ഇഖ്‌വാനി ധാരകള്‍ തീര്‍ത്ത തീവ്രതയുടെ വഴികള്‍
തക്ഫീരിസം ഐ.എസ് ചരിത്രത്തിലെ പ്രശ്‌നം പിടിച്ചൊരു പദപ്രയോഗമാണ്. സലഫിസ്റ്റ് പ്രത്യയശാസ്ത്രവുമായി ബന്ധപ്പെട്ടാണ് ഇതിന്റെ ഉത്ഭവമെങ്കിലും ഇഖ്‌വാനി ബുദ്ധിജീവി സയ്യിദ് ഖുതുബ് രാഷ്ട്രീയ ഇസ്‌ലാം എന്ന തന്റെ കാഴ്ചപ്പാട് വിവരിക്കുന്നിടത്ത് വ്യാപകമായി ഇത് ഉപയോഗിച്ചത് കാണാം. അദ്ദേഹമാണ് മതവുമായി ബന്ധപ്പെട്ട് സലഫിസം ഉപയോഗിച്ച ഈയൊരാശയത്തെ പൊളിറ്റിക്കല്‍ തക്ഫീരിസം എന്നൊരു തലത്തിലേക്കു വികസിപ്പിക്കുന്നത്. ഇസ്‌ലാമിക് സ്‌റ്റേറ്റ് എന്ന തങ്ങളുടെ പ്രഖ്യാപിത നയം നേടിയെടുക്കുന്നതിനു വിഘാതം നില്‍ക്കുന്നവരെയോ എതിര്‍ക്കുന്നവരെയോ മതത്തില്‍നിന്നും ഭ്രഷ്ട് കല്‍പിച്ചു പുറത്തുനിറുത്തി അവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുന്ന ഒരു രീതിയാണിത്. ഐ.എസും സയ്യിദ് ഖുതുബിന്റെ തീവ്ര ഇഖ്‌വാനിസവും പരസ്പരം സംഗമിക്കുന്നത് ഇവിടെനിന്നാണ്.
ഹസനുല്‍ ബന്ന (1906-1949) യുടെ നേതൃത്വത്തില്‍ ഈജിപ്തില്‍ ഉയര്‍ന്നുവന്ന ഇഖ്‌വാനുല്‍ മുസ്‌ലിമീന്റെ പ്രത്യയശാസ്ത്ര വേരുകള്‍ ചെന്നുമുട്ടുന്നത് ജമാലുദ്ദീന്‍ അഫ്ഗാനിയിലേക്കും മുഹമ്മദ് അബ്ദയിലേക്കുമാണെന്നു കാണാം. തീവ്രസലഫിസത്തിന്റെ സൈദ്ധാന്തിക വേരുകള്‍ അന്വേഷിക്കുമ്പോഴും ഇതേ വഴിയിലൂടെത്തന്നെയാണ് കടന്നുപോകുന്നത്. റശീദ് രിദയിലൂടെ അത് പൊട്ടിമുളച്ചപ്പോള്‍ സലഫിസമായും ഹസനുല്‍ ബന്നയിലൂടെ കിളിര്‍ത്തപ്പോള്‍ പൊളിറ്റിക്കല്‍ ഇസ്‌ലാമിസമായും ഇഴ പിരിയുകയായിരുന്നുവെന്നു മാത്രം. അതുകൊണ്ടുതന്നെ, തീവ്ര മതാവേശത്തിന്റെ പഴയകാല സൈദ്ധാന്തികരായ ഇബ്‌നു അബ്ദില്‍ വഹാബിലേക്കും ഇബ്‌നു തൈമിയയയിലേക്കും അതിനുള്ള ബന്ധം വിവരിക്കേണ്ടതായി വരുന്നില്ല. ഈജിപ്തിലെ രാഷ്ട്രീയ ഇസ്‌ലാമിസവും സഊദിയിലെ യാഥാസ്ഥിക സലഫിസവും പരസ്പരം സമ്മേളിച്ചപ്പോള്‍ ഇന്നത്തെ ഐ.എസ് പോലെയുള്ള തീവ്ര ഗ്രൂപ്പുകള്‍ക്ക് വളരാന്‍ സാഹചര്യം പാകപ്പെടുത്തിയ ഒരു നവസലഫിസം രൂപപ്പെടുകയായിരുന്നുവെന്നാണ് ഇതുമായി ബന്ധപ്പെട്ട നിരീക്ഷകര്‍ വ്യക്തമാക്കുന്നത്. ഇതോടെ ഈജിപ്തില്‍നിന്നും ഉയര്‍ന്നുവന്ന പൊളിറ്റിക്കല്‍ ഇസ്‌ലാം കൂടുതല്‍ യാഥാസ്ഥികമാവുകയും (കണ്‍സര്‍വേറ്റീവ്) സഊദിയിലെ യാഥാസ്ഥിക സലഫിസം കൂടുതല്‍ രാഷ്ട്രീയവല്‍കരിക്കപ്പെടുകയുമായിരുന്നു.
ഈജിപ്തിന്റെ പശ്ചാത്തലത്തില്‍ സയ്യിദ് ഖുതുബ് (1906-1966) തുറന്നുവച്ച തക്ഫീര്‍ സിദ്ധാന്തങ്ങള്‍ ഐ.എസ് പോലെയുള്ള 'ജിഹാദി' ഗ്രൂപ്പുകളെ ആഴത്തില്‍ സ്വാധീനിച്ചതായി കാണാം. അതുകൊണ്ടുതന്നെ ആശയപരമായി സലഫിയും പ്രവര്‍ത്തന രീതികൊണ്ട് ഇഖ്‌വാനിയുമാണ് ഐ.എസ് എന്ന് നാം മുന്‍പ് വ്യക്തമാക്കിയിട്ടുണ്ട്. ഹസനുല്‍ ബന്ന കഴിഞ്ഞാല്‍ ഇഖ്‌വാന്റെ പ്രമുഖ നേതാക്കളിലൊരാളാണ് സയ്യിദ് ഖുതുബ്. തന്റെ അമേരിക്കന്‍ വാസം കഴിഞ്ഞുവന്ന ശേഷം ഇഖ്‌വാനുമായി വളരെ അടുത്തിരുന്ന അദ്ദേഹം ഇസ്‌ലാമിക് സ്റ്റേറ്റ്, രാഷ്ട്രീയ ഇസ്‌ലാം തുടങ്ങിയ സങ്കല്‍പങ്ങള്‍ക്ക് ആയുധങ്ങള്‍ ഒരുക്കുകയായിരുന്നു 1950-60 കാലയളവില്‍. കാപ്പിറ്റലിസം, കമ്യൂണിസം പോലെയുള്ള പ്രത്യയശാസ്ത്രങ്ങള്‍ക്ക് ലോകത്തെ മുന്നോട്ടു നയിക്കാന്‍ കഴിയില്ലെന്നും അധികാര ധ്വനിയോടെയുള്ള രാഷ്ട്രീയ ഇസ്‌ലാമിന്റെ കരങ്ങളിലാണ് ലോകത്തിന്റെ നിയന്ത്രണം എന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. രാഷ്ട്രീയ സാഹചര്യം ഒരുങ്ങിയതിനു ശേഷം മാത്രമേ മതപരമായ അനുഷ്ഠാനങ്ങള്‍ പോലും അദ്ദേഹത്തിനു മുമ്പില്‍ ചര്‍ച്ചയായുള്ളൂ. നിലവിലെ സാഹചര്യങ്ങളെ ജാഹിലിയ്യ (അന്ധകാരം) എന്നു വിശേഷിപ്പിച്ച അദ്ദേഹം ഹാകിമിയ്യ എന്ന ഇവ്വിഷയകമായ തന്റെ സിദ്ധാന്തം സ്ഥാപിക്കാന്‍ ഇറങ്ങിത്തിരിച്ചു.
സ്റ്റേറ്റ് എന്ന രാഷ്ട്രീയതലം ഒരുങ്ങിവരുമ്പോഴേ ഇസ്‌ലാമെന്ന ജീവിത വ്യവസ്ഥക്ക് സാധുതയൊരുങ്ങുന്നുള്ളൂ എന്ന തെറ്റിദ്ധാരണയില്‍നിന്നായിരുന്നു സയ്യിദ് ഖുതുബിന്റെ ഈയൊരു ആശയത്തിന്റെ ജന്മം. ഇതിലപ്പുറം സ്‌നേഹത്തിന്റെ ഒരു ഇസ്‌ലാമിക പ്രപഞ്ചമുണ്ടെന്നത് ഉള്‍കൊള്ളാന്‍ മനസ്സിലെ 'തീവ്ര രാഷ്ട്രീയ ബോധം' അദ്ദേഹത്തെ അനുവദിച്ചില്ല എന്നു വേണം മനസ്സിലാക്കാന്‍. ഇസ്‌ലാമിലെ സാമൂഹിക നീതിയെക്കുറിച്ച് പുസ്തകമെഴുതിയിട്ടുണ്ടെങ്കിലും പാശ്ചാത്യന്‍ പ്രത്യയശാസ്ത്രങ്ങളുടെ പാപ്പരത്തം തുറന്നുകാട്ടാനും അവയില്‍നിന്നും ഭിന്നമായി സാമൂഹിക നീതിക്കു പ്രധാന്യം നല്‍കുന്ന ഒരു മതമായി ഇസ്‌ലാമിനെ ഉയര്‍ത്തിക്കാട്ടാനും മാത്രമാണ് അതിലൂടെ ശ്രമിക്കുന്നത്.
ഇസ്‌ലാമിക പരമാധികാരവും മുസ്‌ലിം ദേശീയതയും സാധ്യമാക്കിയെടുക്കാന്‍ ഇസ്‌ലാമിക പ്രമാണങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്ത് അദ്ദേഹം വികസിപ്പിച്ചെടുത്ത രണ്ടു സിദ്ധാന്തങ്ങളായിരുന്നു ജാഹിലിയ്യ, ഹാകിമിയ്യ എന്നത്. താന്‍ സ്വപ്നം കാണുന്ന ഇസ്‌ലാമിക രാഷ്ട്രത്തിന് അതിലെ വിവിധ മത വംശ വിഭാഗങ്ങളോടുള്ള നിലപാട് നിര്‍ണയിക്കുന്നതാണ് ഈ രണ്ടു സിദ്ധാന്തങ്ങളും. തങ്ങളുടെ രാഷ്ട്രീയ ഇസ്‌ലാമിസം അംഗീകരിക്കാത്തവര്‍ മുസ്‌ലിംകളാണെങ്കിലും അവരുടെ മേല്‍ തക്ഫീര്‍ ചുമത്തി ഇല്ലായ്മ ചെയ്യണമെന്നും അദ്ദേഹം സിദ്ധാന്തിക്കുന്നു. തീവ്രതയുടെ പ്രത്യയശാസ്ത്രമായി ഇസ്‌ലാമിനെ അവതരിപ്പിക്കുന്ന ഈ രീതി അതിനെ മാലോകര്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കാന്‍ മാത്രമേ ഉപകരിച്ചിട്ടുള്ളൂ.
1964 ല്‍ പ്രസിദ്ധീകരിക്കപ്പെട്ട മആലിം ഫിത്ത്വരീഖ് (വഴിയടയാളങ്ങള്‍) എന്ന കൃതിയിലൂടെയാണ് സയ്യിദ് ഖുതുബ് തന്റെ തീവ്രതയുടെ രാഷ്ട്രീയ ബോധം വിവരിക്കുന്നത്. തീര്‍ത്തും സലഫി പരിസരത്തില്‍നിന്നും വികസിച്ചുവന്ന ഇത് ത്വാഗൂത്ത് എന്ന ഖുര്‍ആനിക പദംകൊണ്ടാണ് വിശേഷിപ്പിക്കുന്നത്. നിലവിലെ ഭരണകൂടങ്ങളെല്ലാം അധര്‍മത്തിന്റെ ഭരണകൂടങ്ങളാണെന്നും അതുകൊണ്ടുതന്നെ അതെല്ലാം തകര്‍ത്തെറിയപ്പെടേണ്ടതാണെന്നും അതില്‍ അദ്ദേഹം ആഹ്വാനം ചെയ്യുന്നു. പശ്ചാത്തലത്തില്‍നിന്നും അടര്‍ത്തിമാറ്റിയുള്ള ഖുര്‍ആനിക അധ്യാപനങ്ങളുടെ ഉപയോഗം വലിയ അപകടം തീര്‍ക്കുമെന്നത് തീര്‍ച്ചയാണ്. ഇസ്‌ലാമിനെ ജിഹാദിന്റെ പ്രതിരൂപമായി അവതരിപ്പിക്കുകയും അതിനെ കടന്നാക്രമണത്തിന്റെ പ്രത്യയശാസ്ത്രമായി ചിത്രീകരിക്കുകയുമാണ് ഇതിന്റെ ഓരോ വരികളിലൂടെയും അദ്ദേഹം ചെയ്യുന്നത്. എതിരാളികളെ പിടികൂടി വകവരുത്താന്‍ 'തക്ഫീര്‍' എന്ന എളുപ്പവഴികൂടി പരിചയപ്പെടുത്തുന്നതോടെ ഐ.എസ് പോലെയുള്ള തീവ്രകൂട്ടായ്മകള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിന്താധാരയായി സയ്യിദ് ഖുതുബിന്റെ തീവ്ര ഇഖ്‌വാനിസം ഇവിടെ മാറുന്നു. തന്റെ 'ഫീ ളിലാലില്‍ ഖുര്‍ആന്‍' (ഖുര്‍ആന്റെ തണലില്‍) എന്ന ഖുര്‍ആന്‍ വ്യാഖ്യാനവും ഈ പശ്ചാത്തലത്തില്‍ എഴുതപ്പെട്ടതായതുകൊണ്ടുതന്നെ മുസ്‌ലിം ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം ഇസ്‌ലാമിക രാജ്യം പണിയലാണ് എന്ന ധ്വനി ഇതിലുടനീളം കാണാം. ആളുകളെ മതത്തിന്റെ പേരില്‍ കലാപത്തിലേക്ക് ഇറക്കിവിടാനും മതവിധ്വംസന പ്രവര്‍ത്തനങ്ങളില്‍ അഴിഞ്ഞാടുന്നവര്‍ക്ക് ഊര്‍ജ്ജവും കരുത്തും പകരാനും മാത്രമാണ് സയ്യിദ് ഖുതുബിന്റെ ഇത്തരം കൃതികള്‍ ഇന്ന് പ്രവര്‍ത്തിക്കുന്നത്.
ജമാഅത്തെ ഇസ്‌ലാമിയുടെ പിതാവായ അബുല്‍ അഅ്‌ലാ മൗദൂദി തന്നെയായിരുന്നു തന്റെ ഇത്തരം തീവ്രചിന്താഗതികളുടെ രൂപീകരണത്തിലും വികസനത്തിലും സയ്യിദ് ഖുതുബിനെ ഏറെ സ്വാധീനിച്ച ഒരു വ്യക്തി. മുസ്‌ലിം ലോകത്തിന്റെ വര്‍ത്തമാനത്തെ സൂചിപ്പിക്കാന്‍ അദ്ദേഹം ഉപയോഗിച്ച ജാഹിലിയ്യ പ്രയോഗം തന്നെയാണ് ഖുതുബും തന്റെ കൃതികളില്‍ കടമെടുക്കുന്നത്. ഭരണാധികാരത്തെയും അതിനോടുള്ള ജനങ്ങളുടെ വിധേയത്വത്തെയും കുറിക്കാന്‍ മൗദൂദി പരിചയപ്പെടുത്തിയ ഉബൂദിയ്യത്ത്, ഹാകിമിയ്യത്ത് തുടങ്ങിയ പ്രയോഗങ്ങളും തന്റെ വഴിയടയാളങ്ങളില്‍ ഖുതുബ് അതേപടി പുനരവതരിപ്പിക്കുന്നുണ്ട്. ഇസ്‌ലാമിനെ രാഷട്രീയ സിദ്ധാന്മാക്കുന്നതിലും മത ജീവിതത്തെ രാഷ്ട്രീയ പ്രവര്‍ത്തനമാക്കുന്നതിലും മൗദൂദിയുടെ അതേ ധാരതന്നെയായിരുന്നു ഖുതുബിന്റെയും ധാരയെന്ന് ഇതില്‍നിന്നും വ്യക്തമാകുന്നു.
(തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."