ലൈഫില്‍ വിദേശ സംഭാവന സ്വീകരിച്ചില്ല സി.ബി.ഐ കേസ് നിലനില്‍ക്കില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: ലൈഫ് മിഷനില്‍ വിദേശ സംഭാവന സ്വീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സി.ബി.ഐ അന്വേഷണവുമായി ബന്ധപ്പെട്ട് നിയമപരമായ പ്രശ്‌നമുണ്ടെന്ന നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കോടതിയുടെ പരിഗണനയിലായതിനാല്‍ കേസിന്റെ മെറിറ്റിലേക്കോ ആ വിഷയത്തിലേക്കോ ഇതില്‍ കൂടുതല്‍ ഇപ്പോള്‍ പോകാനാവില്ല. വിദേശ സംഭാവന നിയന്ത്രണ നിയമം 2010ന്റെ ലംഘനമുണ്ടായെന്ന് സി.ബി.ഐ കൊച്ചി യൂണിറ്റ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് 2020 സെപ്റ്റംബര്‍ 24ന് സമര്‍പ്പിച്ചിട്ടുണ്ട്. വടക്കാഞ്ചേരിയില്‍ യു.എ.ഇ റെഡ് ക്രസന്റിന്റെ സഹായത്തോടെ നിര്‍മിക്കുന്ന 140 ഫ്‌ളാറ്റുകളുടെയും ഒരു ഹെല്‍ത്ത് സെന്ററിന്റെയും നിര്‍മാണ കരാര്‍ യു.എ.ഇ കോണ്‍സല്‍ ജനറലും യൂണിടാക് സാനെ വെഞ്ചേഴ്‌സും തമ്മിലുള്ളതാണ്.
ലൈഫ് മിഷന്‍ ഒരു തുകയും വിദേശ സംഭാവനയായി സ്വീകരിച്ചിട്ടില്ല. കരാര്‍ പ്രകാരം കൈമാറ്റം ചെയ്യപ്പെടുന്ന തുകകളും വിദേശ നിയന്ത്രണ നിയമം 2010ന്റെ പരിധിയില്‍ പെടുന്നില്ല എന്നതാണ് നിയമവൃത്തങ്ങളുടെ അഭിപ്രായം. അതിനാല്‍ സി.ബി.ഐ കൊച്ചി യൂണിറ്റ് മേല്‍പ്പറഞ്ഞ നിയമത്തിന്റെ 35ാം വകുപ്പും 3ാം വകുപ്പും ലംഘിക്കപ്പെട്ടു എന്ന് കാണിച്ച് ലൈഫ് മിഷന്റെ അറിയപ്പെടാത്ത ഉദ്യോഗസ്ഥന്‍ എന്ന് കൂടി ഉള്‍പ്പെടുത്തി യൂണിടാക്, സാനെ വെഞ്ചേഴ്‌സ് എന്നീ സ്ഥാപനങ്ങളെ അടക്കം ചേര്‍ത്ത് ഫയല്‍ ചെയ്ത എഫ്.ഐ.ആര്‍ നിയമപരമായി നിലനില്‍ക്കില്ല എന്ന വാദമുയര്‍ത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ക്രിമിനല്‍ റിവിഷന്‍ ഹരജി സമര്‍പ്പിച്ചത്.
നിയമപരമായി നിലനില്‍ക്കില്ലെന്ന് നിയമോപദേശം ലഭിച്ച ഒരു കാര്യത്തെ കോടതിയില്‍ നിയമപരമായി നേരിടുന്നത് തെറ്റാണെന്നു പറയാനാവില്ല. അതു ഭരണഘടനാപരമായ പരിരക്ഷകള്‍ വിനിയോഗിക്കലാണ്. പ്രഥമദൃഷ്ട്യാ നിലനില്‍ക്കാത്ത കുറ്റം ആരോപിക്കപ്പെടുമ്പോള്‍ അവ ചോദ്യം ചെയ്യപ്പെടേണ്ടത് നമ്മുടെ നിയമവ്യവസ്ഥയും ഭരണവ്യവസ്ഥയും സര്‍ക്കാര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും അനുവദിച്ച അവകാശമാണ്. അവ വിനിയോഗം ചെയ്യുക എന്നത് മാത്രമേ ഇവിടെ നടന്നിട്ടുള്ളൂ. നിയമക്കുരുക്ക് സൃഷ്ടിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്തുന്നവര്‍ തന്നെ സര്‍ക്കാര്‍ നിയമപരിഹാരം തേടുമ്പോള്‍ എതിര്‍പ്പുയര്‍ത്തുന്നത് പരിഹാസ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."