വേനല്‍മഴ കുറഞ്ഞു; ആറ് ജില്ലകളില്‍ 60 ശതമാനത്തിലേറെ കുറവ്
കോഴിക്കോട്: സംസ്ഥാനത്ത് വേനല്‍മഴയില്‍ വലിയതോതില്‍ കുറവ്. മാര്‍ച്ച് ഒന്നു മുതല്‍ ഈ മാസം 15 വരെയുള്ള കണക്കുകള്‍ പ്രകാരം 45 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്.
ഈ കാലയളവില്‍ ലഭിക്കേണ്ട 225.3 മില്ലി മീറ്റര്‍ മഴക്ക് പകരം ലഭിച്ചത് 124.8 മില്ലി മീറ്റര്‍ മഴയാണ്. വയനാട്, പത്തനംതിട്ട ജില്ലകളിലൊഴികെ മറ്റു ജില്ലകളില്‍ സംസ്ഥാന ശരാശരിയേക്കാള്‍ താഴ്ന്ന നിരക്കിലുള്ള മഴ രേഖപ്പെടുത്തി. വയനാട്ടില്‍ 18 ഉം പത്തനംതിട്ടയില്‍ ഒരു ശതമാനവും ശരാശരിയേക്കാള്‍ കൂടുതല്‍ മഴ രേഖപ്പെടുത്തി.
ആലപ്പുഴ (69), കാസര്‍കോട് (66), കോഴിക്കോട് (66), കോട്ടയം (64), കണ്ണൂര്‍ (61), തിരുവനന്തപുരം (60) ജില്ലകളില്‍ ആണ് 60 ശതമാനത്തിന് മുകളില്‍ മഴക്കുറവ് രേഖപ്പെടുത്തിയത്.
എറണാകുളത്ത് 39 ഉം ഇടുക്കിയില്‍ 52 ഉം കൊല്ലത്ത് 54 ഉം മലപ്പുറത്ത് 57 ഉം പാലക്കാട് 46 ഉം തൃശൂരില്‍ 44 ഉം ശതമാനം മഴക്കുറവുണ്ട്. മാര്‍ച്ച് മുതല്‍ മെയ് 31 വരെ ലഭിക്കുന്ന മഴയാണ് വേനല്‍മഴയായി കണക്കാക്കുന്നത്.
ഈ കാലയളവില്‍ 379.9 മില്ലി മീറ്റര്‍ മഴയാണ് ലഭിക്കേണ്ടത്. ഇതില്‍ 239.8 മില്ലി മീറ്റര്‍ മഴയും മെയ് മാസത്തിലാണ് ലഭിക്കാറുള്ളത്. എന്നാല്‍ മെയ് ഒന്നുതല് 15 വരെയുള്ള കാലയളവില്‍ ലഭിച്ചത് 16.3 മില്ലി മീറ്റര്‍ മഴയാണ്. ഈ കാലയളവില്‍ ലഭിക്കേണ്ടിയിരുന്നത് 85.4 മില്ലി മീറ്റര്‍ മഴയായിരുന്നു. കഴിഞ്ഞ വര്‍ഷം 37 ശതമാനം കൂടുതല്‍ വേനല്‍മഴ ലഭിച്ചിരുന്നു. 521.8 മില്ലി മീറ്ററാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയ വേനല്‍മഴ.
ഇത്തവണ കാലവര്‍ഷം എത്താന്‍ ഒരാഴ്ചയെങ്കിലും വൈകുമെന്നിരിക്കെ മഴക്കുറവ് ജലക്ഷാമത്തിന് ഇടയാക്കിയേക്കും. അതിനിടെ ഈ മാസം അവസാനവാരത്തോടെ മഴ ലഭിക്കുമെന്ന പ്രതീക്ഷയാണ് കാലാവസ്ഥാ നിരീക്ഷകര്‍ പങ്കുവയ്ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."