ഏതെങ്കിലുമൊരു സമുദായത്തോട് വിവേചനം കാട്ടിയില്ലെന്ന് മോദി
കോണ്‍ഗ്രസ് മുസ്്‌ലിം പ്രീണന രാഷ്ട്രീയം കളിക്കുന്നു
ന്യൂഡല്‍ഹി: 13 വര്‍ഷം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോഴും അഞ്ച് വര്‍ഷം പ്രധാനമന്ത്രിയായിരുന്നപ്പോഴും താന്‍ ഏതെങ്കിലുമൊരു സമുദായത്തോട് വിവേചനം കാട്ടിയിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മോദിയുടെ അവകാശവാദം. കോണ്‍ഗ്രസിന്റെ മതേതരത്വം കപടമാണ്. അത് മുസ്‌ലിം വോട്ട് ബാങ്കിനെ പ്രീണിപ്പിക്കുന്ന രാഷ്ട്രീയം മാത്രമാണെന്നും മോദി പറഞ്ഞു. മുസ്‌ലിങ്ങളെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരാന്‍ കോണ്‍ഗ്രസ് ഒന്നും ചെയ്തില്ല. എന്തുകൊണ്ടാണ് എ.പി.ജെ അബ്ദുല്‍ കലാമിനേയും സാനിയ മിര്‍സയേയും ഇവര്‍ സ്വന്തം ആളുകളായി പരിഗണിക്കാത്തത്. ഇപ്പോള്‍ രാഹുല്‍ ഗാന്ധി വഹിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്റെ പദവിയില്‍ എന്തുകൊണ്ട് ഒരു മുസ്‌ലിമിനിരുന്നു കൂടാ- നരേന്ദ്രമോദി ചോദിച്ചു.
ഏതെങ്കിലും സമുദായത്തോട് എന്റെ സര്‍ക്കാര്‍ വിവേചനം കാണിച്ച ഏതെങ്കിലും ഒരു സംഭവം പറയാനാവുമോ. താന്‍ വിദ്വേഷ പ്രസംഗം നടത്തുന്നുവെന്നെല്ലാം ചിലര്‍ പറയുന്നത് 'ഖാന്‍ മാര്‍ക്കറ്റ് മന:സ്ഥിതി' (ഉയര്‍ന്ന ക്ലാസ്) വച്ചാണ്. അവര്‍ ചില പ്രത്യേക സമുദായങ്ങള്‍ക്ക് വേണ്ടി വാദിക്കുന്നവരാണ്. അവര്‍ക്ക് ചില സമുദായക്കാരെ 'ഭീകരര്‍ എന്ന് വിളിക്കാന്‍ പാടില്ല. എന്നാല്‍ ഹിന്ദു 'ഭീകരര്‍ എന്ന് പറയുന്നതിന് ഇവര്‍ക്ക് ഒരു മടിയുമില്ല. ഖാന്‍ മാര്‍ക്കറ്റ് സംഘമല്ല എന്റെ പ്രതിച്ഛായ നിര്‍മ്മിച്ചത്. അത് 45 വര്‍ഷത്തെ കഠിന തപസ്യയിലൂടെ നേടിയെടുത്തതാണ്. ഹജ്ജ് ക്വോട്ട സഊദി ഉയര്‍ത്തിയത് സഊദി രാജാവുമായി താന്‍ നടത്തിയ ചര്‍ച്ചയുടേയും ഇടപെടലിന്റേയും ഭാഗമായാണെന്നും മോദി അവകാശപ്പെട്ടു.
മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങില്‍ ബി.ജെ.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത് പ്രവര്‍ത്തകരുടെ അമിതമായ ആത്മ വിശ്വാസം കൊണ്ടു മാത്രമാണ്. തെരഞ്ഞെടുപ്പ് വിദഗ്ധന്‍മാരും, മാധ്യമങ്ങളും, ഖാന്‍ മാര്‍ക്കറ്റ് സംഘങ്ങളും തങ്ങള്‍ തോല്‍ക്കണം എന്ന് ആഗ്രഹിച്ചിരിക്കുകയായിരുന്നു. മധ്യപ്രദേശ്, രാജസ്ഥാന്‍. ഛത്തീസ്ഗഢ് സംസ്ഥാനങ്ങളില്‍ സ്വാഭാവികമായും പ്രവര്‍ത്തകരുടെ ഇടയില്‍ അധികാരത്തിനെതിരായൊരു വികാരം ഉണ്ടായി. പൊതുജനം വിചാരിച്ചത് കോണ്‍ഗ്രസ് അവരുടെ പഴയ രീതികളില്‍ നിന്ന് മാറിയിട്ടുണ്ടെന്നാണ്. എന്നാല്‍ അധികാരത്തിലെത്തിയതോടെ അവരുടെ പഴയ സ്വഭാവങ്ങള്‍ തിരികെ വരാന്‍ തുടങ്ങി.
എന്താണ് താങ്കളുടെ ഭരണനേട്ടമെന്ന ചോദ്യത്തിന് ഇക്കാര്യത്തില്‍ എന്തു തന്നെ പറഞ്ഞാലും അത് അനീതിയാകുമെന്നും ഇതിന് ഉത്തരം നല്‍കുന്നില്ലെന്നുമായിരുന്നു മോദിയുടെ മറുപടി.
എനിക്ക് ഒരു കാര്യത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കാന്‍ ആഗ്രഹമില്ല. ഞാന്‍ പതിമൂന്ന് വര്‍ഷമായി ഗുജറാത്തിലുണ്ട്, എനിക്കൊരു കാര്യം മാത്രമായി എടുത്ത് പറയാന്‍ സാധിക്കില്ല. എന്നാല്‍ എല്ലാ മേഖലകളിലും ഒരു കാര്യമെങ്കിലും ചെയ്തതായി നിങ്ങള്‍ക്ക് കാണാന്‍ കഴിയും. എങ്ങനെയാണു ഒരു സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടത് എന്നതിന് ഞാന്‍ ഒരു പുതിയ മാതൃക ഉണ്ടാക്കാനാണ് ശ്രമിച്ചതെന്ന് മോദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."