കുരുക്കഴിയാതെ നഗരഹൃദയം
കാസര്‍കോട്: ജില്ലയുടെ വികസനത്തിന് എന്നും തലവേദനയായ നഗരത്തിലെ ഗതാഗതക്കുരുക്ക് എന്നു തീരുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. പരിഷ്‌കാരങ്ങള്‍ പലതും നടപ്പാക്കിയിട്ടും ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നായ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ വര്‍ഷങ്ങള്‍ പഴക്കമുള്ള ഗതാഗതക്കുരുക്ക് മുറുകുന്നതല്ലാതെ അഴിയുന്നില്ല.
ജില്ലയിലെ ഗതാഗത പ്രശ്‌നങ്ങളെ സംബന്ധിച്ച് പഠിച്ച് പരിഹാരമെടുക്കുന്നതിനായി ജില്ലാ കലക്ടര്‍ കെ. ജീവന്‍ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം നേരിട്ട് പരിശോധന നടത്തി ചില മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും പലതും വാഗ്ദാനങ്ങളായി മാത്രം നിലനില്‍ക്കുകയാണ്.
പേ പാര്‍ക്കിങ് സംവിധാനം ഉള്‍പ്പടെയുള്ള ബദല്‍ നിര്‍ദേശങ്ങളും തെരുവ് കച്ചവടക്കാരുടെ പുനരധിവാസവും ഇനിയും പൂര്‍ത്തിയായിട്ടില്ല. കാസര്‍കോട്-മംഗളൂരു ദേശീയ പാതയില്‍ ആവശ്യത്തിനു ട്രാഫിക് സിഗ്നല്‍ സംവിധാനങ്ങളില്ലാത്തതും ഗതാഗതക്കുരുക്ക് മുറുകാന്‍ കാരണമാവുന്നു. പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും വിവിധ ഭാഗങ്ങളിലേക്ക് പോകാനായി ബസുകള്‍ പുറത്ത് കടക്കുന്ന ജങ്ഷനില്‍ അനുഭവപ്പെടുന്ന തിരക്ക് നിയന്ത്രിക്കാന്‍ സിഗ്നല്‍ സംവിധാനമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്.
സിഗ്നല്‍ പോയിട്ട് ഇവിടത്തെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാന്‍ ഒരു ട്രാഫിക് പൊലിസും പോലുമില്ല. മിനുറ്റുകള്‍ക്കുള്ളില്‍ വിദ്യാഗര്‍, കാഞ്ഞങ്ങാട്, മംഗളൂരു, റെയില്‍വേ സ്‌റ്റേഷന്‍, മധൂര്‍, ബദിയടുക്ക എന്നീ ഭാഗങ്ങളിലേക്ക് പോവേണ്ട ബസുകളും ദേശീയ പാതയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളും തമ്മില്‍ മത്സരമാണ് പ്രധാനമായും ഇവിടെ ഗതാഗതക്കുരുക്കിന് കാരണമാവുന്നത്.
ബസ് സ്റ്റാന്‍ഡില്‍ നിന്നു വരുന്ന ബസുകള്‍ തന്നെ റോഡിന്റെ ഇരുവശങ്ങളിലേക്കും പോകേണ്ട രണ്ടും മൂന്നും ബസുകളാണ് ഒരേ സമയം റോഡിലേക്ക് കടക്കുന്നത്. ഇതുമുലം രണ്ടു ഭാഗത്തു നിന്നും വരുന്ന മറ്റു വാഹനങ്ങള്‍ ബസുകള്‍ കടന്നു പോകുന്നത് വരെ കാത്തു നില്‍ക്കേണ്ടി വരുന്നു. കൂടാതെ ഈ ഭാഗത്ത് കാല്‍നട യാത്രക്കാര്‍ക്ക് റോഡിനു ഇരു വശവും കടക്കാന്‍ സീബ്രാലൈന്‍ അടക്കമുള്ള സുരക്ഷാ സംവിധാനമില്ലത്തതും ജനങ്ങളെ ദുരിതത്തിലാക്കുന്നു. ബസുകളെയും ദേശീയപാതയിലെ വാഹനങ്ങളെയും നിയന്ത്രിക്കാനുള്ള സ്ഥിരം സംവിധാനം ഇവിടെ ഒരുക്കുകയാണെങ്കില്‍ കാല്‍നടയാത്രക്കാര്‍ക്കും വാഹന യാത്രക്കാര്‍ക്കും ഒരു പോലെ ഗുണകരമാവും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."