ഫിഫ അണ്ടര്‍ 17ലോകകപ്പ്: കൊച്ചിയിലെ ഒരുക്കങ്ങള്‍ 15നകം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി
കൊച്ചി: ഫിഫ അണ്ടര്‍ 17ലോകകപ്പിന്റെ വേദിയായ കൊച്ചിയിലെ ഒരുക്കങ്ങള്‍ 15നുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് കായികമന്ത്രി എ.സി മൊയ്തീന്‍. ഇതില്‍ ആശങ്കയുടെ ആവശ്യമില്ല. കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിന്റെയും പരിശീലന മൈതാനങ്ങളുടെയും നവീകരണ ജോലികളുടെ പുരോഗതി വിലയിരുത്തിയതിനു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മെയ് 15 നുള്ളില്‍ തീര്‍ക്കേണ്ട പ്രധാനപ്പെട്ട ജോലികള്‍ തീര്‍ക്കുക തന്നെ ചെയ്യും. ബാക്കി ജോലികള്‍ 30 നുള്ളില്‍ തീര്‍ക്കും. എല്ലാം നല്ല പുരോഗതിയിലാണ് നീങ്ങുന്നതെന്നും മന്ത്രി പറഞ്ഞു. പരിശീലന മൈതാനങ്ങളിലടക്കം പുല്ലുപിടിപ്പിക്കുന്ന ജോലികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. ഡ്രൈനേജുമായി ബന്ധപ്പെട്ട ജോലികള്‍ 15 നുള്ളില്‍ തീര്‍ക്കും. ശുചിമുറികളുടെ നിര്‍മാണവും നവീകരണവും പുരോഗമിക്കുകയാണ്.
ഇതു കൂടാതെ സ്റ്റേഡിയത്തിലെ മുറികള്‍ക്ക് മറ്റു ചില നവീകരണ ജോലികള്‍ നടത്തണമെന്ന് ഫിഫ ഇപ്പോള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വൈകിയാണ് ആവശ്യപ്പെട്ടതെങ്കിലും അതും സമയത്തിനുള്ളില്‍ തന്നെ തീര്‍ക്കുമെന്നും മന്ത്രി പറഞ്ഞു. ശീതീകരണ സംവിധാനത്തിന്റെ ജോലികള്‍ നല്ല പുരോഗതിയിലാണ് നീങ്ങുന്നത്.
സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ ജോലികളും മെയ് 15 നുള്ളില്‍ തന്നെ പൂര്‍ത്തിയാക്കും. അഗ്നി സുരക്ഷാ സംവിധാന ജോലികളും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ പൂര്‍ത്തീകരണം സംബന്ധിച്ചാണ് ആദ്യഘട്ടത്തില്‍ ആക്ഷേപം ഉണ്ടായിരുന്നത്.
നിലവില്‍ മത്സരം നടക്കുന്ന സ്റ്റേഡിയത്തില്‍ 6,500 കസേരകള്‍ സ്ഥാപിച്ചു കഴിഞ്ഞു. ആകെ 11,500 കസേരകളാണ് സ്ഥാപിക്കാനുള്ളത്. ഇത് നാലു ദിവസത്തിനുളളില്‍ തന്നെ പൂര്‍ത്തിയാക്കാന്‍ കഴിയും.
ടൂര്‍ണമെന്റ് നോഡല്‍ ഓഫിസര്‍, കലക്ടര്‍, ജി.സി.ഡി.എ ചെയര്‍മാന്‍ എന്നിവരുടെ നേതൃത്വത്തില്‍ എല്ലാ ദിവസവും നിര്‍മാണ ജോലികളുടെ പുരോഗതി സംബന്ധിച്ച് വിലയിരുത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. പരിശീലന വേദികളിലൊന്നായ മഹാരാജാസ് കോളജ് മൈതാനത്തിലെ നവീകരണ ജോലികള്‍ പുരോഗമിക്കുകയാണ്. അവിടെ ഫ്‌ളഡ് ലിറ്റ് സ്ഥാപിക്കാനുണ്ട് അതിനുള്ള സാമഗ്രികള്‍ എത്തിക്കഴിഞ്ഞു. ഉടന്‍ പൂര്‍ത്തിയാക്കും.
പനമ്പിള്ളി നഗറിലെ മൈതാനത്തില്‍ ഫെന്‍സിങ് ജോലികളാണ് പൂര്‍ത്തീകരിക്കാനുള്ളത്. ഫോര്‍ട്ട് കൊച്ചി വെളി മൈതാനത്തില്‍ ലൈറ്റിന്റെ ജോലികളും തീര്‍ക്കാനുണ്ട്. പരേഡ് മൈതാനം പുരാവസ്തു വകുപ്പുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍ അവിടെ സ്ഥിരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയില്ല.
ശുചിമുറികള്‍ അടക്കം താല്‍ക്കാലിക സംവിധാനങ്ങള്‍ മാത്രമെ ഇവിടെ സാധ്യമാകുകയുള്ളൂ. ഇത് ഫിഫ അധികൃതര്‍ സമ്മതിച്ചിട്ടുളളതാണെന്നും മന്ത്രി പറഞ്ഞു. ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായി കൊച്ചി നഗരമാകെ സൗന്ദര്യവല്‍ക്കരിക്കണമെന്ന നിര്‍ദേശം വന്നിട്ടുണ്ട്. കലക്ടറോട് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് തയാറാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൊച്ചി കോര്‍പറേഷന്റെ പിന്തുണയും ഇതിന് അനിവാര്യമാണ്.
ഫിഫ നിര്‍ദേശിക്കുന്ന ദിവസം കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ കൂടി സൗകര്യം കണക്കിലെടുത്ത് മത്സരത്തിന്റെ സംഘാടക സമിതി യോഗം ചേരും. 30 ന് യോഗം ചേരാനാണ് ധാരണയില്‍ എത്തിയിരിക്കുന്നത്. നിലവില്‍ ലഭിച്ചിരിക്കുന്നത് കൂടാതെ കൂടുതല്‍ മത്സരങ്ങള്‍ കൊച്ചിക്ക് ലഭിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. ഇക്കാര്യം മുഖ്യമന്ത്രി കേന്ദ്രമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുന്നോട്ടു വച്ചിരുന്നു. വിഷയത്തില്‍ ഫിഫയുമായി സംസാരിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നല്‍കിയതായും മന്ത്രി പറഞ്ഞു.
തലശേരി ബ്രണ്ണന്‍ കോളജില്‍ സിന്തറ്റിക് ട്രാക്ക് സ്ഥാപിക്കാനുള്ള സഹായവും കേന്ദ്രം വാഗ്ദാനം ചെയ്തിട്ടുണ്ട്. സ്ഥലം നല്‍കിയാല്‍ സ്‌പോര്‍ട്‌സ് യൂനിവേഴ്‌സിറ്റി അനുവദിക്കാമെന്നും കേന്ദ്രമന്ത്രി പറഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥലം കണ്ടെത്താനുള്ള നടപടികള്‍ നടന്നുവരികയാണെന്നും മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. ടൂര്‍ണമെന്റ് നോഡല്‍ ഓഫിസര്‍ എ.പി മുഹമ്മദ് ഹനീഷ്, ജി.സി.ഡി.എ ചെയര്‍മാന്‍ സി.എന്‍ മോഹനന്‍, ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള, കെ.എഫ്.എ പ്രസിഡന്റ് കെ.എം.ഐ മേത്തര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."