അധ്യാപകര്‍ ഉത്തരക്കടലാസുകളില്‍ മറിമായം നടത്തുമ്പോള്‍
കോഴിക്കോട്: സ്‌കൂളുകളുടെ കിടമത്സരം വിദ്യാഭ്യാസ രംഗത്ത് അനഭിലക്ഷണീയമായ പ്രവണതകള്‍ വര്‍ധിപ്പിക്കുന്നു. അതോടൊപ്പം അക്കാദമിക നിലവാരത്തില്‍ ഇടിവുണ്ടാക്കുകയും ചെയ്യുന്നു. തങ്ങളുടെ സ്‌കൂള്‍ തൊട്ടടുത്തുള്ള സ്ഥാപനങ്ങളെക്കാള്‍ മെച്ചമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ഗിമ്മിക്കുകള്‍ പലപ്പോഴും വിദ്യാഭ്യാസ രംഗത്തെ മൂല്യത്തെപ്പോലും കെടുത്തിക്കളുയുന്നതായി ആക്ഷേപമുയരുകയാണ്. പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ പോലുമറിയാതെ അധ്യാപകര്‍ ഉത്തരക്കടലാസുകളില്‍ മറിമായം നടത്തിയ അവസ്ഥ പോലുമുണ്ടായതോടെയാണ് ഈ മേഖലയിലെ കിടമത്സരം ചോദ്യം ചെയ്യപ്പെടുന്നത്.
ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ ജയിപ്പിച്ച സ്ഥാപനമാവാനും നൂറു മേനി നേടിയ സ്ഥാപനമാവാനും ഏതറ്റം വരെയും പോകാമെന്ന അവസ്ഥ അധ്യാപകരില്‍ നിന്നും സ്‌കൂള്‍ അധികൃതരില്‍ നിന്നും ഉണ്ടായിക്കൊണ്ടിരിക്കയാണ്. എയ്ഡഡ്, അണ്‍ എയ്ഡഡ്, സര്‍ക്കാര്‍ വ്യത്യാസമില്ലാതെ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം ഇപ്പോള്‍ മത്സരത്തിലാണ്. ഫല്‍ക്‌സുകള്‍ അടിച്ചും സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും പ്രചാരണങ്ങള്‍ നടത്തിയും നിരവധി വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചും പരമാവധി കുട്ടികളെ തങ്ങളുടെ വിദ്യാലയത്തിലേക്ക് ആകര്‍ഷിക്കാനുള്ള പണികളാണ് നടക്കുന്നത്.
അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് വേനലവധിക്കാലത്തു തന്നെ തങ്ങളുടെ സ്‌കൂളിന്റെ മികവുകള്‍ പ്രചരിപ്പിക്കുന്ന പരിപാടികളില്‍ അധ്യാപകര്‍ മുഴുകുകയാണ്. പല സ്ഥലങ്ങളിലും തങ്ങളുടെ ജോലി സുരക്ഷയ്ക്ക് നിര്‍ബന്ധിത സാഹചര്യത്തില്‍ കുട്ടികളെ പിടിക്കാന്‍ അധ്യാപകര്‍ ഇറങ്ങേണ്ടിവരുന്നുണ്ട്. എന്നാല്‍ ചില പേരെടുത്ത സ്ഥാപനങ്ങള്‍ വിദ്യാര്‍ഥികളെ ചേര്‍ക്കുന്ന സമയത്തു തന്നെ അരിപ്പ വച്ച് നിലവാരം കൂടിയവരെ മാത്രം പ്രവേശിപ്പിച്ച് നൂറുമേനിക്കുള്ള ശ്രമവും നടത്തും. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളെ വൈകല്യമുള്ളവരായി ചിത്രീകരിച്ച് തട്ടിപ്പ് നടത്തുന്ന സംഭവങ്ങളുമുണ്ട്. മാനസിക വൈകല്യമുള്ളവര്‍, കാഴ്ചകേള്‍വി ശക്തി കുറവുള്ളവര്‍, പഠന വൈകല്യമുള്ളവര്‍ എന്നിങ്ങനെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി കേട്ടേഴുതാന്‍ പകരക്കാരനെ (സ്‌ക്രൈബ്) ചുമതലപ്പെടുത്താമെന്ന സര്‍ക്കാര്‍ നിര്‍ദേശമാണ് സ്‌കൂളുകള്‍ മുതലെടുക്കുന്നത്. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളെയെല്ലാം ഏതെങ്കിലും തരത്തിലുള്ള വൈകല്യമുള്ളവരാക്കി മാറ്റി പകരക്കാരെ നിര്‍ത്തി പരീക്ഷയെഴുതിപ്പിച്ച് വിജയിപ്പിക്കുകയാണ് ചെയ്യുന്നത്.
അക്കാദമിക നിലവാരത്തെക്കാള്‍ ഇപ്പോള്‍ മത്സര പരീക്ഷകള്‍ക്കും മേളകള്‍ക്കും മറ്റും പങ്കെടുപ്പിച്ച് തങ്ങള്‍ വിജയിപ്പി്ച്ച കുട്ടികളുടെ സചിത്ര ബോര്‍ഡുകള്‍ കവലകളിലും പരിസരങ്ങളിലും തൂക്കിയാണ് മത്സരം നടക്കുന്നത്. എല്‍.എസ്.എസ് , യു.എസ്.എസ് പരീക്ഷകളില്‍ വിജയിച്ച കുട്ടികളുടെ നീണ്ട ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ എല്ലാ വിദ്യാലയങ്ങളും മുന്നിട്ടിറങ്ങുകയാണ്. ഇത്തരം മത്സര പരീക്ഷകളില്‍ പങ്കെടുപ്പിക്കുന്നത് നിലവാരം കൂടിയ വിദ്യാര്‍ഥികള്‍ മാത്രമാണെന്നതാണ് വസ്തുത. സാധാ നിലവാരത്തിലുള്ള വിദ്യാര്‍ഥികള്‍ പലപ്പോഴും പുറന്തള്ളപ്പെടുകയാണ്.
അതൊടൊപ്പം ഇത്തരം പുറം മോഡികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതോടെ അക്കാദമിക നിലവാരം പലയിടങ്ങളിലും മോശമാവുകയാണ്. പാഠഭാഗങ്ങള്‍ വേണ്ട വിധത്തില്‍ പഠിപ്പിക്കാനോ വിദ്യാര്‍ഥികളുടെ നിലവാരം ഉയര്‍ത്താനോ സമയമില്ലാത്ത അവസ്ഥ വരുന്നു. പ്രത്യേകിച്ചും പുതിയ പഠന രീതി വന്നതോടെ ഭാഷാ പഠനത്തില്‍ വിദ്യാര്‍ഥികള്‍ ഏറെ പിറകിലാണ്. ഇംഗ്ലീഷ്, ഹിന്ദി, അറബിക് തുടങ്ങിയ ഭാഷകള്‍ ചെറിയ ക്ലാസുകളില്‍ നിന്നു മുതലേ പഠിക്കാന്‍ തുടങ്ങുന്നുവെങ്കിലും പത്തു വര്‍ഷം പഠിച്ചിട്ടും ജീവിതത്തില്‍ അത് ഉപയോഗപ്രദമാക്കുവാന്‍ ഭൂരിഭാഗം വിദ്യാര്‍ഥികള്‍ക്കും സാധിക്കാതെ വരികയാണ്. മാതൃഭാഷയായ മലയാളം പോലും വൃത്തിയായി വായിക്കാനും എഴുതാനും പറ്റാത്ത മഹാ ദുരിതത്തിലാണ് വിദ്യാര്‍ഥികള്‍ എത്തുന്നത്. ഉത്തരക്കടലാസുകള്‍ പരിശോധിക്കുന്ന അധ്യാപകര്‍ പലരും ഇക്കാര്യം വ്യക്തമാക്കാറുണ്ട്.
അതോടൊപ്പം ഇപ്പോള്‍ നിലനില്‍ക്കുന്ന വളരെ ഉദാരമായ രീതിയിലുള്ള പരീക്ഷാ സമ്പ്രദായങ്ങളും വിലയിരുത്തല്‍ മാര്‍ഗങ്ങളും വിദ്യാഭ്യാസ നിലവാരത്തെ കുറയ്ക്കുന്നതായി അഭിപ്രായമുണ്ട്. കോപ്പിയടിപോലുള്ള ചില വഴികളിലൂടെ വിദ്യാര്‍ഥികള്‍ പരീക്ഷാ കടമ്പകള്‍ കടന്നുകിട്ടാന്‍ ശ്രമിക്കാറുണ്ടായിരുന്ന കാലത്തു നിന്നു മാറി അധ്യാപകര്‍ തന്നെ അനധികൃത വഴികളിലൂടെ അവര്‍ക്ക് വിജയമുറപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ സംസ്ഥാനത്തിന്റെ തന്നെ വിദ്യാഭ്യാസ നിലവാരം പരിതാപകരമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."