ദേശീയപാത: കേന്ദ്ര നയം തിരുത്തണമെന്ന് മുഖ്യമന്ത്രി
മുഖ്യമന്ത്രി കേന്ദ്ര മന്ത്രിക്ക് കത്തയച്ചു
തിരുവനന്തപുരം: ദേശീയപാതാ വികസനത്തില്‍ കേരളത്തെ ഒന്നാം മുന്‍ഗണനാ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ നടപടി തിരുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു.
മെയ് രണ്ടിന് ദേശീയപാതാ അതോറിറ്റി പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ച് കേരളത്തിലെ ദേശീയപാതാ വികസനം 'ഹൈ ഒന്ന്' വിഭാഗത്തില്‍ നിന്ന് 'ഹൈവേ രണ്ട്' വിഭാഗത്തിലേക്ക് തരംതാഴ്ത്തിയിരിക്കുകയാണ്.
മെയ് ഒന്‍പതിന് ദേശീയപാത അതോറിറ്റി മറ്റൊരു വിജ്ഞാപനം ഇറക്കിയെങ്കിലും ആദ്യ വിജ്ഞാപനം പിന്‍വലിച്ചിട്ടില്ല. 'ഹൈവേ രണ്ട്' വിഭാഗത്തില്‍ വരുന്ന പദ്ധതികള്‍ക്ക് വീണ്ടും അംഗീകാരം തേടണമെന്ന നിര്‍ദേശമാണ് പുതിയ വിജ്ഞാപനത്തിലുള്ളത്.
ദേശീയപാതാ വികസനം പൂര്‍ത്തിയാക്കാന്‍ കേരളം നീണ്ടകാലം കാത്തിരിക്കേണ്ടിവരുമെന്ന വ്യക്തമായ സൂചനയാണ് പുതിയ വിജ്ഞാപനവും നല്‍കുന്നത്.
ആദ്യവിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ തിരുത്തുമെന്ന പ്രതീക്ഷ മാധ്യമ വാര്‍ത്തകളെ തുടര്‍ന്ന് ഉണ്ടായിരുന്നു. പുതിയ വിജ്ഞാപനം കേരള ജനതയെ കടുത്ത നിരാശയിലാക്കിയിരിക്കുകയാണെന്നും മുഖ്യമന്ത്രി കത്തില്‍ പറയുന്നു.കേരളത്തിലെ എന്‍.എച്ച് 66ന്റെ വികസനം കേന്ദ്രത്തിന്റെ ഭാരത് മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉയര്‍ന്ന പരിഗണനയാണ് നല്‍കിയിരുന്നത്.
എന്‍.എച്ച് 66ല്‍ വരുന്ന എല്ലാ പ്രവൃത്തികളുടെയും വിശദമായ പദ്ധതിരേഖ (ഡി.പി.ആര്‍) തയാറാക്കല്‍ 2016ല്‍ തന്നെ ആരംഭിച്ചിരുന്നു. ഈ പ്രക്രിയ ഇപ്പോള്‍ അവസാനഘട്ടത്തിലാണ്.
ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികളും പൂര്‍ത്തിയായിവരുന്നു. ഈ സാഹചര്യത്തില്‍ വിജ്ഞാപനം തിരുത്താനും സ്ഥലമെടുപ്പ് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും ദേശീയപാതാ അതോറിറ്റിക്ക് നിര്‍ദേശം നല്‍കണമെന്ന് കേന്ദ്രമന്ത്രിയോട് മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."