കെ.എസ്.ആര്‍.ടി.സി സ്വകാര്യ ബസുകള്‍ വാടകക്കെടുക്കും
തിരുവനന്തപുരം: മണ്ഡല- മകരവിളക്ക് തീര്‍ഥാടനകാലത്ത് നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് സര്‍വിസ് നടത്താന്‍ കെ.എസ്.ആര്‍.ടി.സി സ്വകാര്യ ബസുകള്‍ വാടകക്കെടുക്കും. 250 ബസുകളാണ് വാടകക്കെടുക്കുക. നിലയ്ക്കല്‍ അടിസ്ഥാന ക്യാംപാക്കി മാറ്റുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതിനാല്‍ തീര്‍ഥാടകര്‍ വരുന്ന വാഹനങ്ങളെല്ലാം നിലയ്ക്കലില്‍ പാര്‍ക്ക് ചെയ്യണം. തുടര്‍ന്ന് ബസിലാണ് പമ്പയിലേക്ക് പോകേണ്ടത്. ഇതിനായാണ് സ്വകാര്യ ബസുകള്‍ വാടകക്കെടുക്കുന്നത്.
കണ്ടക്ടറില്ലാതെയാണ് നിലയ്ക്കല്‍- പമ്പ ബസുകള്‍ സര്‍വിസ് നടത്തുക. പമ്പയിലേക്ക് പോകേണ്ട തീര്‍ഥാടകര്‍ ബസില്‍ കയറുന്നതിനായി കൂപ്പണ്‍ വാങ്ങണം. കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥന്‍ കൂപ്പണ്‍ പരിശോധിച്ച് ബസിലേക്ക് ആളുകളെ കയറ്റും. സ്വകാര്യ ബസ് ജീവനക്കാരന്‍ തന്നെയായിരിക്കും ഡ്രൈവര്‍. പമ്പയില്‍നിന്ന് ഒരുനിരക്ക് മാത്രമായതിനാല്‍ വഴിനീളെ യാത്രക്കാരെ ഇറക്കണമെന്ന പ്രശ്‌നമുണ്ടാകില്ല. ഇത്തരത്തില്‍ വാടകക്കെടുക്കുന്ന ബസുകളുടെ അറ്റകുറ്റപ്പണി കെ.എസ്.ആര്‍.ടി.സി നിര്‍വഹിക്കേണ്ടതില്ല. മാനേജ്‌മെന്റ് തീരുമാനത്തിനെതിരേ യൂനിയനുകള്‍ രംഗത്തെത്തിയിട്ടുണ്ട്. സ്വകാര്യവല്‍ക്കരണത്തിലേക്കുള്ള ആദ്യപടിയാണിതെന്ന് യൂനിയനുകള്‍ ആരോപിക്കുന്നുണ്ട്.
അതിനിടെ, പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഇന്നു മുതല്‍ ചീഫ് ഓഫിസ് പടിക്കല്‍ തൊഴിലാളി യൂനിയനുകള്‍ അനിശ്ചിതകാല സമരം ആരംഭിക്കും. ഡ്രൈവേഴ്‌സ് യൂനിയന്‍, സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി യൂനിയനുകളുടെ നേതൃത്വത്തിലാണ് സമരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."