കാലിക താമസസൗകര്യം ഒരുക്കും.
പ്രളയത്തെ തുടര്‍ന്ന് പമ്പയില്‍ മണ്ണിനടിയിലായ പാലങ്ങളുടെ ബലക്ഷയ പരിശോധന നടത്തും. പമ്പയിലേക്കുള്ള റോഡുകളുടെ തകരാറുകള്‍ ടാറ്റാ പ്രൊജക്ട്‌സ് ലിമിറ്റഡ് എന്ന കമ്പനി യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിക്കും. ഇതിന്റെ മേല്‍നോട്ടത്തിന് ഉന്നതതല കമ്മിറ്റിയെ മന്ത്രിസഭായോഗം നിയോഗിച്ചിട്ടുണ്ട്. തീര്‍ഥാടനത്തിന് മുന്‍പ് പണികളെല്ലാം പൂര്‍ത്തിയാക്കേണ്ടതുണ്ട്. പ്രളയ ദുരന്തത്തിന്റെ പശ്ചാത്തത്തില്‍ എല്ലാ വകുപ്പുകളും കൂടുതല്‍ ഉത്തരവാദിത്തത്തോടെ ശബരിമല മണ്ഡല, മകരവിളക്ക് തീര്‍ഥാടന കാലത്തിന്റെ മുന്നൊരുക്കങ്ങളിലും നടത്തിപ്പിലും പങ്കാളികളാകണമെന്നും മന്ത്രി നിര്‍ദേശിച്ചു.
പ്ലാസ്റ്റിക് നിരോധനം അടക്കമുള്ള നിയന്ത്രണങ്ങള്‍ തീര്‍ഥാടനകാലത്ത് കര്‍ശനമായി നടപ്പാക്കും. പുല്ലുമേട് വഴിയുള്ള യാത്രക്ക് കൂടുതലാളുകള്‍ക്ക് സൗകര്യമൊരുക്കും. റോഡ് നിര്‍മാണത്തിനും നവീകരണത്തിനുമായി 200 കോടി അനുവദിച്ചിട്ടുണ്ട്. പമ്പയിലെ വൈദ്യുതി തടസം ഉടന്‍ പരിഹരിക്കാനും തീരുമാനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."