തരുവണ കൂവണക്കുന്ന് നിവാസികള്‍ക്ക് താല്‍ക്കാലിക ഷെല്‍ട്ടറൊരുങ്ങി
തരുവണ: ജില്ലയിലാദ്യമായി 10ഓളം ആദിവാസി കുടുംബങ്ങള്‍ക്ക് താമസിക്കാനായി ട്രൈബല്‍ വകുപ്പ് താല്‍ക്കാലിക ഷെല്‍ട്ടര്‍ നിര്‍മിച്ചു നല്‍കി. തരുവണ നടക്കല്‍ കൂവണക്കുന്ന് കോളനി നിവാസികള്‍ക്കാണ് ദുരിതാശ്വാസ ക്യാംപില്‍ നിന്നും തിരിച്ചെത്തിയപ്പോള്‍ താമസിക്കാര്‍ ഇരുമ്പ് ഷീറ്റ് ഷെല്‍ട്ടര്‍ ഒരുക്കിയത്.
വീടുകള്‍ അപകടാവസ്ഥയാലായി ദുരിതത്തിലായ കോളനി നിവാസികളെ കുറിച്ച് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇതേതുടര്‍ന്നാണ് കോളനിയിലേക്കുള്ള കോണ്‍ക്രീറ്റ് പാതയില്‍ മൂന്ന് ലക്ഷം രൂപ ചിലവഴിച്ച് താല്‍ക്കാലിക ഇരുമ്പ് ഷീറ്റ് ഷെഡ്ഡ് പണിതത്.
കോളനിയിലെ പത്തിലധികം കുടുംബങ്ങള്‍ കഴിഞ്ഞിരുന്നത് ഏത് സമയവും വീഴാറായ മൂന്ന് പ്ലാസ്റ്റിക് കൂരകള്‍ക്കുള്ളിലായിരുന്നു. ഒരു വീടിന്റെ ചുമര്‍ ഇടിഞ്ഞു വീഴുകയും ചെയ്തതോടെയാണ് കോളനി നിവാസികള്‍ ഭീതിയിലായത്.
കോളനിയുടെ ദുരിതാവസ്ഥ വാര്‍ത്തയായതിനെ തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ മുന്‍കൈയ്യെടുത്ത് കോളനി നിവാസികളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിത്താമസിപ്പിച്ചിരുന്നു.
പിന്നീട് അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ക്യാംപുകളില്‍ നിന്നും മടങ്ങുന്ന കുടുംബങ്ങളെ താമസിപ്പിക്കാന്‍ താല്‍ക്കാലിക പാര്‍പ്പിടമൊരുക്കുകയായിരുന്നു.
അഞ്ച് താമസ മുറികളും രണ്ട് അടുക്കളയും ചേര്‍ന്നതാണ് താല്‍ക്കാലിക പാര്‍പ്പിടം. മൂന്നുലക്ഷം രൂപയാണ് ഹാബിറ്റാറ്റ് നിര്‍മിച്ച ഈ ഷെല്‍ട്ടറിനായി ട്രൈബല്‍ വകുപ്പ് ചിലവഴിച്ചത്.
ജില്ലയിലാദ്യമായാണ് ഇത്തരത്തില്‍ ആദിവാസികള്‍ക്കായി ഷെല്‍ട്ടര്‍ നിര്‍മിക്കുന്നത്. ഹാംലെറ്റ് പദ്ധതിയിലുള്‍പ്പെടുത്തി കോളനിയില്‍ ഒരു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രൊജക്ട് തയ്യാറാക്കി നല്‍കിയിട്ടുണ്ട്. പ്രൊജക്ടില്‍ വീടുകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യമൊരുക്കുന്നതിനാണ് മുന്‍ഗണന നല്‍കിയിരിക്കുന്നത്.
ഇതിന് പുറമെ കോളനിയോട് ചേര്‍ന്ന് ഭൂമി വിലക്കെടുക്കുന്ന നടപടികളും അന്തിമ ഘട്ടത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."