കായല്‍ മലിനീകരണം; മത്സ്യസമ്പത്ത് കുറയുന്നു; തൊഴിലാളികള്‍ പട്ടിണിയില്‍
അരൂര്‍: കായലും പൊഴിച്ചാലും മലിനീകരിക്കുന്നതിനെതിരെ മത്സ്യത്തൊഴിലാളി യൂനിയന്‍ കമ്പനികളിലേക്ക് മാര്‍ച്ച് ചെയ്തു. മലിനീകരണം ഉണ്ടാക്കുന്ന അരൂര്‍ വ്യവസായ മേഖലയിലെ ആറ് കമ്പനികളിലേക്കാണ് മത്സ്യത്തൊഴിലാളി യൂനിയന്‍ (സി.ഐ.ടി.യു) ആരൂര്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയത്. രാവിലെ പത്തിന് അരൂര്‍ പള്ളിക്ക് സമീപത്തിനിന്നും പ്രകടനമായി എത്തിയ സമരക്കാര്‍ ഓരോ കമ്പനികളുടെയും മുന്നില്‍ ചെറുയോഗങ്ങള്‍ നടത്തി വിശദീകരണം നല്‍കി.
താഹിറാ കെമിക്കല്‍സിനു മുന്നില്‍ നടന്ന സമാപന സമ്മേളനം മത്സ്യതൊഴിലാളി യൂണിയന്‍ ജില്ലാപ്രസിഡന്റ് പി.ഐ.ഹാരിസ് ഉദ്ഘാടനം ചെയ്തു. സി.വി.ശ്രീജിത്ത് അധ്യക്ഷനായിരുന്നു. അരൂര്‍ വ്യവസായ മേഖലയിലെ കമ്പനികളില്‍ നിന്ന് രാസപദാര്‍ഥമടങ്ങുന്ന മലിന ജലം സമീപത്തുള്ള കായലിലേക്ക് തള്ളുന്നതുമൂലം കായലില്‍ മണല്‍തിട്ടകള്‍ രൂപം കൊള്ളുകയും മത്സ്യസമ്പത്ത് കുറയുകയും ചെയ്യുന്നു. ഇതോടെ മത്സ്യതൊഴിലാളികള്‍ പട്ടിണിയിലായി. അടുത്തിടെ സുപ്രീം കോടതി പുറത്തിറക്കിയ വിധിയനുസരിച്ച് കായല്‍ മലിനമാക്കാന്‍ പാടില്ലന്നും കമ്പനികളില്‍നിന്ന് പുറത്തുവിടുന്ന ജലം ട്രീറ്റ്‌മെറ്റ് നടത്തി ശുദ്ധീകരിച്ചു മാത്രമേ പുറത്തുവിടുവാന്‍ പാടുള്ളു എന്ന് വ്യക്തമാക്കിയിരുന്നു.
ഇതനുസരിച്ചു മാത്രമേ വ്യവസായ മേഖലയിലെ കമ്പനികള്‍ പ്രവര്‍ത്തിക്കാന്‍ പാടുള്ളു എന്നാണ് മത്സ്യതൊഴിലാളികളുടെ ആവശ്യം. അല്ലാത്ത പക്ഷം കമ്പനിയിലേക്ക് വരുന്ന ആസിഡും ആല്‍ക്കലിയും കമ്പനികളില്‍ എത്തുന്നതിന് മുന്‍പ് തടയുമെന്നും നേതാക്കള്‍ മുന്നറിയിപ്പു നല്‍കി. വ്യവസായ മേഖലയോടു ചേര്‍ന്ന് കിടക്കുന്ന കുമ്പളങ്ങി കായലിലും അതിനോടു ചേര്‍ന്ന് കിടക്കുന്ന കൈതപ്പുഴ കായലിലും വേമ്പനാട്ടു കായലിലും മാത്രം കണ്ടുകൊണ്ടിരുന്ന പലയിനം മത്സ്യങ്ങളും മലിനീകരണം മൂലം ഇന്ന് അന്യമായിരിക്കുകയാണെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. ജി.ബാഹുലേയന്‍, സി.കെ.മുകുന്ദന്‍, കെ.കെ.വാസവന്‍, സി.എന്‍.മനോഹരന്‍, ബിന്ദു രത്‌നാകരന്‍, കെ.വി ജലന്ധരന്‍, മുരളീധരന്‍, അബുജാക്ഷന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."