ബംഗാളില്‍ തകര്‍ക്കപ്പെട്ട പ്രതിമ പുനര്‍നിര്‍മിക്കാമെന്ന് മോദി; അതിനുള്ള പണം കൈയിലുണ്ടെന്ന് മമത
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ കഴിഞ്ഞ ദിവസം ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായുടെ പ്രചാരണറാണ്ടലിക്കിടെ തകര്‍ക്കപ്പെട്ട ബംഗാളി നവോത്ഥാന നായകന്‍ പണ്ഡിറ്റ് ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമയെച്ചൊല്ലി പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി മമതാ ബാനര്‍ജിയും തമ്മില്‍ വാക്‌പോര്. പ്രതിമ കേന്ദ്രസര്‍ക്കാര്‍ നിര്‍മിച്ചു നല്‍കാമെന്ന് നരേന്ദ്രമോദി വാഗ്ദാനം ചെയ്തപ്പോള്‍ അതുവേണ്ടെന്നും പ്രതിമ പുനര്‍നിര്‍മിക്കാനുള്ള പണം ബംഗാള്‍ സര്‍ക്കാരിന്റെ കൈയിലുണ്ടെന്നും മമത തിരിച്ചടിച്ചു. ഉത്തര്‍പ്രദേശിലെ മൗവിലെ ബി.ജെ.പി റാലിയില്‍ സംസാരിക്കവെയാണ് പ്രതിമാനിര്‍മാണത്തെ കുറിച്ച് മോദി പറഞ്ഞത്.
അമിത് ഷായുടെ റോഡ് ഷോയ്ക്കിടെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരിക്കല്‍കൂടെ തെമ്മാടിത്തരം ചെയ്യുന്നത് കാണാനായി. അവരാണ് വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്തത്. വിദ്യാസാഗറിന്റെ വീക്ഷണത്തോട് പ്രതിജ്ഞാബദ്ധതയുള്ളവരാണ് ഞങ്ങള്‍. അദ്ദേഹത്തിന്റെ പ്രതിമ അതേ സ്ഥാനത്ത് പഞ്ചലോഹങ്ങള്‍ കൊണ്ട് തന്നെ സ്ഥാപിക്കും- നരേന്ദ്രമോദി പറഞ്ഞു.
തൊട്ടുപിന്നാലെ മോദിക്ക് മറുപടിയുമായി മമത രംഗത്തെത്തി. ബി.ജെ.പി പ്രവര്‍ത്തകര്‍ തകര്‍ത്ത പ്രതിമ പുനര്‍നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാരിനറിയാം. അതിന് ഞങ്ങള്‍ക്ക് കേന്ദ്രത്തിന്റെ പണം ആവശ്യമില്ല. പ്രതിമ നിര്‍മിക്കുമെന്ന് പ്രഖ്യാപിക്കുന്ന മോദി 200 വര്‍ഷത്തെ സംസ്‌കാരവും ചരിത്രവും തിരിച്ചുതരുമോ?- മമത ചോദിച്ചു. മോദി നാണം കെട്ട പ്രധാനമന്ത്രിയാണെന്നും അമിത് ഷാ ഗുണ്ടയാണെന്നും മമത ആരോപിച്ചു. ബംഗാളിലെ മഥുരാപുരില്‍ തൃണമൂല്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു മമത.
രാജ്യത്തുടനീളമുള്ള പ്രതിമകള്‍ അടിച്ചു തകര്‍ക്കുകയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍. ത്രിപുരയില്‍ ലെനിന്‍ പ്രതിമയും ഗുജറാത്തിലെ അംബേദ്ക്കര്‍ പ്രതിമയും ഇപ്പോള്‍ കൊല്‍ക്കത്തയിലെ വിദ്യാസാഗര്‍ പ്രതിമയും അവര്‍ തകര്‍ത്തിരിക്കുന്നു. വിദ്യാസാഗര്‍ പ്രതിമ തകര്‍ത്തത് തൃണമൂല്‍ പ്രവര്‍ത്തകരാണെന്ന മോദിയുടെ ആരോപണവും മമത തള്ളി. ഇങ്ങനെ കള്ളം പറയാന്‍ നരേന്ദ്രമോദിക്ക് നാണമില്ലേ? പറഞ്ഞ ഓരോ ആരോപണവും തെളിയിക്കണം. ഇല്ലെങ്കില്‍ നിങ്ങളെ ജയിലിലടയ്ക്കാന്‍ ഞങ്ങള്‍ക്കറിയാം. മോദിക്ക് എന്റെ ശക്തിയറിയില്ല. 1,000 ആര്‍.എസ്.എസുകാരും മോദിയും ചേര്‍ന്നാലും എന്നെ നേരിടാനാകില്ല. ഭ്രാന്തനെപ്പോലെയാണ് മോദി സംസാരിക്കുന്നത്. ബംഗാളില്‍ ഇന്ന് ഞാന്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന റാലിയെ നരേന്ദ്രമോദി ഭയക്കുകയാണ്.
സംസ്ഥാനത്തെ പരസ്യപ്രചാരണം ഒരു ദിവസം നേരത്തേ അവസാനിപ്പിച്ച് ഉത്തരവിട്ട തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയെയും മമത വിമര്‍ശിച്ചു. മോദിയുടെ റാലി കഴിഞ്ഞാല്‍ പ്രചാരണം അവസാനിപ്പിച്ചേക്കണമെന്ന് കമ്മിഷന് ആര്‍.എസ്.എസിന്റെ നിര്‍ദേശം ലഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മിഷനും നരേന്ദ്രമോദിയും 'ഭായ് ഭായ്' ആണ്. തെരഞ്ഞെടുപ്പു കമ്മിഷന്‍ ഇപ്പോള്‍ ബി.ജെ.പിയുടെ പോഷകസംഘടനയായി മാറിയിരിക്കുന്നു. കമ്മിഷന്‍ മുന്‍പ് നിഷ്പക്ഷ സ്ഥാപനമായിരുന്നു. എന്നാല്‍ ഇപ്പോള്‍ രാജ്യത്തെ ജനങ്ങളെല്ലാം പറയുന്നു കമ്മിഷനെ മോദി വിലയ്ക്ക് വാങ്ങിയിരിക്കുന്നുവെന്ന്- മമത കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."