ഭക്ഷ്യവിഷബാധ: ബഹ്‌റൈനില്‍ രണ്ട് ഔട്ട് ലൈറ്റുകള്‍ അടച്ചുപൂട്ടി
മനാമ: ബഹ്‌റൈനില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് രണ്ട് ഭക്ഷണ വിതരണ സ്ഥാപനങ്ങള്‍ ബഹ്‌റൈന്‍ ആരോഗ്യമന്ത്രാലയം അടപ്പിച്ചു. ഒരു റെസ്റ്റോറന്റും മറ്റൊരു ഭക്ഷണ മൊത്ത വിതരണ കമ്പനിയുമാണ് അടപ്പിച്ചത്. കഴിഞ്ഞ ദിവസം ഇവിടെ നിന്നും ഭക്ഷണം കഴിച്ച നിരവധി പേര്‍ക്ക് ഭക്ഷ്യ വിഷബാധ ഏറ്റതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അധികൃതരുടെ നടപടി.
ആരോഗ്യ വകുപ്പിന്റെ മിന്നല്‍ പരിശോധനയില്‍ രണ്ട് സ്ഥാപനങ്ങളും നിയമലംഘനം നടത്തുന്നതായും തെളിഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് പൊതു ആരോഗ്യ നിയമം ആര്‍ട്ടിക്കിള്‍ 77 പ്രകാരമാണ് ഈ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ ഉത്തരവിറക്കിയതെന്ന് അധികൃതര്‍അറിയിച്ചു.
ഫുഡ് കണ്‍ട്രോള്‍ വകുപ്പിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ കുറെ ദിവസങ്ങളിലായി ഇവിടെ പരിശോധനകള്‍ നടന്നു വരികയായിരുന്നു. ഭക്ഷ്യ വിഷബാധ കേസുകള്‍ അന്വേഷിക്കുന്നതിന്, കോംബാറ്റ് ഇന്‍ഫെക്ഷസ് ഡിസീസ് ഗ്രൂപ്പും പബ്ലിക് ഹെല്‍ത്ത് ലാബും പബ്ലിക് ഹെല്‍ത്ത് ഡയറക്ടറേറ്റിന്റെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്നുണ്ട്. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന ഭക്ഷണ വിതരണ ഔട്ട്‌ലെറ്റുകള്‍ക്കെതിരെ കര്‍ശനമായ നിയമനടപടി സ്വീകരിക്കുമെന്ന് ഡോ. മറിയം അല്‍ ഹജ്‌രിയും നേരത്തെ വ്യക്തമാക്കിയിരുന്നു.
ഭക്ഷ്യ വിഷബാധ തടയുന്നതിനെതിരെ മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി. കൂടാതെ ഈ വര്‍ഷത്തെ ഉയര്‍ന്ന താപനില കാരണം ഭക്ഷ്യ മലിനീകരണത്തിന് കരണമായേക്കാവുന്ന അണുക്കളുടെ തോത് വര്‍ധിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.
അതിനിടെ ഭക്ഷ്യ വിഷബാധയേറ്റവരെ ചികിത്സിക്കുന്നതായി തൊട്ടടുത്ത മെഡിക്കല്‍ ക്ലിനിക്കുകളിലും ആശുപത്രികളിലും പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."