'ഇഅ്തമര്‍നാ' ഉംറ മൊബൈല്‍ ആപ് പുറത്തിറങ്ങി
മക്ക: അടുത്ത മാസം നാല് മുതല്‍ പുനരാരംഭിക്കുന്ന ഉംറ തീര്‍ഥാടനവും മദീന സിയാറയും സുഗമമാക്കാന്‍ സഊദി ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ 'ഇഅ്തമര്‍നാ' മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തനം തുടങ്ങി. ഇനി മുതല്‍ ഉംറ തീര്‍ഥാടനം, ഇരു ഹറം, റൗള, ചരിത്ര നഗരികള്‍ സന്ദര്‍ശനം എന്നിവക്ക് പ്രത്യേക തസ്‌രീഹ് (അനുമതി പത്രം) നിര്‍ബന്ധമാകും. തീര്‍ഥാടകര്‍ക്ക് വ്യക്തമായ മാര്‍ഗ നിര്‍ദേശങ്ങളും അനുമതി പത്രവും ലഭ്യമാകുന്ന പുതിയ ആപ്ലിക്കേഷന്‍ ഇന്നലെ മുതലാണ് ഐ.ഒ.എസില്‍ ലഭ്യമായിത്തുടങ്ങിയത്. കൊവിഡ് മുക്തനാണെന്ന് ഉറപ്പുവരുത്തുന്നതിന് 'തവക്കല്‍നാ' ആപ്ലിക്കേഷനുമായിബന്ധിപ്പിച്ചാണ് 'ഇഅ്തമര്‍നാ' ആപ് പ്രവര്‍ത്തനം.
ഉംറ തീര്‍ഥാടനവും മക്ക, മദീന സിയാറത്തും നാല് ഘട്ടങ്ങളായാണ് പുനരാരംഭിക്കുക. ആദ്യ ഘട്ടത്തില്‍ 6,000 പേര്‍ക്കും 18നു തുടങ്ങുന്ന രണ്ടാം ഘട്ടത്തില്‍ പതിനയ്യായിരം ഉംറ തീര്‍ഥാടകരെയും നാല്‍പതിനായിരം ഹറം സന്ദര്‍ശകരേയും നവംബര്‍ ഒന്നിന് ആരംഭിക്കുന്ന മൂന്നാം ഘട്ടത്തില്‍ വിദേശ ഉംറ തീര്‍ാടകരെയുമാണ് അനുവദിക്കുക. നിലവിലെ പശ്ചാത്തലത്തില്‍ ലഭ്യമായ തീയതികള്‍ക്കനുസരിച്ച് തീര്‍ഥാടകന് ഉചിതമായ സമയവും മറ്റു സേവനങ്ങളും തെരഞ്ഞെടുക്കാനാകുമെന്നും അധികൃതര്‍ അറിയിച്ചു. ഈ സമയ ക്രമീകരണം പാലിച്ചായിരിക്കണം തീര്‍ഥാടകര്‍ ഉംറയും സിയാറയും പൂര്‍ത്തീകരിക്കേണ്ടത്.
ആദ്യ ഘട്ടത്തില്‍ മൂന്ന് മണിക്കൂര്‍ സമയമാണ് ഓരോ തീര്‍ഥാടകര്‍ക്കും അനുവദിക്കുക. ആയിരം പേരടങ്ങുന്ന ആറു സംഘങ്ങള്‍ക്കാണ് ഓരോ ദിവസവും അനുമതി നല്‍കുകയെന്നും മൂന്ന് മണിക്കൂര്‍ കൊണ്ട് ഉംറ തീര്‍ഥാടനം പൂര്‍ണമായും പൂര്‍ത്തീകരിക്കണമെന്നതടക്കമുള്ള നിബന്ധനകളാണ് ഹജ്ജ് ഉംറ മന്ത്രാലയം പ്രഖ്യാപിക്കുകയെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇക്കഴിഞ്ഞ ഹജ്ജ് സമയത്തും ഇതേ മാര്‍ഗമായിരുന്നു സ്വീകരിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."