തകര്‍ന്ന കെട്ടിടങ്ങളുടെ വിവരശേഖരണം: വളന്റിയര്‍മാര്‍ക്ക് ഇന്ന് പരിശീലനം
കോഴിക്കോട്: ജില്ലയില്‍ വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന വീടുകളുടെയും കടകളുടെയും ഡിജിറ്റല്‍ വിവരശേഖരണത്തിനായി നടപടി ഊര്‍ജിതമാക്കാന്‍ ജില്ലാ കലക്ടര്‍ യു.വി ജോസിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റ് ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
പൂര്‍ണമായും ഭാഗികമായും തകര്‍ന്ന വീടുകളുടെ കണക്കുകകള്‍ വിവരശേഖരണത്തിനായി സര്‍ക്കാര്‍ പുറത്തിറക്കിയ മൊബൈല്‍ ആപ്പ് വഴിയാണു ശേഖരിക്കുക. ഇതിനായി ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത വളന്റിയേഴ്‌സിന് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കും. ഇന്നു രാവിലെ ടാഗോര്‍ ഹാളിലാണു പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിശീലനത്തിനുശേഷം എന്‍ജിനീയര്‍മാരുടെ നേതൃത്വത്തില്‍ വളന്റിയര്‍മാരെ ഗ്രൂപ്പായി തിരിച്ച് എട്ട്, ഒന്‍പത് തിയതികളിലായി കോര്‍പറേഷന്‍ പരിധിയിലെ വീടുകളുടെ വിവരശേഖരണം നടത്തും.
കലക്ടറേറ്റ് ചേമ്പറില്‍ നടന്ന യോഗത്തില്‍ അസ. കലക്ടര്‍ കെ.എസ് അഞ്ജു, എ.ഡി.എം ടി. ജനില്‍കുമാര്‍, ഡെപ്യൂട്ടി കലക്ടര്‍ (ദുരന്തനിവാരണം) കെ. റംല, വടകര ആര്‍.ഡി.ഒ വി.പി അബ്ദുല്‍ റഹ്മാന്‍ പങ്കെടുത്തു.
കിണര്‍വെള്ളത്തിന്റെ ഗുണനിലവാര പരിശോധന
കോഴിക്കോട്: ഹരിതകേരളം മിഷന്റെയും സംസ്ഥാന മലിനീകരണ ബോര്‍ഡിന്റെയും നേതൃത്വത്തില്‍ പ്രളയബാധിത പ്രദേശങ്ങളില്‍ കിണറുകളിലെ കുടിവെള്ളത്തിന്റെ ഗുണനിലവാര പരിശോധന നടത്തും. ഈ മാസം എട്ട്, ഒന്‍പത് തിയതികളിലാണു പരിശോധന നടക്കുക.
തദ്ദേശ സ്വയംഭരണ വകുപ്പും ഭക്ഷ്യ സുരക്ഷാ കമ്മിഷണറേറ്റും കേരള വാട്ടര്‍ അതോറിറ്റിയും സംരംഭത്തില്‍ പങ്കാളികളാകും. തദ്ദേശ സ്വയംഭരണ മന്ത്രി എ.സി മൊയ്തീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനമനുസരിച്ചാണു കിണര്‍വെള്ള ഗുണനിലവാര പരിശോധന നടത്തുന്നത്.
പ്രളയാനന്തര ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്ലോറിനേഷന്‍ നടത്തിയ കിണറുകളിലെ കുടിവെള്ളമാണു പരിശോധനയ്ക്കു വിധേയമാക്കുന്നത്. ആദ്യ ഘട്ടമായി പൈലറ്റ് അടിസ്ഥാനത്തില്‍ പ്രളയക്കെടുതി നേരിട്ട ആറു ജില്ലകളിലെ ഒരു മുനിസിപ്പാലിറ്റിയുടെയും ഒരു പഞ്ചായത്തിലെയും പരിധിയില്‍ വരുന്ന പ്രദേശങ്ങളിലെ 16,232 കിണറുകളില്‍നിന്നുള്ള വെള്ളമാണു ഗുണനിലവാര പരിശോധനയ്ക്ക് എടുക്കുന്നത്.
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡാണു ജലപരിശോധനയ്ക്കായുള്ള കിറ്റുകള്‍ നല്‍കുന്നത്. തദ്ദേശഭരണ വകുപ്പിനുകീഴിലെ പഞ്ചായത്ത്, മുനിസിപ്പല്‍ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും മേല്‍നോട്ടത്തില്‍ ബന്ധപ്പെട്ട ജില്ലകളിലെ എന്‍.എസ്.എസ് യൂനിറ്റുകളില്‍നിന്നുള്ള വളന്റിയര്‍മാരാണു പരിശോധനയ്‌ക്കെത്തുന്നത്. ഇതിനുമുന്നോടിയായി വളന്റിയര്‍മാര്‍ക്കു പരിശീലനം നല്‍കി. ജനപ്രതിനിധികളും പഞ്ചായത്ത്-നഗരകാര്യം വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഇന്ന് അവലോകന യോഗം ചേര്‍ന്നു മുന്നൊരുക്കങ്ങള്‍ വിലയിരുത്തും.
പരിശോധനാഫലം ഉള്‍പ്പെടെ ശുചീകരിച്ച കിണറിന്റെ വിവരങ്ങള്‍ അതതു സ്ഥലങ്ങളില്‍ പോകുന്ന എന്‍.എസ്.എസ് വളന്റിയര്‍മാര്‍ ഇതിനായി രൂപീകരിച്ച മൊബൈല്‍ ആപ്ലിക്കേഷനില്‍ അപ്‌ലോഡ് ചെയ്യും. മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ വെബ്‌സൈറ്റിലും പരിശോധനാഫലം പ്രസിദ്ധീകരിക്കും. ഇതിനുപുറമേ അതതു പഞ്ചായത്ത് സെക്രട്ടറിമാരെയും കിണറുകളുടെ ഉടമസ്ഥരെയും ഫലം അറിയിക്കും.
ഈ മാസം 10ന് എറണാകുളം ഗസ്റ്റ് ഹൗസില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്റെ അധ്യക്ഷതയില്‍ പരിശോധന വിലയിരുത്തി തുടര്‍പരിശോധന, പ്രളയബാധിത പ്രദേശങ്ങളൊട്ടാകെയുള്ള കിണറുകളിലെ കുടിവെള്ള ഗുണനിലവാര പരിശോധന തുടങ്ങിയ വിഷയങ്ങളില്‍ തീരുമാനമെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."