ഡല്‍ഹിയിലെ തിരക്കേറിയ റോഡില്‍ ഗുണ്ടാകുടിപ്പക; വെടിവെപ്പില്‍ രണ്ടുമരണം
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനനഗരിയിലെ തിരക്കേറിയ റോഡില്‍ ഗുണ്ടകളുടെ കുടിപ്പക. ഗുണ്ടകള്‍ തമ്മില്‍ നടത്തിയ ആക്രമണത്തിലും വെടിവയ്പിലും രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച വൈകുന്നേരം ദ്വാരക മെട്രോസ്‌റ്റേഷനടുത്തുളള നജഫ്ഗഡ് റോഡിലാണ് സംഭവം. കൊല്ലപ്പെട്ട രണ്ടുപേരും വിവിധ ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. ഒരാള്‍ ഗുണ്ടാ ആക്രമണത്തിലും മറ്റൊരാള്‍ പൊലിസ് വെടിവയ്പിലുമാണ് മരിച്ചത്. ജയിലിലുളള ഗുണ്ടാനേതാവ് മന്‍ജീത്ത് മഹലിന്റെ കൂട്ടാളികളായിരുന്ന പര്‍വീണ്‍ ഗെലോട്ടും വികാസ് ദലാലുമാണ് മരിച്ചതെന്ന് പൊലിസ് പറഞ്ഞു.
ഹരിയാനയിലെ വസ്ഥുവില്‍പ്പന സംബന്ധിച്ചുളള തര്‍ക്കമാണ് സംഭവത്തിനു പിന്നിലെന്നാണ് സൂചന. ഒക്ടോബറില്‍ പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട വികാസിനെതിരെ 36 കേസുകള്‍ നിലവിലുണ്ട്. ഈയടുത്ത് പുറത്തിറങ്ങിയ ഗെലോട്ടിനെതിരെ ആറു ക്രിമിനല്‍ കേസുകളുമുണ്ട്. ഗോവയില്‍ തന്റെ പെണ്‍ സുഹൃത്തിനൊപ്പമുണ്ടായിരുന്ന വികാസ്, ഗെലോട്ടിനെ കൊല്ലാനാണ് ഡല്‍ഹിയിലെത്തിയതെന്ന് പോലീസ് പറഞ്ഞു. നജഫ്ഗഡ് റോഡില്‍ തനിച്ച് യാത്ര ചെയ്യുകയായിരുന്ന ഗെലോട്ടിനെ സ്വിഫ്റ്റ് ഡിസയറിലും ബൈക്കിലുമായെത്തിയ അക്രമി സംഘം പിന്തുടരുകയായിരുന്നു.
ബൈക്കില്‍ ഹെല്‍മെറ്റ് ധരിച്ചവരടക്കം മൂന്നുപേരും കാറിലേക്ക് വെടിവെക്കുന്നതായും മിനി ട്രക്കുകളും ബസ്സുകളും ഇവര്‍ക്ക് പിന്നിലായി നിര്‍ത്തിയിട്ടതായും സംഭവത്തിന്റെ വീഡിയോ ദൃഷ്യങ്ങളില്‍ കാണാം. മറ്റൊരു വീഡിയോയില്‍ ധാരാളം ആളുകള്‍ പരിഭ്രാന്തരായി മെട്രോയുടെ തൂണുകള്‍ക്കിടയിലൂടെ സംഭവം വീക്ഷിക്കുന്നതും ചിലര്‍ മൊബൈലില്‍ രംഗം പകര്‍ത്തുന്നതും കാണാം.
കാര്‍ സീറ്റിലുണ്ടായിരുന്ന പര്‍വീണ്‍ ഗെലോട്ടിന്റെ നേരെ 20ഓളം തവണയാണ് വെടിവയ്പുണ്ടായത്. ഇതില്‍ പത്തുബുള്ളറ്റുകളാണ് ഇയാളുടെ മേല്‍ തറച്ചുകയറിയത്. രോഹിണി സെക്റ്ററില്‍ ഒരാളെ ഗുണ്ടകള്‍ വെടിവെച്ച് കൊലപ്പെടുത്തി രണ്ടുദിവസത്തിന് ശേഷമാണ് രാജ്യതലസ്ഥാനനഗരിയില്‍ ഗണ്ടാവിളയാട്ടം ഉണ്ടായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."