HOME
DETAILS
MAL
വ്യാജ പേരില്‍ കൊവിഡ് പരിശോധന: കെ.എം അഭിജിത്തിനെതിരേ കേസ്
backup
September 25 2020 | 03:09 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കൊവിഡ് പരിശോധനയ്ക്ക് വ്യാജ പേരും മേല്‍വിലാസവും നല്‍കിയെന്ന പരാതിയില്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിനെതിരേ കേസെടുത്തു. ആള്‍മാറാട്ടം, പകര്‍ച്ചവ്യാധി നിരോധന നിയമം എന്നിവ പ്രകാരമാണ് കേസെടുത്തത്.
പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാലന്‍ നായരുടെ പരാതിയിലാണ് കേസ്. ബുധനാഴ്ച പോത്തന്‍കോട് പഞ്ചായത്തിലെ കൊവിഡ് പരിശോധനാകേന്ദ്രത്തില്‍ പരിശോധന നടത്താനെത്തിയ അഭിജിത്തിന്റെ പേര് രജിസ്റ്ററില്‍ രേഖപ്പെടുത്തിയത് അഭി എം.കെ എന്നാണ്.
നല്‍കിയ മേല്‍വിലാസം കെ.എസ്.യു നേതാവ് ബാഹുല്‍ കൃഷ്ണയുടേതാണ്. സ്വന്തം ഫോണ്‍ നമ്പരിനു പകരം നല്‍കിയത് ക്വാറന്റൈനില്‍ കഴിയുന്ന വീട്ടുടമയുടെ മൊബൈല്‍ നമ്പരും. രോഗം സ്ഥിരീകരിച്ചിട്ടും സ്വന്തം പേരും മേല്‍വിലാസവും നല്‍കിയില്ല. കൊവിഡ് പൊസിറ്റീവായതിനെ തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ഈ മേല്‍വിലാസത്തില്‍ അന്വേഷിച്ചെത്തിയതോടയാണ് സംഭവം വിവാദമായത്.
ഇതിനിടെ അഭിജിത് ആള്‍മാറാട്ടം നടത്തിയെന്നു ചൂണ്ടിക്കാട്ടി പഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാലന്‍ നായര്‍ പോത്തന്‍കോട് പൊലിസില്‍ പരാതി നല്‍കുകയും ചെയ്തു.
തുടര്‍ന്ന് അഭിജിത്തിനെതിരേ ഇന്ത്യന്‍ ശിക്ഷാനിയമം 419, പകര്‍ച്ചവ്യാധി നിരോധന നിയമം 4.2 (ബി), 4.2(എ), 5 എന്നിവ പ്രകാരം പൊലിസ് കേസെടുക്കുകയായിരുന്നു. സംഭവത്തില്‍ പോത്തന്‍കോട് എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങി.
എന്നാല്‍ പേര് രേഖപ്പെടുത്തിയതില്‍ പഞ്ചായത്ത് ജീവനക്കാര്‍ക്കുണ്ടായ പിഴവാണ് വിവാദത്തിനു കാരണമെന്ന് അഭിജിത്ത് പറയുന്നു. കൊവിഡ് പരിശോധനയില്‍ പേരുമാറിയത് തന്റെ കുറ്റമല്ല. സ്വദേശമായതിനാല്‍ സുഹൃത്ത് ബാഹുല്‍ ആണ് വിവരങ്ങള്‍ നല്‍കിയത്. പേര് മാറിയത് എഴുതിയവരുടെ ക്ലറിക്കല്‍ മിസ്റ്റേക്കായിരിക്കുമെന്നാണ് ബാഹുല്‍ പറഞ്ഞത്. തെറ്റായി നല്‍കണമെങ്കില്‍ സാമ്യമില്ലാത്ത പേര് നല്‍കാമായിരുന്നല്ലോ എന്നും അഭിജിത് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും അഭിജിത്തിന് പിന്തുണയുമായി രംഗത്തെത്തി. രോഗവിവരം മറയ്‌ക്കേണ്ട കാര്യം അഭിജിത്തിനില്ലെന്നും ആര്‍ക്കുവേണമെങ്കിലും കൊവിഡ് പിടിപെടാമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആരോഗ്യപ്രവര്‍ത്തകരുടെ സഹായത്തോടെയാണ് അഭിജിത് ക്രമക്കേട് നടത്തിയതെന്നാണ് സി.പി.എം ആരോപണം. അഭിജിത്തിനെ സഹായിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരേയും നടപടിയുണ്ടാകുമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു.
അഭിജിത് കൊവിഡ് മാര്‍ഗരേഖ ലംഘിച്ചുള്ള സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നയാളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. നിരുത്തരവാദപരമായ നടപടിയാണിത്. പ്രതിപക്ഷനേതാവ് ഉള്‍പ്പെടെയുള്ളവര്‍ ഇത്തരം കാര്യങ്ങള്‍ നിയന്ത്രിക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."