ഇടുക്കിയിലെ കള്ളവോട്ട്: സ്ട്രോങ്റൂം തുറന്നുള്ള പരിശോധന 23ന്
തൊടുപുഴ: കോണ്‍ഗ്രസിന് പിന്നാലെ സി.പി.എമ്മും കള്ളവോട്ട് ആരോപണവുമായി രംഗത്തെത്തി. ഇതോടെ ഇടുക്കി ലോക്സഭാ മണ്ഡലത്തിലെ സ്ട്രോങ്റൂം തുറന്നുള്ള പരിശോധന വോട്ടെണ്ണല്‍ ദിനമായ 23ലേക്ക് മാറ്റി.
ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ എച്ച്. ദിനേശന് സ്ഥാനാര്‍ഥി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഉടുമ്പന്‍ചോലയിലെ കള്ളവോട്ടില്‍ ആരോപണവിധേയനായ രഞ്ജിത്ത് രണ്ട് തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചതായി സ്ഥിരീകരിച്ചു. ഇതുസംബന്ധിച്ച് ബി.എല്‍.ഒമാരുടെ യോഗം കഴിഞ്ഞയാഴ്ച നടന്നിരുന്നു.
പേരുകളില്‍ മാറ്റമുണ്ടെങ്കിലും ഫോട്ടോ ഒന്ന് തന്നെയാണെന്ന് പരിശോധനയില്‍ കണ്ടെത്തി. ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തിലെ 66, 69 ബൂത്തുകളില്‍ കള്ളവോട്ട് നടന്നെന്ന ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറിന്റെ പരാതിയിലാണ് ജില്ലാ കലക്ടറുടെ നടപടി. കോതമംഗലം നിയോജക മണ്ഡലത്തില്‍ 108, 106 ബൂത്തുകളില്‍ അനില്‍ നായര്‍ എന്നയാള്‍ ഇരട്ടവോട്ട് ചെയ്തതായി സി.പി.എമ്മും പരാതി നല്‍കിയിട്ടുണ്ട്.
ആരോപണങ്ങളുയരുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്. ഇതിനാലാണ് വോട്ടെണ്ണല്‍ ദിനത്തില്‍ ആവശ്യമായ സമയമെടുത്ത് ഇത് പരിശോധിക്കാന്‍ തീരുമാനിച്ചതെന്ന് കലക്ടര്‍ പറഞ്ഞു.
കള്ളവോട്ട് വിഷയത്തില്‍ എന്തെങ്കിലും തെറ്റുകള്‍ കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരേ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."