കാലിക്കറ്റ് സര്‍വകലാശാല ഇന്റര്‍സോണ്‍ കലോത്സവം ദ്വീപുകാര്‍ ഇന്നെത്തും; തിരിച്ചു മടങ്ങാന്‍ അധികൃതര്‍ കനിയണം
കോഴിക്കോട്: ഏറെ അനിശ്ചിതത്വത്തിനൊടുവില്‍ ഇന്റര്‍സോണ്‍ കലോത്സവത്തിനായി കപ്പല്‍ കയറിയ ലക്ഷദ്വീപില്‍ നിന്നുള്ള മത്സരാര്‍ഥികള്‍ ഇന്ന് കൊച്ചിയിലെത്തും. കോഴിക്കോട്ടെത്താനുള്ള യാത്രയുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങള്‍ നീങ്ങിയെങ്കിലും തിരിച്ചു പോകാനുള്ള നടപടിക്രമങ്ങള്‍ സുഗമമാകണമെങ്കില്‍ അധികൃതര്‍ കനിയേണ്ട അവസ്ഥയിലാണിവര്‍.
കഴിഞ്ഞ മാസം 12 ന് കലോത്സവത്തില്‍ പങ്കെടുക്കാന്‍ ഫണ്ട് ആവശ്യപ്പെട്ട് സര്‍വകലാശാലയുടെ സ്റ്റുഡന്റ് ഡീനിന് വിദ്യാര്‍ഥികള്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇതിനുള്ള നടപടിക്രമങ്ങള്‍ അധികൃതര്‍ ആരംഭിച്ചത് കഴിഞ്ഞ ആഴ്ചയായിരുന്നു. എന്നാല്‍ അവസാന നിമിഷമായതിനാല്‍ ഫണ്ട് നല്‍കുന്നതിന് പകരം അപേക്ഷ സര്‍വകലാശാലയിലേക്ക് കൈമാറുക മാത്രമാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്.
ഫണ്ട് കൈയില്‍ ലഭിക്കാത്തതാണ് തിരിച്ചു പോക്ക് അനിശ്ചിതത്വത്തിലാക്കിയിരിക്കുന്നത്. ആന്ത്രോത്ത് പി.എം സഈദ് യൂനിവേഴ്‌സിറ്റി സെന്റര്‍, കവരത്തി ബി.എഡ് കോളജ് എന്നിവിടങ്ങളില്‍ നിന്നുള്ള 21 വിദ്യാര്‍ഥികളാണ് ഇന്ന് കൊച്ചിയിലെത്തുക. കൊച്ചിയില്‍ നിന്നും തീവണ്ടി മാര്‍ഗം കോഴിക്കോട്ടെ കലോത്സവ നഗരിയിലേക്ക് പുറപ്പെടും. യൂനിവേഴ്‌സിറ്റി യുനിയന്‍ ഭാരവാഹികള്‍ നേരിട്ടെത്തി സ്‌ക്രീനിങ്ങ് നടത്തിയ അറുപതിലധികം വിദ്യാര്‍ഥികളില്‍ 21 പേരാണ് സ്വന്തം നിലയില്‍ പണമെടുത്ത് എത്തുന്നത്.
സാമ്പത്തിക പ്രയാസമായതിനാല്‍ സംഘത്തിലെ പ്രധാന മത്സരാര്‍ഥികളെല്ലാം പിന്‍മാറിയിട്ടുണ്ട്. ഇവരുടെ മടക്കയാത്രയുടെ നടപടി ക്രമങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തീകരിക്കാന്‍ യൂനിവേഴ്‌സിറ്റി യൂനിയന്‍ ബന്ധപ്പെട്ട അധികാരികളുമായി ചര്‍ച്ച നടത്തുകയാണെന്ന് യൂനിയന്‍ വൈസ്‌ചെയര്‍മാന്‍ അജയ്‌ലാല്‍ 'സുപ്രഭാത'ത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."