ഇവരില്‍ ആരാവും പ്രധാനമന്ത്രി?
ന്യൂഡല്‍ഹി: ബി.ജെ.പിക്കു തനിച്ച് ഭൂരിപക്ഷമോ 200ലധികം സീറ്റോ ലഭിച്ചാല്‍ നരേന്ദ്രമോദിയും കോണ്‍ഗ്രസിന് തനിച്ച് ഭൂരിപക്ഷമോ 150- 180ലധികം സീറ്റോ ലഭിച്ചാല്‍ രാഹുല്‍ ഗാന്ധിയും ആയിരിക്കും പ്രധാനമന്ത്രി എന്ന കാര്യത്തില്‍ സംശയമില്ല.
എന്നാല്‍, മറിച്ചാണെങ്കിലോ? അതായത് ബി.ജെ.പിക്ക് 200ല്‍ താഴെ സീറ്റ്. എന്‍.ഡി.എ കഷ്ടിച്ച് കേവലഭൂരിപക്ഷത്തിനടുത്ത് എത്തുകയും ചെയ്തു. അല്ലെങ്കില്‍ കോണ്‍ഗ്രസിന്റെ സമ്പാദ്യം നൂറിന് അടുത്തെത്തുകയും വിവിധ പ്രതിപക്ഷകക്ഷികള്‍ കൂടി ചേര്‍ന്നാല്‍ കേവലഭൂരിപക്ഷം കടക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായാല്‍ ആരാവും പ്രധാനമന്ത്രി?- തെരഞ്ഞെടുപ്പിനു മുന്‍പേ ഉയര്‍ന്ന ചോദ്യത്തിന് ഉത്തരം പലതാണ്. നരേന്ദ്രമോദി ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാണ്. അതിനാല്‍ ബി.ജെ.പി വിജയിച്ചാല്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. പക്ഷേ, കോണ്‍ഗ്രസോ യു.പി.എയോ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ദേശീയതലത്തില്‍ വിശാലമായൊരു പ്രതിപക്ഷ സഖ്യവും നിലവിലില്ല. ഈ സാഹചര്യത്തിലാണ് ആരായിരിക്കും പ്രധാനമന്ത്രിയെന്ന ചോദ്യത്തിന് ഒന്നിലധികം ഉത്തരങ്ങള്‍ വരുന്നത്.
രാഹുല്‍ ഗാന്ധി
കോണ്‍ഗ്രസിന് 150ല്‍ കൂടുതല്‍ സീറ്റ് കിട്ടിയാല്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കു കാര്യമായ വെല്ലുവിളിയില്ലാതെ പ്രധാനമന്ത്രിയാവാം. സീറ്റ് 200 കടന്നാല്‍ പിന്നെ തടസങ്ങളുണ്ടാവില്ല.
എന്നാല്‍, പാര്‍ട്ടി ചുമതലവഹിക്കുന്ന രാഹുല്‍ പ്രധാനമന്ത്രി പദവി ഏറ്റെടുക്കുമോയെന്നതും സംശയമാണ്, പ്രത്യേകിച്ച് പ്രതിപക്ഷ ചേരിയില്‍ എതിര്‍പ്പ് ഉയരുന്ന സാഹചര്യത്തില്‍. പ്രതിപക്ഷനിരയിലെ പ്രധാന മുഖങ്ങളായ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടി.ഡി.പി അധ്യക്ഷനുമായ എന്‍. ചന്ദ്രബാബു നായിഡു, എന്‍.സി.പി അധ്യക്ഷനും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ ശരത് പവാര്‍ എന്നിവര്‍ ഇക്കാര്യത്തില്‍ രാഹുലിനൊപ്പമാണ്. പ്രധാനമന്ത്രി പദത്തിന് താല്‍പ്പര്യമില്ലെന്ന് അറിയിച്ചവരാണ് ഇരുവരും.
പ്രതിപക്ഷനിരയെ ഏകോപിപ്പിക്കാന്‍ ചരടുവലിക്കുന്നതില്‍ പ്രധാനിയാണ് ചന്ദ്രബാബു നായിഡു. ബി.ജെ.പിയിതര പ്രധാനമന്ത്രിയെ കുറിച്ചു നായിഡു മൂന്നുസാധ്യതകളാണ് പങ്കുവയ്ക്കുന്നത്: 1, കോണ്‍ഗ്രസ് നയിക്കുക. 2, ഐക്യമുന്നണി സര്‍ക്കാര്‍ പോലെ കോണ്‍ഗ്രസ് പുറത്തുനിന്ന് പിന്തുണ പ്രഖ്യാപിക്കുക. 3, കോണ്‍ഗ്രസ് കൂടി ചേര്‍ന്നുള്ള വിശാല സര്‍ക്കാര്‍ അധികാരത്തില്‍വരിക. നാലാമതൊരു സാധ്യതയില്ല.
മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസും എന്‍.സി.പിയും സഖ്യംചേര്‍ന്നാണ് മത്സരിക്കുന്നത്.
നരേന്ദ്രമോദി
പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുന്‍നിര്‍ത്തിയാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിട്ടത്. അതിനാല്‍ ബി.ജെ.പിക്കു കേവലഭൂരിപക്ഷം ലഭിച്ചാല്‍ നരേന്ദ്രമോദി തന്നെയാവും സര്‍ക്കാരിനെ നയിക്കുക. എന്നാല്‍, ബി.ജെ.പിയുടെ സമ്പാദ്യം 200നു താഴെവരികയും എന്‍.ഡി.എ കേവലഭൂരിപക്ഷം കഷ്ടിച്ചു മാത്രം തികയ്ക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായാല്‍ ശക്തമായ മന്ത്രിസഭാ രൂപീകരണത്തിനു പുറത്തുനിന്നുള്ള കക്ഷികളുടെ സഹായം ആവശ്യമാവും. അത്തരമൊരു ഘട്ടത്തില്‍ മോദിക്കു സാധ്യത കുറവാണ്.
പ്രധാനമന്ത്രി കസേരയിലിരുന്ന അഞ്ചുവര്‍ഷം നരേന്ദ്രമോദി തങ്ങളെ കൈകാര്യം ചെയ്ത രീതി ഘടകകക്ഷികള്‍ക്കു നല്ല പോലെ അറിയുന്നതിനാല്‍ ശിവസേനയുള്‍പ്പെടെയുള്ള കക്ഷികള്‍ക്ക് മോദി പ്രധാനമന്ത്രിയാവുന്നതില്‍ താല്‍പ്പര്യമില്ല. നരേന്ദ്രമോദി ഏകാധിപതിയാണെന്നും തന്നിഷ്ടപ്രകാരമാണ് തീരുമാനങ്ങളെടുക്കുന്നതെന്നും എന്‍.ഡി.എയില്‍ ബി.ജെ.പി കഴിഞ്ഞാല്‍ ഏറ്റവും വലിയ ഘടകകക്ഷിയായ ശിവസേന ഒന്നിലധികം തവണ ആരോപിച്ചിരുന്നു. അവസാനകാലം എന്‍.ഡി.എ വിട്ട അവര്‍, ഇനിയൊരു പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പിന്തുണയ്ക്കില്ലെന്നു പ്രഖ്യാപിച്ചെങ്കിലും തെരഞ്ഞെടുപ്പ് സമയത്ത് പഴയ പ്രസ്താവന വിഴുങ്ങുകയും ബി.ജെ.പിയുമായി സഖ്യംചേരുകയുമായിരുന്നു. അതിനാല്‍ നിര്‍ണായകസമയത്ത് മോദിയെ പിന്തുണയ്ക്കണോയെന്ന് ശിവസേന രണ്ടാമതാലോചിക്കും. എന്‍.ഡി.എക്കൊപ്പമുണ്ടായിരുന്ന ടി.ഡി.പി ഉള്‍പ്പെടെയുള്ള കക്ഷികള്‍ മുന്നണി വിട്ടതും മോദിയുമായി ഉടക്കിയാണ്.
മായാവതി
ബി.എസ്.പി അധ്യക്ഷയും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ മായാവതി, ബി.ജെ.പി- കോണ്‍ഗ്രസിതര പാര്‍ട്ടികളില്‍ നിന്ന് പ്രധാനമന്ത്രിയാവാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്ന നേതാവാണ്. എന്‍.ഡി.എക്ക് കേവല ഭൂരിപക്ഷം ലഭിക്കാതിരിക്കുകയും കോണ്‍ഗ്രസിന്റെ സമ്പാദ്യം 100 തികയാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ മായാവതിയുടെ സാധ്യത വര്‍ധിക്കും.
പലസൂചനകളിലൂടെയും പ്രധാനമന്ത്രിയാവാനുള്ള ആഗ്രഹം മായാവതി പ്രകടിപ്പിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ എസ്.പിയും ബി.എസ്.പിയും ഒന്നിച്ച് മഹാസഖ്യം രൂപീകരിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 80 സീറ്റുകളുള്ള യു.പിയില്‍ 38 സീറ്റുകളിലാണ് ബി.എസ്.പി മത്സരിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നു കരുതുന്ന പാര്‍ട്ടികളിലൊന്നും ബി.എസ്.പിയാണ്.
എസ്.പിയുമായുള്ള സഖ്യരൂപീകരണത്തിന് ബി.ണ്ടഎസ്.ണ്ടപി മുന്നോട്ടുവച്ച ഉപാധികളിലൊന്ന് തന്നെ പ്രധാനമന്ത്രി പദവിക്ക് അവകാശവാദം ഉന്നയിക്കുകയാണെങ്കില്‍ മായാവതിക്കൊപ്പം നിലകൊള്ളണമെന്നതാണ്. എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവിന് പ്രധാനമന്ത്രി പദത്തില്‍ താല്‍പ്പര്യമില്ല. മറിച്ച് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.എസ്.പിയുടെ സഹായത്തോടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാവലാണ് അഖിലേഷിന്റെ ലക്ഷ്യം. നിലവില്‍ ബി.എസ്.പി സ്ഥാനാര്‍ഥികളില്‍ മായാവതിയില്ലെങ്കിലും സാഹചര്യം ഒത്തുവന്നാല്‍ അംബേദ്കര്‍ നഗര്‍ മണ്ഡലത്തില്‍ നിന്ന് അവര്‍ ജനവിധിതേടും.
നേരത്തെയും ഈ മണ്ഡലത്തില്‍ നിന്ന് മായാവതി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആഗ്രഹം നടക്കുകയാണെങ്കില്‍ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ ദലിത് പ്രധാനമന്ത്രിയാവും മായാവതി. നൂറില്‍ കൂടുതല്‍ സീറ്റ് ലഭിക്കാത്ത സാഹചര്യത്തില്‍ മായാവതിയെ കോണ്‍ഗ്രസ് പിന്തുണയ്ക്കാനും സാധ്യതയുണ്ട്. അടുത്ത പ്രധാനമന്ത്രി ഉത്തര്‍പ്രദേശില്‍ നിന്നായിരിക്കും, പക്ഷേ അതു വാരണാസിയില്‍ നിന്നായിരിക്കില്ലെന്ന് അഖിലേഷ് പ്രഖ്യാപിച്ചിട്ടുമുണ്ട്.
കേന്ദ്രത്തില്‍ ബി.ജെ.പിയിതര സര്‍ക്കാര്‍ രൂപീകരണം കോണ്‍ഗ്രസിന്റെ സാന്നിധ്യമില്ലാതെ നടക്കില്ല. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ പിണക്കാതിരിക്കാനും നോക്കണം.
യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയുമായി മികച്ച ബന്ധമുള്ളത് മായാവതിക്ക് അനുഗ്രഹമാവും. ദലിത് വോട്ടുകള്‍ യു.പിയില്‍ കോണ്‍ഗ്രസിന് നിര്‍ണായകമായതിനാല്‍ മായാവതിയുടെ സ്ഥാനാരോഹണത്തെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് കാര്യമായ മടികാണിക്കാനും സാധ്യതയില്ല.
മമതാ ബാനര്‍ജി
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി കേന്ദ്രത്തില്‍ മന്ത്രിയായിരുന്നിട്ടുമുണ്ട്. ബി.ജെ.പി വിരുദ്ധ കക്ഷികളിലെ തീപ്പൊരി നേതാവായ മമത, പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഏറ്റവുമധികം കടന്നാക്രമിക്കുന്ന പ്രതിപക്ഷത്തെ മുഖമാണ്. കോണ്‍ഗ്രസ് പ്രധാനമന്ത്രി പദവി ഏറ്റെടുക്കുന്നില്ലെങ്കില്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നവരില്‍ മുന്‍പിലുള്ളത് മമതയാണ്. ഉത്തര്‍പ്രദേശും മഹാരാഷ്ട്രയും കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ എം.പിമാരെ സംഭാവന ചെയ്യുന്ന സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍. 2014ല്‍ സംസ്ഥാനത്തെ 42ല്‍ 34 സീറ്റിലും വിജയിച്ചത് തൃണമൂല്‍ ആയിരുന്നു. ഇത്തവണയും പാര്‍ട്ടി മികച്ച മുന്നേറ്റം നടത്തുമെന്നു തന്നെയാണ് സൂചന. 35 സീറ്റെങ്കിലും ലഭിച്ചാല്‍ പ്രധാനമന്ത്രി കസേരയിലേക്കുള്ള മത്സരത്തില്‍ മമതയും ഉണ്ടാവും. തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് കൊല്‍ക്കത്തയില്‍ പ്രതിപക്ഷനേതാക്കളെ ക്ഷണിച്ചു ബി.ജെ.പി വിരുദ്ധ സമ്മേളനം സംഘടിപ്പിച്ച് അവര്‍ കൈയടിനേടുകയും ചെയ്തു. ശക്തയായ വനിത എന്ന നിലക്ക് മമതക്ക് പ്രതിപക്ഷകക്ഷികള്‍ക്കിടയില്‍ സ്വീകാര്യതയുമുണ്ട്.
രാജ്‌നാഥ് സിങ്
ബി.ജെ.പി മുന്‍ദേശീയ അധ്യക്ഷന്‍, ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രിയായി മോദി സര്‍ക്കാരിലെ രണ്ടാമന്‍ എന്നിങ്ങനെ താരപ്രൊഫൈലുള്ളയാളാണ് രാജ്‌നാഥ് സിങ്. മുകളില്‍ പറഞ്ഞതുപോലെ ബി.ജെ.പിക്കു സീറ്റ് കുറയുകയും സര്‍ക്കാര്‍ രൂപീകരണത്തിന് എന്‍.ഡി.എ ബുദ്ധിമുട്ടുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ രാജ്‌നാഥിന് നറുക്കുവീഴാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ശിവസേന മോദിയെ ഉപേക്ഷിക്കാനും രാജ്‌നാഥിനെ പിന്തുണയ്ക്കാനും സാധ്യതയേറെ. നരേന്ദ്രമോദിയുടെ ശൈലിയില്‍ ശക്തമായ വിയോജിപ്പുള്ള ആര്‍.എസ്.എസ് ഇത്തരമൊരു ഘട്ടത്തില്‍ രാജ്‌നാഥിനൊപ്പം നില്‍ക്കുകയും ചെയ്യും.
മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ
ഏറ്റവും മുതിര്‍ന്ന ലോക്‌സഭാംഗങ്ങളില്‍ ഒരാളും ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷിനേതാവുമായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും പ്രധാനമന്ത്രി പദവിക്ക് നറുക്കുവീഴാന്‍ സാധ്യതയുള്ളയാളാണ്. കഷ്ടിച്ച് 100 സീറ്റ് കടക്കുകയും വിവിധ പ്രതിപക്ഷകക്ഷികളുടെ സഹായത്തോടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരണം സാധ്യമാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഖാര്‍ഗെക്ക് സാധ്യത.
ഇത്തരമൊരു രാഷ്ട്രീയ സാഹചര്യത്തില്‍ രാഹുല്‍ പ്രധാനമന്ത്രിയാവുന്നത് പ്രതിപക്ഷത്തെ ചില കക്ഷികള്‍ എതിര്‍ത്തേക്കും. ഇത്തരം സമയങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.പി.എക്ക് ചെറിയകക്ഷികള്‍ക്കു വഴങ്ങേണ്ടിവരും. എതിര്‍പ്പുയരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയാവാന്‍ രാഹുലും താല്‍പ്പര്യം പ്രകടിപ്പിക്കില്ല.
ഈ ഘട്ടത്തില്‍ ഒത്തുതീര്‍പ്പ് പ്രധാനമന്ത്രിയെന്നനിലക്ക് ഖാര്‍ഗെ വരും. ദലിത് വിഭാഗത്തില്‍ നിന്നുള്ള പ്രതിനിധിയെന്നതിനാല്‍ ബി.എസ്.പി ഉള്‍പ്പെടെയുള്ള കക്ഷികള്‍ ഖാര്‍ഗെയെ അംഗീകരിക്കാന്‍ നിര്‍ബന്ധിതരാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."