സൗഹൃദത്തിന്റെ മലയാള പരിസരം
കാഫിറുകളോടു യുദ്ധംചെയ്യാന്‍ ആവശ്യപ്പെടുന്ന സൈനുദ്ദീന്‍ മഖ്ദൂം (റ) രചിച്ച തുഹ്ഫത്തുല്‍ മുജാഹിദീന്‍ തീവ്രവാദത്തിന്റെ ആഹ്വാനമാണെന്നും കേരളത്തില്‍ തീവ്രവാദത്തിന് ജിഹാദിന്റെ പരിവേഷം നല്‍കിയത് അവിടംമുതലാണെന്നുമുള്ള വാദം ചിലര്‍ ഉയര്‍ത്താറുണ്ട്. ഒ.വി ഉഷയുടെ ഒരു നിരീക്ഷണമുണ്ടിവിടെ.
അങ്ങനെയാണെങ്കില്‍ സാമൂതിരിയെയാണു തുഹ്ഫ ശത്രുവായി കാണേണ്ടത്. ഹിന്ദുക്കളെല്ലാം കാഫിറുകളാണെന്നും അവരെ കൊല്ലുന്നതു ജിഹാദാണെന്നും സങ്കല്‍പിച്ചാണു തുഹ്ഫയെ തീവ്രവാദഗ്രന്ഥമായി കാണുന്നത്. കാഫിറുകളെ വധിക്കുന്നതിനെ ജിഹാദായി ഗണിക്കപ്പെടുന്നുണ്ട്. സാമൂതിരി മഹാരാജാവിന്റെ ഭരണത്തെ അട്ടിമറിച്ച് അധിനിവേശം നടത്താന്‍ കടല്‍ കടന്നെത്തിയ പോര്‍ച്ചുഗീസുകാര്‍ക്കെതിരേ നായര്‍പടയാളികളുടെ കൂടെനിന്നു യുദ്ധംചെയ്യാന്‍ മാപ്പിളപടയാളികളെ സജ്ജമാക്കുകയാണു തുഹ്ഫ.
കാഫിറെന്നാല്‍ അമുസ്‌ലിമാണെന്ന ധാരണയെ തുഹ്ഫ പൊളിച്ചെഴുതുകയാണ്. ഇസ്‌ലാം അല്ലെങ്കില്‍ ജാഹിലിയ്യത്ത്, ജാഹിലിയ്യത്തിനെതിരെ ജിഹാദ് എന്ന മൗദൂദിയന്‍ സങ്കല്‍പത്തെ തുഹ്ഫ അംഗീകരിക്കുന്നില്ല. പോര്‍ച്ചുഗീസുകാര്‍ അഹ്‌ലു കിതാബാണ്. എന്നിട്ടും ബഹുദൈവവിശ്വാസിയായ സാമൂതിരിയെയാണു തുഹ്ഫ പിന്തുണച്ചത്.
യൂറോപ്യന്‍, അമേരിക്കന്‍ മതേതരത്വം മതരഹിതമാണ്. മതമൂല്യങ്ങളില്ലാത്ത സംസ്‌കാരത്തില്‍ മതകീയപ്പേരുകള്‍ സങ്കരമാകുന്നതിനെ സൗഹൃദമെന്നു പേരിടുന്നതു നിരര്‍ത്ഥകമാണ്. മതമില്ലാത്തവരുടെ സഹകരണം മതസൗഹൃദമല്ല. മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചു വേദിയിലിരുന്നാല്‍ മുസ്‌ലിം ഹിന്ദു ഐക്യമായെന്ന ബോധം അബദ്ധമാണ്. അതില്‍ മതത്തിന് ഒരു പങ്കുമില്ല. സൗഹൃദത്തിന്റെ അടിത്തറയ്ക്കു കേരളം നല്‍കിയ റോള്‍ മോഡലുണ്ട്. മമ്പുറം തങ്ങളും കോന്തുനായരും ഒരുമിക്കുന്നിടം, മങ്ങാട്ടച്ചന്റെ ചോദ്യം കുഞ്ഞായിന്‍ മുസ്‌ലിയാര്‍ പൂരിപ്പിക്കുന്ന മലായാളപരിസരം, സാമൂതിരിയുടെ അധികാരസംരക്ഷണത്തിനു പടനയിച്ചു രക്തസാക്ഷിയാകുന്ന കുഞ്ഞാലിമരയ്ക്കാരുടെ ഓര്‍മയുറങ്ങുന്ന കടല്‍കാറ്റ്.
ഹിന്ദു അധികാരത്തില്‍ മുസ്‌ലിംകള്‍ക്കു നേതാവായി ഷാ-ബന്ദര്‍ കോയ എന്ന സ്ഥാനപ്പേരില്‍ അധികാരിയെ വച്ചിരുന്നു. കേരളത്തിലെ ഹിന്ദുക്കള്‍ക്ക് വാണിജ്യം നടത്താന്‍ ഉത്തരേന്ത്യയിലേയ്ക്കു പോക്കുവരവിന് എട്ടുമാസം കാലതാമസം വന്നിടത്ത് അറേബ്യയുമായി കയറ്റിറക്ക് നടത്താന്‍ 40 നാള്‍ മാത്രം മതിയാകുമ്പോള്‍ ഉത്തരേന്ത്യന്‍ സംസ്‌കാരത്തേക്കാള്‍ മലയാളിഹിന്ദു അടുത്തറിഞ്ഞത് അറേബ്യന്‍ മുസ്‌ലിമിനെയാണ്.
സൈനുദ്ദീന്‍ മഖദൂം (റ) തുഹ്ഫയില്‍ മൂന്നു സ്ഥലത്തു ബഹുദൈവാരാധകനായ സാമൂതിരിക്ക് അല്ലാഹുവിന്റെ അനുഗ്രഹം ലഭിച്ചതായി രേഖപ്പെടുത്തുന്നുണ്ട്. 1). സാമൂതിരിയും സൈന്യവും അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ സുരക്ഷതമായി കോഴിക്കോട്ടെത്തി (തുഹ്ഫ 64). 2) അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ സാമൂതിരി പോര്‍ച്ചുഗീസുകാരുടെ ചതിയില്‍പെടാതെ രക്ഷപ്പെട്ടു (71) 3. വെളിയങ്കോടിന്റെ തെക്ക്ഭാഗത്ത് പറങ്കികളുടെ കപ്പല്‍ ശക്തമായ കാറ്റില്‍പെട്ട് തകര്‍ന്നത് സാമൂതിരിയോട് അല്ലാഹു കാണിച്ച അനുഗ്രഹമാണ് (75). ഇതേ കുറിച്ച് വി.സി ശ്രീജന്‍ പറയുന്നു. യഹൂദരല്ലാത്തവരെ യഹോവയോ നസറാണിയല്ലാത്തവരെ യേശുവോ അനുഗ്രഹിച്ചിട്ടില്ല. അല്ലാഹു സാമൂതിരിയെ അനുഗ്രഹിക്കുന്നത് ഇസ്‌ലാമിക പണ്ഡിതന്‍മാരെ സമ്മതിക്കൂ- മുസ്‌ലിംകള്‍ മതംമാറ്റം പ്രോത്സാഹിപ്പിക്കുന്നു എന്നത് ഒരു അപരാധമായി ചിലര്‍ പറയാറുണ്ട്. ഇസ്‌ലാമാക്കുന്നത് തീവ്രവാദമല്ല. തന്റെ മതത്തിലേക്ക് ചേര്‍ക്കുന്നതും തന്റെ ജാതിയില്‍ മറ്റാരും ചേരേണ്ട എന്ന് പറയുന്നതും രണ്ടാണ്. തുഹ്ഫ ജാതീയതക്ക് എതിരായിരുന്നു. ശ്രീജന്റെ വാക്കുകളില്‍ നിരാസത്തിന്റെ ധ്വനിയുണ്ട്.
ഹിന്ദു ജനവിഭാഗങ്ങള്‍ക്ക് മുസ് ലിംകള്‍ക്കിടയില്‍ വലിയ അംഗീകാരമുണ്ടായിരുന്നു. രാജ്യത്തിന്റെ പുരോഗതിയും സുരക്ഷിതത്വവും മുസ് ലിംകള്‍ക്കിടയിലൂടെയാണ് ഹൈന്ദവരാജാക്കന്മാര്‍ ഉറപ്പുവരുത്തിയത്. സാമൂതിരിയുടെ ഭരണപ്രദേശത്ത് വിദേശ വസ്തുക്കള്‍ എത്തിച്ചതും ഇവിടത്തെ നാണ്യം വിദേശങ്ങളില്‍ എത്തിച്ചതും അറബികളും മുസ ്‌ലിംങ്ങളുമാണ്. എം.ജി.എസ് നാരായണന്‍ എഴുതുന്നു. വാസ്തവത്തില്‍ പരന്നു കിടക്കുന്ന ഇസ് ലാമിക സാമ്രാജ്യത്തിലെ സമുദ്രവ്യാപാര ശൃംഘലയുടെ നടുക്കണ്ണി എന്ന പദവിയാണ് കോഴിക്കോടിനെ ഒരു അന്താരാഷ്ട്ര വ്യാപാര കേന്ദ്രമായി വളര്‍ത്തിയതും ഈ രാജ്യത്തെ കേരളത്തില്‍ വേണാട് ഒഴിച്ചെല്ലാ രാജ്യങ്ങളും ഭയപ്പെടുന്ന വന്‍ശക്തിയാക്കി മാറ്റിയതും എന്ന് പറയാം. സാമൂതിരിയുടെ പടത്തലവരായി കുഞ്ഞാലി മരക്കാര്‍ നിലയുറപ്പിച്ചു. കുഞ്ഞാലിമരക്കാര്‍ നാലാമന്റെ ഘട്ടത്തില്‍ സാമൂതിരി പോര്‍ച്ചുഗീസുകാര്‍ക്ക് പിന്തുണ നല്‍കിയ ഘട്ടമുണ്ടായിരുന്നു. ആ ചതിയില്‍ പോലും കുഞ്ഞാലി മരക്കാര്‍ സാമൂതിരിയെ തള്ളിയില്ല. പോര്‍ച്ചുഗീസിന് ആവശ്യം സാമൂതിരിയെയല്ല, കുഞ്ഞാലിയെയാണ്. കുഞ്ഞാലിമരക്കാരെ സ്വന്തമാക്കി സാമൂതിരിയുടെ അധികാരം പിടിച്ചെടുക്കുക. സാമൂതിരിയെ സ്വന്തമാക്കി കുഞ്ഞാലിയെ കീഴ്‌പ്പെടുത്തേണ്ട ആവശ്യം പോര്‍ച്ചുഗീസിനില്ല. അധികാരം കുഞ്ഞാലിയിലല്ല, സാമൂതിരിയിലാണ്. കുഞ്ഞാലിയെ വശത്താക്കാന്‍ കഴിയില്ലെന്ന് കണ്ടപ്പോഴാണ് സാമൂതിരിയെ വശത്താക്കാന്‍ പോര്‍ച്ചുഗീസ് കുതന്ത്രത്തിനായത്. ചതിയില്‍ പെട്ടിട്ടുപോലും പോര്‍ച്ചുഗീസിന് കീഴടങ്ങാന്‍ കുഞ്ഞാലി തയാറാവാതെ ഒടുക്കം സാമൂതിരിയുടെ മുന്‍പില്‍ കീഴടങ്ങിക്കോളാം എന്നാണ് കുഞ്ഞാലിമരക്കാര്‍ സമ്മതിച്ചത്. അവസാനം വരെ ഹിന്ദു ഭരണാധികാരിയുടെ കൂടെ നിന്ന മുസ്‌ലിം പടയാളി.
സാമൂതിരിക്ക് വേണ്ടി പോര്‍ച്ചുഗീസുകാരോട് യുദ്ധം ചെയ്യാന്‍ നായര്‍ പടയാളികളുടെ കൂടെ ചേരാന്‍ സൈനുദ്ധീന്‍ മഖ്ദൂം തുഹ്ഫയിലൂടെ മാപ്പിള പടയാളികളോട് നിര്‍ദേശിക്കുന്നുണ്ട്. അത് ജിഹാദാണ്. മരിച്ചാല്‍ ശഹീദാണ്. മുസ് ലിംകളോട് സ്വന്തമായി ജിഹാദ് നടത്തുന്നതിന് പകരം ഹിന്ദു പടയാളികളോട് ചേര്‍ന്ന് നിന്ന് പടവെട്ടാനാണ് തുഹ്ഫ കല്‍പ്പിക്കുന്നത്. അതിനെ ജിഹാദും ശഹീദുമായി സമര്‍പ്പിക്കുന്നു.
അറബി രാജാക്കന്മാരേക്കാള്‍ സാമൂതിരിയോടാണ് മുസ്‌ലിംകള്‍ക്ക് കടപ്പാടുണ്ടായിരുന്നത്.
ചാലിയം കോട്ട പിടിച്ചടക്കിയ സാമൂതിരിയെ വാഴ്ത്തി ഖാസീ മുഹമ്മദ് (റ) രചിച്ച ഫത്ഹുല്‍ മുബീന്‍ എന്ന കാവ്യം അറബിയിലാണ്. ( അദേഹം തന്നെ രചിച്ച മുഹ്‌യുദ്ധീന്‍ മാല അറബി മലയാളത്തിലാണ്. അത് മലയാളിക്ക് വേണ്ടിയാണ്) ഫത്ഹുല്‍ മുബീന്‍ അറബി മലയാളത്തിലെഴുതാതെ അറബിയില്‍ എഴുതാനുള്ള കാരണം കോഴിക്കോട്ടെ മുസ് ലിംകള്‍ക്ക് അറബി രാജാക്കന്മാരില്‍ നിന്ന് ലഭിക്കാത്ത സഹായവും പിന്തുണയും സാമൂതിരിയില്‍ നിന്ന് ലഭിച്ചതും അതിന് മുസ് ലിംകള്‍ സാമൂതിരിയോട് കടപ്പെട്ടതും അറബ് ലോകം അറിയാനാണ് കാവ്യം അറബിയിലാക്കിയത്. കുറച്ചൊക്കെ പ്രധിഷേധത്തിന്റെ സൂചനയും ആ രചനക്കുണ്ട്. സാമൂതിരിയെ പ്രീതിപ്പെടുത്തി സമ്മാനം നേടലായിരുന്നു ഖാസി മുഹമ്മദ് (റ) വിന്റെ ഉദ്ദേശമെങ്കില്‍ നാലു നൂറ്റാണ്ട് പിന്നിട്ടിട്ടും മലയാള സാഹിത്യത്തില്‍ പകരം വെക്കാനില്ലാത്ത കാവ്യമായ മുഹ്‌യിദ്ദീന്‍ മാല രചിച്ച അദേഹത്തിന് സാമൂതിരിമഹാത്മ്യം മലയാളത്തില്‍ എഴുതാമായിരുന്നു. മറിച്ച് ഉദ്ദേശം അറബികളെ ബോധ്യപ്പെടുത്തുകയായിരുന്നു. അന്യ നാട്ടുകാരനായ സുല്‍ത്താന്‍ അലി ആദില്‍ശക്കാണ് അത് സമര്‍പ്പിച്ചത് എന്നതും ശ്രദ്ധേയമാണ്.
സാമൂതിരിയുടെ പടത്തലവനായ കുഞ്ഞാലി മരക്കാരുടെ സൈന്യത്തിലെ മത ജാതി ഐക്യത്തെ കെ.പി കേശവമേനോന്‍ പുകഴ്ത്തുന്നുണ്ട്. തൊട്ട് കൂടായ്മയും ചാതുര്‍ വര്‍ണ്യവും നിറഞ്ഞാടുന്ന കാലത്താണ് കുഞ്ഞാലി മരക്കാരുടെ പടയില്‍ ഉയര്‍ന്ന ജാതിയും താഴ്ന്ന ജാതിയും നിലയുറപ്പിച്ചത്. സാമൂതിരി ഹിന്ദു മുസ് ലിം ഐക്യത്തെയും കുഞ്ഞാലിമരക്കാര്‍ സവര്‍ണ- അവര്‍ണ ജാതി ഐക്യത്തില്‍ പ്രചോദനമേകി. സാമൂതിരിയെ മുസ് ലിംകളുടെ അമീറായി തുഹ്ഫ അവതരിപ്പിക്കുന്നുണ്ട്.
മതം രാഷ്ട്ര പ്രക്രിയയില്‍ ഇടപെടുന്നതാണ് തുഹ്ഫയില്‍ കാണുന്നത്. സാമൂഹ്യ പ്രശ്‌നങ്ങളും രാഷ്ട്രീയ വര്‍ത്തമാനങ്ങളിലും ഞങ്ങള്‍ മാത്രം ഇടപെട്ടാല്‍ മതിയെന്ന് മതത്തിന് അവിടെ റോളൊന്നുമില്ലെന്ന വാദം തുഹ്ഫ നിരാകരിക്കുകയാണ്. മതത്തിന്റെ മൗലികതയെ വാദിക്കുന്നവര്‍ക്ക് സാമ്രാജിത്വ അധിനിവേശ വിരോധിയോ സാമൂഹ്യ പ്രശ്‌നങ്ങളില്‍ ഇടപെടലുകളോ ആവില്ലന്നും ആയിക്കൂടെന്നുമുള്ള സങ്കല്‍പത്തെ തുഹ്ഫ പൊളിച്ചെഴുതുന്നുണ്ട്. മത വിശ്വാസത്തിന്റെയും മതാനുഷ്ഠാനത്തിന്റെയും കരുത്തിലാണിത്. പോര്‍ച്ചുഗീസ് വിരോധവും രാഷ്ട്ര ബോധവും ജാതി വിരുദ്ധതയുമാണ് തുഹ്ഫ നിര്‍മിക്കുന്നത്. മത രഹിത സാമൂഹികതയെയല്ല, മത സഹിത സാമൂഹികതയെയാണ് തുഹ്ഫ ഉയര്‍ത്തിക്കാട്ടിയത്. ചരിത്ര ഗ്രന്ഥം കൂടിയാണ് തുഹ്ഫ. കേരളത്തിലെ ആദ്യത്തെ ചരിത്ര ഗ്രന്ഥം തുഹ്ഫയാണ്. ഇന്ത്യയിലെ ഹിന്ദു രാജാക്കന്മാര്‍ ഇതര രാജ്യങ്ങളിലെ ചരിത്രം പഠിക്കാത്തതില്‍ ഡോ. എം.ജി.എസ് നാരായണന്‍ പരിതപിക്കുന്നുണ്ട്. എം.ജി.എസ് പറയുന്നു : ഹിന്ദു രാജാക്കന്മാര്‍ ഇതര രാജ്യങ്ങളെ പഠിച്ചില്ല. അല്‍ ബിറൂദിയെ പോലുള്ളവര്‍ ഹിന്ദു മതത്തെ പഠിച്ച പോലെ ബ്രാഹ്മണര്‍ പഠിച്ചിരുന്നെങ്കില്‍ ചരിത്രം മറ്റൊന്നാകുമായിരുന്നു. യഥാര്‍ത്ഥത്തില്‍ വേലായുധന്‍ പണിക്കശ്ശേരിയുടെ കേരളം പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളില്‍ എന്നൊരു ഗ്രന്ഥം തുഹ്ഫയുടെ തര്‍ജ്ജുമയാണ്. വിദേശിക്കെതിരെ നാട്ടു രാജാവിനെ രക്ഷിക്കാന്‍ ആയുധമേന്താന്‍ പ്രേരിപ്പിക്കുകയാണ് തുഹ്ഫയുടെ ലക്ഷ്യമെങ്കിലും ഒരു നിഷ്പക്ഷ കേരള ചരിത്രം നമുക്ക് കിട്ടി. ഉള്ളത് അതേപടി ശൈഖ് പറഞ്ഞു തന്നു. ലോഗന്‍ - മലബാര്‍ മാന്വലില്‍ പറയുന്നു സാമുദായിക പക്ഷം ചേരല്‍ തുഹ്ഫയിലില്ല. മുസ് ലിംകളിലെ തന്നെ ജീര്‍ണ്ണതകളെയും ദോഷങ്ങളെയും കണക്കിന് ശാശിക്കുന്നുമുണ്ട്. സൈനുദ്ധീന്‍ മഖ്ദൂം നിര്‍വഹിച്ചത് സാമൂഹ്യ പശ്ചാത്തലം പഠിച്ച ഒരു പണ്ഢിതന്റെ ധര്‍മ്മമാണ്. ചരിത്രം പറയുകയല്ല. ആളുകളെ ഇടപെടീക്കുകയാണ്. കൂട്ടത്തില്‍ ചരിത്രം ലഭ്യമാക്കുന്നു എന്നു മാത്രം. ഇന്നത് നടന്നു എന്ന് പറയുന്നതിന് പകരം ഇന്നതില്‍ ഇന്നത് സംഭവിക്കണമെന്ന് ആഹ്വാനം ചെയ്യുകയാണ് തുഹ്ഫ : ശൈഖ് സൈനുദ്ധീന്‍ മഖ്ദൂമില്‍ സാമ്രാജിത്വ വിരുദ്ധതയെ കാണുന്നവര്‍ അദ്ദേഹത്തിന്റെ ആത്മീയ ചക്രവാളം വിസ്മരിക്കുക മാത്രമല്ല നിരാകരിക്കുക കൂടി ചെയ്യുന്നത് കാപട്യമാണ്. അദ്ദേഹത്തിന്റെ ആദ്ധ്യാത്മികതയെ ഒഴിച്ചു നിര്‍ത്തി ദേശീയ വാദിയെ കണ്ടെത്താനാവില്ല. ഇസ് ലാമിക പണ്ഢിതനായ മഖ്ദും സാമ്രാജ്യത്വത്തെ വെല്ലുവിളിക്കുന്നത് ആത്മീയ ജീവിതത്തിന്റെ ഭൂമികയില്‍ നിന്നാണ്.
മാപ്പിളമാര്‍ ഈ യുദ്ധം നടത്തി മലയാള ക്കരയും ഭാഷയും സംരക്ഷിച്ചില്ലായിരുന്നുവെങ്കില്‍ എഴുത്തച്ഛന് തിരൂരില്‍ സ്വസ്ഥമായിരുന്ന് രാമായണ കാവ്യ രചന നടത്താന്‍ കഴിയുമായിരുന്നില്ലന്ന് കെ.കെ.എന്‍ കുറുപ്പ് പറയുന്നുണ്ട്.
ഖാസീ മുഹമ്മദ് (റ) ഫത്ഹുല്‍ മുബീന്‍ എഴുതിയത് യുദ്ധത്തിന് ശേഷമാണ്. എന്നാല്‍ സാമൂതിരിയുടെ ഭരണം കാക്കാന്‍ നായര്‍ പടയാളികളോട് മാപ്പിള പടയാളികളോട് ചേര്‍ന്ന് യുദ്ധം നടത്താന്‍ അദ്ദേഹം ഖുതുബകളിലൂടെ പ്രേരണ നല്‍കി. അതിന്റെ സമാഹാരമാണ് അല്‍ ഖുത്ബത്തുല്‍ ജിഹാദിയ്യ. വളാഞ്ചേരിയിലെ പാങ്ങില്‍ അഹ്മദ് കുട്ടി മുസ് ലിയാരുടെ ഗ്രന്ഥ ശേഖരത്തില്‍ നിന്ന് അബ്ദുറഹിമാന്‍ ആദൃശ്ശേരി ഈ ഖുതുബ സമാഹാര ഗ്രന്ഥം
പുറത്ത് കൊണ്ടു വന്നത് ഈ അടുത്താണ്. ഡോ: എന്‍.എ.എം അബ്ദുല്‍ ഖാദര്‍ ഠഒഋ ണഅഞ ടജഋഋഇഒ എന്ന പേരില്‍ ഇത് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്. സമരം കൊല്ലങ്ങള്‍ നീണ്ടപ്പോള്‍ ഉപരോധം കാരണം പൊറുതി മുട്ടിയ പോര്‍ച്ചുഗീസുകാര്‍ സാമൂതിരിക്ക് പണം നല്‍കാന്‍ തീരുമാനിച്ചത് മന്ത്രിമാര്‍ക്ക് സ്വീകാര്യമായിരുന്നിട്ടും പടയാളികളുടെ അഭിപ്രായം സ്വികരിച്ച് സാമൂതിരി വഴങ്ങാതിരുന്നതും ഈ ഗ്രന്ഥങ്ങളില്‍ പറയുന്നുണ്ട്. കോഴിക്കോട്ടെ മിശ്കാല്‍ പള്ളിയില്‍ സാമൂതിരിയുടെ ഉദ്യോഗസ്ഥരും മുസ് ലിം പണ്ഢിതന്മാരും ഒരുമിച്ചു കൂടിയാണ് ചാലിയം യുദ്ധത്തിന് തീരുമാനം എടുത്തത് എന്ന് ഫത്ഹുല്‍ മുബീനില്‍ പറയുന്നുണ്ട്. എം.ജി.എസ് നാരായണന്‍ എഴുതുന്നു. കോഴിക്കോട്ടെ സാമൂതിരി മധ്യ കാല ശതകങ്ങളില്‍ രൂപമെടുത്ത ഇസ് ലാമിക മഹാ സഖ്യത്തിലെ ഹിന്ദു രാജാവായി അംഗീകരിക്കപ്പെട്ടു. അത് കൊണ്ടാണ് പതിനാറാം നൂറ്റാണ്ടില്‍ ശൈഖ് സൈനുദ്ധീന്‍ മഖ്ദൂം പറങ്കികള്‍ക്കെതിരായി സാമൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ ഹിന്ദുക്കളും മുസ് ലിം കളും ചേര്‍ന്ന് ഒരു ജിഹാദ് നടത്തുവാന്‍ ആഹ്വാനം ചെയ്തത്. ഫത്ഹുല്‍ മുബീന്‍ എന്ന അറബി കാവ്യത്തില്‍ ചാലിയം കോട്ട പിടിച്ച കഥ വര്‍ണിക്കുമ്പോള്‍ കോഴിക്കോട്ടെ ഖാസീ മുഹമ്മദ് തുര്‍ക്കിയിലെയും ഈജിപ്തിലെയും സുല്‍ത്താന്മാരേക്കാള്‍ സാമൂതിരിയെ വാഴ്ത്താന്‍ ഇടവന്നതും ഈ പശ്ചാത്തലത്തിലാണ്.
(കോഴിക്കോട് ചരിത്രത്തില്‍ നിന്ന് ചില ഏടുകള്‍- പേജ് 45)
കാഫിറിനെതിരെ യുദ്ധം ചെയ്യാന്‍ തുഹ്ഫയു ഫത്ഹുല്‍ മുബീനും ഖുത്ബത്തുല്‍ ജിഹാദിയ്യയും ആഹ്വാനം ചെയ്യുമ്പോള്‍ പ്രതിപക്ഷ സ്ഥാനത്ത് അമുസ് ലിമിനെ മൊത്തം കാണുന്നത് വങ്കത്തമാണ്. സാമൂഹിക രാഷ്ട്രീയ വിഷയത്തില്‍ കാഫിറെന്നതിന്റെ വിവക്ഷ സാമൂഹ്യ ശാസ്ത്ര പരവും രാഷ്ട്രീയവുമാണ്. അതുകൊണ്ടാണ് കാഫിറിനെതിരായ യുദ്ധം സാമൂതിരിക്ക് വേണ്ടിയാകുന്നത്. സൗഹൃദത്തിന്റെ പരിസരത്ത് നിന്ന് വേണം ഇത് വായിക്കാന്‍. മതങ്ങള്‍ക്കിടയിലെ പരസ്പര സഹവര്‍തിത്വമെന്ന കോണില്‍ ഇന്ത്യക്കും കേരളത്തിനും പടിഞ്ഞാറ് നിന്ന് ലഭിച്ചതല്ല. അതിനുമെത്രയോ മുന്‍പ് നമ്മുടെ പൈതൃകത്തിന്റെ ഭാഗമാണത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."