തിരുവമ്പാടിയില്‍ മാസ്റ്റര്‍പ്ലാന്‍ തയാറാക്കും; വെള്ളക്കെട്ടിന് പരിഹാരമാകുന്നു
തിരുവമ്പാടി: തിരുവമ്പാടിയെ മുക്കുന്ന വെള്ളക്കെട്ടുകള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ തീവ്രശ്രമം. ജോര്‍ജ് എം. തോമസ്.എം.എല്‍.എയുടെ അധ്യക്ഷതയില്‍ ഇന്നലെ തിരുവമ്പാടി വ്യാപാര ഭവനില്‍ ചേര്‍ന്ന യോഗത്തില്‍ പദ്ധതി തയാറാക്കി. ഇതനുസരിച്ച് ടൗണിലെ ഓടകള്‍ വീതിയും ആഴവും കൂട്ടി പരിഷ്‌കരിക്കും. ഇതിനുള്ള മാസ്റ്റര്‍പ്ലാന്‍ പൊതുമരാമത്ത് വകുപ്പ് അസി. എന്‍ജിനീയറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് തയാറാക്കും.
മാസ്റ്റര്‍പ്ലാന്‍ ഒക്ടോബറില്‍ ജനകീയ ചര്‍ച്ചയ്ക്ക് വിധേയമാക്കിയതിനു ശേഷം ആവശ്യമായ മാറ്റങ്ങള്‍ വരുത്തും. നവംബര്‍ മുതല്‍ തുടര്‍പ്രവര്‍ത്തനം ആരംഭിക്കും. യോഗത്തില്‍ വിവിധകക്ഷി, വകുപ്പ് നേതാക്കള്‍ പങ്കെടുത്തു. പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനത്തിനായി പഞ്ചായത്ത് പ്രസിഡന്റ് പി.ടി അഗസ്റ്റിന്‍ ചെയര്‍മാനായും മുന്‍ പ്രസിഡന്റ് ജോളി ജോസഫ് കണ്‍വീനറുമായി ജനകീയ കമ്മിറ്റി രൂപീകരിച്ചു.
കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും തിരുവമ്പാടി ഒറ്റപ്പെട്ടു പോകുന്നതിനു ഇതോടെ പരിഹാരമാകും. മുക്കത്തുനിന്ന് ഓമശ്ശേരിവഴി തിരുവമ്പാടിയിലേക്കുള്ള പാതയില്‍ വെള്ളം കയറുന്ന തോട്ടത്തില്‍കടവ് ഊര്‍പ്പില്‍ 160 മീറ്റര്‍ നീളത്തില്‍ രണ്ടു മീറ്റര്‍ റോഡ് ഉയര്‍ത്തേണ്ടതുണ്ട്. രണ്ടു കലുങ്കുകളും പണിയണം. ഇതിനു ചുരുങ്ങിയത് രണ്ടടി വീതിയില്‍ ഇരുഭാഗത്തു നിന്നും സ്ഥലം വിട്ടുകിട്ടേണ്ടതുണ്ട്. സ്ഥലം ലഭിച്ചുകഴിഞ്ഞാല്‍ ഉടന്‍തന്നെ നിര്‍മാണപ്രവൃത്തി ആരംഭിക്കും.
തിരുവമ്പാടി-പുല്ലൂരാംപാറ-ആനക്കാംപൊയില്‍-മറിപ്പുഴ റോഡ് സര്‍വേ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. നിര്‍മാണം നടക്കുന്ന മുറക്ക് താഴ്ന്ന സ്ഥലങ്ങളിലെ റോഡുകള്‍ ഉയര്‍ത്തും. തിരുവമ്പാടി പഞ്ചായത്ത് ഓഫിസിനു മുന്‍വശം മുതല്‍ റോഡ് ഉയരുന്നതിനാല്‍ നിലവില്‍ വെള്ളം കയറുന്ന തിരുവമ്പാടി പുന്നക്കല്‍ റോഡിലെ പ്രശ്‌നത്തിന് പരിഹാരമാകും.
യോഗത്തില്‍ ബോസ് ജേക്കബ്, ടോമി കൊന്നക്കല്‍, വി. തോമസ്, ജോയി മ്ലാങ്കുഴി, ഗണേഷ് ബാബു, ബാലകൃഷ്ണന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."