HOME
DETAILS
MAL
സാലറി കട്ടില്‍നിന്ന് സര്‍ക്കാര്‍ പിന്മാറുന്നു
backup
October 06 2020 | 04:10 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം കൂടി പിടിക്കാനുള്ള തീരുമാനത്തില്‍ നിന്നു സര്‍ക്കാര്‍ പിന്മാറുന്നു.
ഭരണപക്ഷ സര്‍വിസ് സംഘടനകളില്‍ നിന്നടക്കം എതിര്‍പ്പുയര്‍ന്ന സാഹചര്യത്തില്‍ സി.പി.എം നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് ശമ്പളം പിടിക്കുന്നതില്‍ നിന്നു സര്‍ക്കാര്‍ പിന്മാറുന്നത്.
ഗുരുതര ധനപ്രതിസന്ധിയിലേക്ക് സംസ്ഥാനം നീങ്ങിയാല്‍ മാത്രം ശമ്പളം പിടിക്കുന്നത് ആലോചിച്ചാല്‍ മതിയെന്ന തീരുമാനത്തിലാണ് സര്‍ക്കാര്‍.
ശമ്പളം പിടിക്കുന്നതിന് നേരത്തെ ഇറക്കിയ ഓര്‍ഡിനന്‍സ് പുതുക്കിയത് ഇതിനുവേണ്ടിയാണ്.
അഞ്ചു ദിവസത്തെ ശമ്പളം വീതം ആറുമാസം പിടിച്ച് ട്രഷറിയില്‍ നിക്ഷേപിക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. ഇതിന് ഒന്‍പതു ശതമാനം പലിശയും വാഗ്ദാനം ചെയ്തു. ഒരുമാസത്തെ ശമ്പളം ട്രഷറിയില്‍ നിക്ഷേപിച്ചാല്‍ നേരത്തെ പിടിച്ച ശമ്പളം ധനകാര്യസ്ഥാപനങ്ങള്‍ വഴി തിരികെ നല്‍കാമെന്ന വാഗ്ദാനത്തോടും സര്‍വിസ് സംഘടനകള്‍ താല്പര്യം കാണിച്ചിരുന്നില്ല.
ശമ്പളം പിടിക്കുന്നതുമായി ബന്ധപ്പെട്ട് മൂന്ന് നിര്‍ദേശങ്ങള്‍ ധനമന്ത്രി സര്‍വിസ് സംഘടനകള്‍ക്കു മുന്നില്‍വച്ചിരുന്നു. ഇത് ചര്‍ച്ച ചെയ്ത് സംഘടനകള്‍ ധനമന്ത്രിയെ നിലപാട് അറിയിക്കുകയും ചെയ്തു.
സി.പി.എം അനുകൂല സര്‍വിസ് സംഘടനയായ എന്‍.ജി.ഒ യൂണിയനും ശമ്പളം പിടിക്കുന്നത് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് ധനമന്ത്രി തോമസ് ഐസക്കിന് നിവേദനം നല്‍കിയിരുന്നു. സാലറി കട്ട് തുടര്‍ന്നാല്‍ പണിമുടക്ക് ആരംഭിക്കാന്‍ പ്രതിപക്ഷ സര്‍വിസ് സംഘടനകളുടെ നീക്കമുണ്ടായിരുന്നു. സര്‍വിസ് സംഘടനകളുമായി വീണ്ടും ചര്‍ച്ച നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല.
ശമ്പളം പിടിക്കാനുള്ള നിര്‍ദേശത്തില്‍ തല്ക്കാലം തുടര്‍നടപടിയെടുക്കേണ്ട എന്നതാണ് രാഷ്ട്രീയ തീരുമാനം.
തെരഞ്ഞെടുപ്പുകള്‍ അടുത്ത സാഹചര്യത്തില്‍ ജീവനക്കാരെ എതിരാക്കുന്നത് തിരിച്ചടിയാകുമെന്ന് സി.പി.എം വിലയിരുത്തിയിരുന്നു.
ഇതുവരെ പിടിച്ച ഒരു മാസത്തെ ശമ്പളം ഏപ്രിലില്‍ പി.എഫില്‍ ലയിപ്പിക്കാനാണ് സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."